Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജില്ലാതല വായനാ പരിപാടികള്‍ക്ക് നാളെ തുടക്കമാവും
18/06/2018

വൈക്കം: വായനാദിനമായി ആചരിക്കുന്ന പി.എന്‍ പണിക്കര്‍ സ്മൃതിദിനമായ നാളെ ഒരു മാസം നീണ്ടുനില്‍ക്കുന്ന ജില്ലാതല വായനാ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. കഴിഞ്ഞ 22 വര്‍ഷമായി കേരളത്തില്‍ മാത്രം ആചരിച്ചിരുന്ന വായനാ ദിനവും വായനാ മാസാചരണവും ഈ വര്‍ഷം മുതല്‍ ദേശീയതലത്തില്‍ ആചരിക്കും. ദേശീയ വായനാ മിഷന്റെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വായനാ മാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മണിപ്പുഴ ബെല്‍ മൗണ്ട് സീനിയര്‍ സെക്കന്ററി സ്‌കൂളില്‍ സാഹിത്യകാരന്‍ ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ നിര്‍വഹിക്കും. ചടങ്ങില്‍ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ഡി.വിശ്വംഭരന്‍ നായരെ ഗുരുശ്രേഷ്ഠ ബഹുമതി നല്‍കി ആദരിക്കും.
ഉച്ചകഴിഞ്ഞ് രണ്ടിന് വൈക്കം ശ്രീ മഹാദേവ കോളേജില്‍ നടക്കുന്ന ജില്ലാതല പ്രതിഭാ പുരസ്‌കാര ചടങ്ങിന്റെ ഉദ്ഘാടനം നാടകാചാര്യന്‍ ജോണ്‍ ടി.വേക്കന്‍ നിര്‍വഹിക്കും. എഴുത്തിന്റെയും വായനയുടെയും ലോകത്തെ വേറിട്ട വ്യക്തിത്വം സുഭാഷ് ചേര്‍ത്തലയ്ക്ക് കവിശ്രേഷ്ഠ പുരസ്‌കാരം സമര്‍പ്പിക്കും. പി.ജി.എം നായര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ടി.ആര്‍.എസ് മേനോന്‍ പുരസ്‌കാര സമര്‍പ്പണവും അനുസ്മരണവും നടത്തും. മോഹന്‍ദാസ് വെച്ചൂര്‍, ബി.മായ, പ്രൊഫ. ലീനാ നായര്‍, ഹരി വര്‍മ, പി.എന്‍ കലേഷ്, ബിച്ചു എസ്.നായര്‍, ഹരികുമാര്‍, ശോണിമ എന്നിവര്‍ പ്രസംഗിക്കും.
വായനാ മത്സരം, പ്രബന്ധ മത്സരം, സാഹിത്യ നിരൂപണം, ചിത്രരചന, ചര്‍ച്ചകള്‍, സിംപോസിയം തുടങ്ങി നിരവധി പരിപാടികളാണ് ജില്ലയിലുടനീളം ഒരുമാസക്കാലം സംഘടിപ്പിച്ചിട്ടുള്ളത്. ജുലൈ ഏഴിന് ജില്ലാതല വായനക്വിസ് നടക്കും. വിദ്യാലയങ്ങള്‍, ലൈബ്രറികള്‍, തൊഴില്‍ശാലകള്‍, സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകള്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലായിട്ടാണ് പരിപാടികള്‍ നടത്തുന്നത്. ദേശീയ വായനാ മിഷന്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവക്ക് പുറമേ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ലൈബ്രറി കൗണ്‍സില്‍, ജില്ലാ ഭരണകൂടം, സാക്ഷരതാ മിഷന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ആഭിമുഖ്യത്തിലും പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.