Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരത്തിലൂടെ ഒഴുകുന്ന ഓടകളെല്ലാം മാലിന്യം നിറഞ്ഞ് ദുര്‍ഗന്ധം പരത്തുന്നു.
16/06/2018
വൈപ്പിന്‍പടിക്കുസമീപം ഓടയില്‍ നിന്ന് മാലിന്യം റോഡില്‍ കോരിവെച്ച നിലയില്‍.

വൈക്കം: നഗരത്തിലൂടെ ഒഴുകുന്ന ഓടകളെല്ലാം മാലിന്യം നിറഞ്ഞ് ദുര്‍ഗന്ധം പരത്തുന്നു. ജീവനക്കാര്‍ ഓടകള്‍ വൃത്തിയാക്കുന്നുണ്ടെങ്കിലും പണികള്‍ വഴിപാടാവുകയാണ്. ഓടയില്‍ നിന്നും കോരി കരയ്ക്കുവെക്കുന്ന മാലിന്യങ്ങള്‍ ഇവിടെനിന്നും നീക്കം ചെയ്യുന്നില്ല. മഴ കനക്കുമ്പോള്‍ കോരി വെക്കുന്ന മാലിന്യങ്ങള്‍ വീണ്ടും ഓടയിലേക്കുതന്നെ പതിക്കുന്നു. വൈപ്പിന്‍പടി ഭാഗത്ത് പ്രധാനറോഡിന്റെ ഇരുവശങ്ങളിലുമുള്ള ഓടകള്‍ ചീഞ്ഞുനാറുകയാണ്. ഓടകള്‍ പുല്ലുനിറഞ്ഞ് കാടുപിടിച്ചുകിടക്കുന്നു. നഗരത്തിന്റെ ഹൃദയഭാഗത്തെ റോഡിന്റെ ഇരുവശത്തുള്ള ഓടകളുടെ അവസ്ഥയ തീര്‍ത്തും ദയനീയമാണ്. പടിഞ്ഞാറെനടയില്‍ നിന്നും ഒഴുകിയെത്തുന്ന ഓട ബോട്ട്‌ജെട്ടിയുടെ ഭാഗത്ത് തടസ്സപ്പെട്ടു നില്‍ക്കുകയാണ്. മലിനജലം ഇവിടെ കെട്ടികിടക്കുന്നുണ്ട്. ചില സമയങ്ങളില്‍ ഓടകളില്‍ നിന്നും ഉയരുന്ന ദുര്‍ഗന്ധം വലിയ വിഷമതകളാണ് ഉണ്ടാക്കുന്നത്. നഗരത്തിലെ ഓടകള്‍ ജീവനക്കാര്‍ വൃത്തിയാക്കിയപ്പോള്‍ ഞെട്ടിപ്പിക്കുന്ന ചില കണ്ടെത്തലും ഉണ്ടായിരുന്നു. നഗരത്തിലുള്ള ചില വ്യാപാരസ്ഥാപനങ്ങളുടെ കക്കൂസ് മാലിന്യങ്ങളെല്ലാം പതിക്കുന്നതും ഓടയിലേക്കാണ്. നഗരസഭയിലെ ആരോഗ്യവകുപ്പ് ഇതിനെതിരെ കര്‍ക്കശ നടപടികളുമായി രംഗത്തുവന്നെങ്കിലും പിന്നീട് ഇത് കെട്ടടങ്ങി. മഴയുടെ ആരംഭത്തില്‍ തന്നെ ഓടകള്‍ വെള്ളക്കെട്ടിലായിരിക്കുകയാണ്. കാലവര്‍ഷം കനക്കുമ്പോള്‍ കാര്യങ്ങള്‍ പിടിവിടും. ഇതുപലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെയുള്ളവ പടര്‍ന്നു പിടിക്കുന്നതിനും വഴിതെളിച്ചേക്കും. അതുപോലെ നഗരത്തിന്റെ ചില പ്രദേശങ്ങളില്‍ ഓടകള്‍ക്ക് 'മൂടി' വെക്കുന്ന പണികളും നടക്കുന്നുണ്ട്. മഴക്കാലം ആരംഭിക്കുന്നതുവരെ ഉത്തരവാദിത്തപ്പെട്ടവര്‍ എവിടെയായിരുന്നെന്ന ചോദ്യം പലകോണുകളില്‍ നിന്നും ഉയരുന്നുണ്ട്. എന്നാല്‍ പണികളെല്ലാം കരാറുകാര്‍ക്കുമാത്രം ഗുണപ്പെടുമ്പോള്‍ ഇവിടെയെല്ലാം കാഴ്ചക്കാരായി നില്‍ക്കാനേ സാധാരണക്കാരായ ജനങ്ങള്‍ക്കു സാധിക്കുന്നുള്ളൂ. മഹാദേവ ക്ഷേത്രത്തിന്റെ പരിസരത്തുപോലും ഓടയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നില്ല. ക്ഷേത്രമതിലിനോടു ചേര്‍ത്ത് ഓടയിലെ മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത് വിശ്വാസികള്‍ക്കിടയില്‍ വലിയ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്. പ്രശ്‌നങ്ങള്‍ ഇത്രയധികം അതിരുവിട്ടിട്ടും ദീര്‍ഘവീക്ഷണത്തോടെയുള്ള ഒരു പരിഹാരമാര്‍ഗവും നഗരസഭയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. മാലിന്യങ്ങള്‍ തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നു കാണിച്ചും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നു പറഞ്ഞും എല്ലാം നാടിന്റെ മിക്ക പ്രദേശങ്ങളിലും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിനെയെല്ലാം നോക്കുകുത്തിയാക്കിക്കൊണ്ട് വീണ്ടും മാലിന്യങ്ങള്‍ തള്ളപ്പെടുന്നു. എസ്.എന്‍.ഡി.പി യൂണിയന്‍ ഓഫീസിന്റെ പരിസരമാണ് മാലിന്യനിക്ഷേപക്കാരുടെ ഇഷ്ടകേന്ദ്രം. യൂണിയന്‍ അധികാരികള്‍ നഗരസഭയില്‍ നിരവധി തവണ പരാതി നല്‍കിയെങ്കിലും ഒന്നും ലക്ഷ്യം കാണുന്നില്ല.