Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സര്‍ക്കാര്‍ നല്‍കിയ വിത്തുമുളയ്ക്കാതായതോടെ മണ്ഡലത്തിന്റെ നെല്ലറയായ വെച്ചൂരിലെ നെല്‍കര്‍ഷകര്‍ കണ്ണീര്‍ക്കയത്തില്‍.
12/06/2018

വൈക്കം: സര്‍ക്കാര്‍ നല്‍കിയ വിത്തുമുളയ്ക്കാതായതോടെ മണ്ഡലത്തിന്റെ നെല്ലറയായ വെച്ചൂരിലെ നെല്‍കര്‍ഷകര്‍ കണ്ണീര്‍ക്കയത്തില്‍. സര്‍ക്കാര്‍ നല്‍കിയ ഡി വണ്‍ (ഉമ) വിത്തുവിതച്ച കര്‍ഷകരാണ് ഇപ്പോള്‍ ബുദ്ധിമുട്ടിലായിരിക്കുന്നത്. ഇതു മുളയ്ക്കാതായതോടെ കര്‍ഷകര്‍ പുറത്തുനിന്ന് വിലയ്ക്ക് വാങ്ങിയാണ് വിത്ത് വിതച്ചത്. ഇത് കൊത്തിക്കൊണ്ടുപോകാന്‍ കാത്തിരിക്കുന്ന പ്രാവുകള്‍ കര്‍ഷകര്‍ക്ക് വേദന നല്‍കുന്നു. ഇതിനിടയിലേക്കാണ് കോരിച്ചൊരിയുന്ന മഴയെത്തിയത്. മഴയത്ത് ഒളിച്ചുകളിക്കുന്ന വൈദ്യുതി മറ്റൊരു പ്രതിസന്ധിയാണ്. കഴിഞ്ഞ രണ്ടു ദിവസമായി പൂര്‍ണമായും വൈദ്യുതി നിലച്ചിരിക്കുകയാണ്. ഇതുമൂലം പാടശേഖരങ്ങളിലെ വെള്ളം പമ്പ് ചെയ്യാന്‍ സാധിക്കുന്നില്ല. ഇത് മുളക്കാന്‍ പാകമായ വിത്തുകള്‍ ചീഞ്ഞുപോകാന്‍ ഇടയാക്കിയേക്കും. കര്‍ഷകര്‍ക്കുവേണ്ടി വാഗ്ദാനങ്ങളുടെ പെരുമഴ പെയ്യിക്കുന്നവര്‍ ഇതുപോലുള്ള നേര്‍കാഴ്ചകളെ വിസ്മരിക്കുകയാണ്. ജില്ലയിലെ തന്നെ ഏറ്റവുമധികം കൃഷിയിറക്കുന്ന പാടശേഖരമാണ് പഞ്ചായത്തിലുള്ളത്. ഏകദേശം 3500 ഏക്കര്‍ വരുന്ന പാടശേഖരത്തിലാണ് വര്‍ഷകൃഷി നടക്കുന്നത്. പട്ടറക്കരി, അരങ്ങത്തുകരി, പൂവത്തിക്കരി, വലിയവെളിച്ചം, അരികുപുറം, ഇട്ടിയേക്കാടന്‍കരി, വലിയപുതുക്കരി, ദേവസ്വംകരി, പന്നക്കാത്തടം എന്നീ പാടശേഖരങ്ങളിലാണ് പ്രധാനമായും കൃഷി നടക്കുന്നത്. ഇതില്‍ പട്ടറക്കരി, അരങ്ങത്തുകരി, പൂവത്തിക്കരി പാടശേഖരങ്ങളില്‍ ഇറക്കിയ വിത്തുകളാണ് മുളക്കാതെ വന്നത്. ഇവിടെ കര്‍ഷകര്‍ അവസരോചിതമായി പുറമെനിന്നും വിത്തുപാകി പ്രതിസന്ധിക്കു പരിഹാരമുണ്ടാക്കിയെങ്കിലും കൃഷി വകുപ്പില്‍നിന്ന് ഒരാളുപോലും പ്രശ്‌നമെന്താണെന്നു അറിയാന്‍ തിരിഞ്ഞുനോക്കിയില്ല. പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് കൃഷി വിജയകരമാക്കിയാലും പിന്നീടും ഇവരെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്. കൊയ്‌തെടുത്ത നെല്ല് പാടത്തു കിടന്ന് കിളുക്കാന്‍ തുടങ്ങിയാല്‍ പോലും വിറ്റുപോകാറില്ല. ഇവിടെയെല്ലാം ഇടനിലക്കാരുടെ ചൂഷണമാണ്. വെച്ചൂരിലെ ആയിരക്കണക്കിനു വരുന്ന കര്‍ഷകരുടെയും കാര്‍ഷികവൃത്തിയില്‍ ഉപജീവനം നടത്തുന്നവരുടെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുവാന്‍ ഇവിടെ രൂപീകൃതമായ ഓയില്‍പാം ഇന്‍ഡ്യയുടെ അധീനതയിലുള്ള മോഡേണ്‍ റൈസ് മില്ല് കര്‍ഷകര്‍ക്ക് ഒരുതരത്തിലുമുള്ള പ്രയോജനവും ഉണ്ടാക്കുന്നില്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കര്‍ഷകരോടു കാണിക്കുന്ന വഞ്ചനക്കെതിരെ സമരപരമ്പരകള്‍ നടത്തിയ എല്‍.ഡി.എഫുകാര്‍ക്ക് ഭരണം കിട്ടിയപ്പോഴും കര്‍ഷകര്‍ക്ക് പ്രയോജനകരമായ രീതിയില്‍ റൈസ്മില്ലിനെ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. കൃഷിവകുപ്പ് കയ്യാളുന്ന സി.പി.ഐ തന്നെയാണ് ഈ വിഷയത്തില്‍ കുറ്റക്കാരെന്ന് പരക്കെ ആക്ഷേപമുണ്ട്. കര്‍ഷകര്‍ക്ക് നെല്ലിന്റെ വില ലഭിക്കാത്തതിന്റെ പേരില്‍ സി.പി.എമ്മും കോണ്‍ഗ്രസുമെല്ലാം സമരപരമ്പരകളുമായി രംഗത്തുവന്നപ്പോള്‍ ഇവിടെയെല്ലാം വിറച്ചത് കൃഷി വകുപ്പാണ്. വര്‍ഷകൃഷി കഴിഞ്ഞ് കര്‍ഷകര്‍ക്ക് യഥാസമയത്ത് നെല്ല് വിറ്റഴിക്കാന്‍ കഴിയാതെ വന്നാലും മതിയായ വില ലഭിക്കാതെ വന്നാലുമെല്ലാം ആരോപണശരങ്ങളേല്‍ക്കേണ്ടത് കൃഷി വകുപ്പിനും ഭക്ഷ്യവകുപ്പിനുമെല്ലാമാണ്. കാലങ്ങളായി പ്രതിസന്ധികളുടെ നടുവിലൂടെ കടന്നുപോകുന്ന വെച്ചൂര്‍ പഞ്ചായത്തിലെ കര്‍ഷകര്‍ എല്ലാം അതിജീവിച്ചും കൃഷിയിറക്കുന്നുണ്ട്. ഇനിയെങ്കിലും ഈ വിഷയത്തില്‍ ഉറക്കം വെടിഞ്ഞ് അധികാരികള്‍ ഇടപെടാന്‍ വൈകിയാല്‍ പാടശേഖരങ്ങളില്‍ മാളികകള്‍ പണിത് കാശുണ്ടാക്കാന്‍ നടക്കുന്ന മാഫിയാ സംഘങ്ങള്‍ പാടശേഖരങ്ങളെ വിഴുങ്ങിയേക്കും.