Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സഹകരണമേഖലയെ അഴിമതിമുക്തമാക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍
12/06/2018

വൈക്കം: സഹകരണമേഖലയെ അഴിമതിമുക്തമാക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ (കെ.സി.ഇ.സി) എ.ഐ.ടി.യു.സി കോട്ടയം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ജില്ലയിലെ ചില പ്രമുഖ സഹകരണ സ്ഥാപനങ്ങള്‍ക്കു നേരെ സമീപ നാളുകളില്‍ ഉയര്‍ന്നു വന്ന അഴിമതി ആരോപണം ഞെട്ടിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളായിട്ടുള്ള ഭരണസമിതി അംഗങ്ങളും സഹകരണ സംഘം ജീവനക്കാരുടെ സംഘടനാ നേതാക്കളും അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് പുറത്ത് വന്നിട്ടുള്ള വിവരങ്ങള്‍. ഈ ആരോപണങ്ങളുടെ നിജസ്ഥിതി വെളിച്ചത്തു വരേണ്ടത് സഹകരണ മേഖലയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ സാമ്പത്തിക ആശ്രയ കേന്ദ്രമായ സഹകരണമേഖലയെ തകര്‍ക്കുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ കേന്ദ്രഗവണ്‍മെന്റ് നടത്തി കൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിത്. ഇത്തരം ദുഷ്പ്രചാരകര്‍ക്ക് കരുത്ത് പകരുന്ന ദൗര്‍ഭാഗ്യകരമായ സാഹചര്യമാണ് അഴിമതി ആരോപണങ്ങളിലൂടെ രൂപപ്പെടുന്നത്. സാധാരണക്കാരായ സഹകാരികളെ കടുത്ത ആശങ്കയിലേക്ക് തള്ളിവിടുന്ന സഹകരണമേഖലയെ നാശത്തിലേക്ക് നയിക്കുന്ന ക്രമവിരുദ്ധ ഇടപാടുകളെകുറിച്ച് വിജിലന്‍സ് അന്വേക്ഷിക്കണമെന്നും കെ.സി.ഇ.സി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ശ്രദ്ധ ഈ വിഷയങ്ങളില്‍ ഉണ്ടാകണമെന്നും കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികള്‍ സ്വീകരിച്ച് സഹകരണമേഖലയുടെ വിശ്വാസ്യത സംരക്ഷിക്കണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ല പ്രസിഡന്റ് പി.സി ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ജി ജയന്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. ആര്‍.ബിജു, മനു സിദ്ധാര്‍ത്ഥന്‍, അജിത്ത് വാഴൂര്‍, അനില്‍കുമാര്‍, സുനില്‍കുമാര്‍, സുജിത്ത് എന്നിവര്‍ പ്രസംഗിച്ചു.