Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഴയെത്തി; ഉദയനാപുരത്ത് അഞ്ഞൂറോളം കുടുംബങ്ങള്‍ ദുരിതക്കയത്തില്‍
05/06/2018

വൈക്കം: മഴ ആരംഭിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ ചെട്ടിമംഗലം, മുണ്ടാര്‍ പ്രദേശങ്ങളിലെ അഞ്ഞൂറോളം കുടുംബങ്ങള്‍ ദുരിതക്കയത്തില്‍. ഗ്രാമപഞ്ചായത്തിന്റെ അതിര്‍ത്തിയായ നഗരസഭ 11-ാം വാര്‍ഡിലെ സുദര്‍ശനന്റെ കുടുംബം അനുഭവിക്കുന്ന അവസ്ഥ കണ്ടാല്‍ ആരും അമ്പരക്കും. മുറ്റം നിറയെ വെള്ളത്തിലായ ഈ കുടുംബം തടിക്കഷ്ണം കൊണ്ട് പാലമിട്ടാണ് വീടിനുള്ളിലേക്കും പുറത്തേക്കും പോകുന്നത്. ഇതൊന്നും കണ്ടിട്ട് കണ്ടഭാവം പോലും നടിക്കാന്‍ നഗരസഭയോ ഉദയനാപുരം ഗ്രാമപഞ്ചായത്ത് അധികാരികളോ തയ്യാറാകുന്നില്ല. തോട്ടുവക്കം പാലത്തിനുസമീപം ഓരുവെള്ളം കയറാതിരിക്കാന്‍ സ്ഥാപിച്ച മുട്ടും കരിയാര്‍ സ്പില്‍വേയുടെ ഏകദേശം എട്ടോളം ഷട്ടറുകള്‍ അടച്ചതുമാണ് ഇവിടെയുള്ളവര്‍ക്ക് ദുരിതം സമ്മാനിച്ചത്. വൃശ്ചികമാസത്തില്‍ ഓരുവെള്ളം കയറാതിരിക്കാന്‍ സ്ഥാപിക്കേണ്ട മുട്ട് ധനുമാസത്തിന്റെ പകുതി ആയപ്പോഴാണ് സ്ഥാപിച്ചത്. ഇതിനുമുന്നേ ഓരുവെള്ളം ഈ പ്രദേശത്തേക്കു കയറിക്കഴിഞ്ഞു. കരിയാര്‍ സ്പില്‍വേയുടെ ഷട്ടറുകളും സമയബന്ധിതമായി താഴ്ത്തിയിരുന്നില്ല. കോട്ടയം കളക്ടറേറ്റിലുള്ള ഉദ്യോഗസ്ഥ വിഭാഗമാണ് മുട്ട് സ്ഥാപിക്കുന്നതിലും സ്പില്‍വേയുടെ ഷട്ടറുകളുടെ കാര്യത്തില്‍ നിയന്ത്രണം പുലര്‍ത്തിപ്പോരുന്നത്. ഇവിടെയിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് വൈക്കത്തിന്റെ പശ്ചാത്തലമൊന്നും എന്താണെന്നുപോലും അറിയില്ല. മുട്ട് സ്ഥാപിക്കുന്നതില്‍ തന്നെ വലിയ ആഴിമതിയാണ് കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്. ഇറിഗേഷന്‍ വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്കും കരാറുകാരനും മാത്രമാണ് മുട്ട് കൊണ്ട് ഗുണം ലഭിക്കുന്നത്. ഈ വിഷയങ്ങളില്‍ അധികാരം വൈക്കം തഹസില്‍ദാര്‍ക്ക് നല്‍കണമെന്നതാണ് ജനകീയ ആവശ്യം. അങ്ങനെ വന്നാല്‍ ഓരുവെള്ള ഭീഷണിക്ക് സമയബന്ധിതമായി പരിഹാരം ഉണ്ടാക്കാന്‍ സാധിക്കും. മുട്ട് സ്ഥാപിച്ചതോടെ കെ.വി കനാല്‍ ജീവശ്വാസത്തിനായി നിലവിളിക്കുകയാണ്. മലിനജലം ചീഞ്ഞുനാറുകയാണ്. നാട്ടുതോടുകളുടെ സമ്പത്തായ പരമ്പരാഗത മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്ന അവസ്ഥയുമുണ്ട്. ഉദയനാപുരം പഞ്ചായത്തിലെ ചെട്ടിമംഗലം, മുണ്ടാര്‍ പ്രദേശത്തുള്ളവരുടെ വാഴ, കപ്പ, പച്ചക്കറി, ജാതി, തെങ്ങ് എന്നിവയെല്ലാം ഓരുവെള്ളത്തില്‍ നശിച്ചുകൊണ്ടിരിക്കുന്നു. തലയാഴം, ടി.വി പുരം ഗ്രാമപഞ്ചായത്തുകള്‍ക്കാണ് സ്പില്‍വേയുടെ നിയന്ത്രണം. ഈ രണ്ടു പഞ്ചായത്തുകള്‍ക്കും വേണ്ടി ഷട്ടറുകള്‍ താഴ്ത്തുമ്പോള്‍ ആവലാതിയില്‍ അലയുന്നത് ഉദയനാപുരം പഞ്ചായത്താണ്. ഇവിടെ പഞ്ചായത്തുകളെ തമ്മില്‍ ഭിന്നിപ്പിച്ചിട്ടു കാര്യമില്ല. തലപ്പത്തിരിക്കുന്ന അധികാരികള്‍ ദീര്‍ഘവീക്ഷണത്തോടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് സത്വരനടപടികള്‍ കൈക്കൊള്ളണം. അല്ലാത്തപക്ഷം ഉദയനാപുരം ഗ്രാമപഞ്ചായത്ത് മഴ കനക്കുമ്പോള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍ വലയുമെന്നുള്ള കാര്യം ഉറപ്പാണ്.