Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇരുവൃക്കകളും തകരാറിലായ യുവാവിന്റെ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി സഹായസമിതി രൂപീകരിച്ചു
01/06/2018
ജോസ് തോമസ്

വൈക്കം: കൃഷിയാണ് ജോസിന് എല്ലാം. പറമ്പില്‍ അഞ്ചാറ് പശുക്കള്‍, വീട്ടുമുറ്റത്ത് കോഴികള്‍, തൊടിയില്‍ നിറയെ കാര്‍ഷിക വിളകള്‍, ഇറച്ചിക്കോഴികളുടെ ഫാം അങ്ങനെ പോകുന്നു കൃഷി വിശേഷങ്ങള്‍. പക്ഷേ വൈക്കം അയ്യാരപ്പള്ളില്‍ ജോസ് തോമസി(30)ന് ജീവിതം തിരിച്ചുപിടിക്കണമെങ്കില്‍ സന്മനസ്സുള്ളവരുടെ കാരുണ്യം കൂടിയേതീരൂ. ഇരുവൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കൊരുങ്ങുന്ന ജോസിന് വൃക്ക വേണം; അതോടൊപ്പം ഓപ്പറേഷനുള്ള 25 ലക്ഷം രൂപയും കണ്ടെത്തണം. എന്നാല്‍ ഇത് ജോസിനെയും കുടുംബത്തെയും സംബന്ധിച്ച് ഏറെ ശ്രമകരമാണ്.
വര്‍ഷങ്ങള്‍ക്കുമുന്‍പുതന്നെ ജോസിന്റെ ആദ്യവൃക്ക തകരാറിലായിരുന്നു. എന്നിട്ടും കൃഷിയോടുള്ള താല്‍പര്യം ജോസ് അവസാനിപ്പിച്ചില്ല. തന്റെ മണ്ണില്‍ അധ്വാനിച്ച് പൊന്നുവിളയിച്ചു. നല്ലയിനം പശുക്കളെയും വളര്‍ത്തി. കുടുംബത്തിലെ ചെലവുകള്‍ നോക്കുന്നതും ജോസ് തന്നെയാണ്. എന്നാല്‍ അടുത്തിടെ രണ്ടാമത്തെ കിഡ്‌നിയും തകരാറിലായതോടെ കൃഷിപ്പണികള്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലായി. കിഡ്‌നിയുടെ പ്രവര്‍ത്തനം കുറഞ്ഞുവരുന്നതിനാല്‍ ഡയാലിസിസ് ചെയ്താണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഇതിനുതന്നെ വന്‍തുക ചെലവ് വരുന്നുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു ആദ്യം ചികിത്സ നടത്തി വന്നിരുന്നത്. എന്നാല്‍ അത്യാവശ്യമായി കിഡ്‌നി മാറ്റിവെക്കേണ്ടതിനാല്‍ മധുരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സ മാറ്റി.
സുഹൃത്തുക്കളും ബന്ധുക്കളും ഈ യുവാവിന്റെ ജീവന്‍ സംരക്ഷിക്കാന്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ഇതിനായി ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ സഹായസമിതിയും രൂപീകരിച്ചു. നല്ല മനസ്സുള്ളവരുടെ സഹായം ജോസിനും കുടുംബത്തിനും ആവശ്യമാണ്. സൗത്ത് ഇന്‍ഡ്യന്‍ ബാങ്കിന്റെ വൈക്കം ശാഖയില്‍ സഹായസമിതി ഭാരവാഹികളായ കെ.അനില്‍കുമാര്‍, പി.ഉണ്ണി, ബിജു ജോസഫ് എന്നിവരുടെ പേരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍: 0091053000030567. ഐ.എഫ്.എസ്.സി കോഡ്: എസ്.ഐ.ബി.എല്‍ 0000091.