Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റമദാന്‍ കാലത്ത് വില്‍പനയില്‍ നിറഞ്ഞാടുന്ന പഴവിപണി നിശ്ചലാവസ്ഥയില്‍
30/05/2018
വൈക്കം നഗരസഭയ്ക്ക് മുന്നിലെ നിശ്ചലമായ പഴക്കട.

വൈക്കം: റമദാന്‍ കാലത്ത് വില്‍പനയില്‍ നിറഞ്ഞാടുന്ന പഴവിപണി നിശ്ചലാവസ്ഥയില്‍. 'നിപ'യെ തുടര്‍ന്ന് നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന കള്ളത്തരങ്ങളാണ് പഴവിപണിയെ തകര്‍ത്തിരിക്കുന്നത്. പ്രചരണങ്ങളേറെയാണെങ്കിലും വിലക്കയറ്റവും കച്ചവടത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. തലയോലപ്പറമ്പ്, വൈക്കം മാര്‍ക്കറ്റുകളിലെ കച്ചവടക്കാരെല്ലാം ആശങ്കയിലാണ്ടിരിക്കുകയാണ്. പല സ്ഥലങ്ങളിലും കച്ചവടങ്ങള്‍ അവസാനിപ്പിച്ച അവസ്ഥയുമുണ്ട്. വൈക്കം നഗരസഭക്ക് മുന്നില്‍ വര്‍ഷങ്ങളായി പഴക്കച്ചവടം നടത്തുന്നവര്‍ ഇപ്പോള്‍ ഒരു ദിവസം ആയിരം രൂപയുടെ പോലും വില്‍പന നടക്കുന്നില്ലെന്നു പറയുന്നു. മാമ്പഴവും പേരക്കയും റമ്പുട്ടാനുമെല്ലാം റമദാന്‍ കാലത്ത് വാങ്ങാനെത്തുന്നവര്‍ ഏറെയായിരുന്നു. എന്നാല്‍ ഇത്തവണ ഇതൊന്നും ആര്‍ക്കും വേണ്ട. ഇപ്പോള്‍ അല്‍പമെങ്കിലും കച്ചവടം നടക്കുന്നത് മുന്തിരിക്ക് മാത്രമാണ്. ആപ്പിളും, ഓറഞ്ചുമെല്ലാം ഉണ്ടെങ്കിലും ഇതിനെല്ലാം വില സാധാരണക്കാര്‍ക്ക് വാങ്ങാവുന്നതിനും അപ്പുറമാണ്. ആവേശത്തിലായിരുന്ന ചക്ക വിപണിയും തകര്‍ന്നടിഞ്ഞിരിക്കുകയാണ്. ചക്കയെ കേരളത്തിന്റെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ചതിനുശേഷം വലിയ കച്ചവടമാണ് നടന്നുകൊണ്ടിരുന്നത്. വീടുകളിലെല്ലാം എത്തി ചക്ക വലിയ തുക നല്‍കി കച്ചവടമുറപ്പിച്ചവരുമുണ്ടായിരുന്നു. എന്നാല്‍ ഇവരെല്ലാം ഇന്നു വെള്ളത്തിലായിരിക്കുകയാണ്. 'നിപ' ബാധിക്കുന്നത് വവ്വാലിലൂടെയാണെന്ന് അറിഞ്ഞതോടെ മരങ്ങളില്‍ കായ്ക്കുന്ന പഴങ്ങളൊന്നും വാങ്ങാന്‍ ആളുകളില്ല. വീട്ടുകാരുടെ ഇഷ്ടവിഭവമായ കടചക്കയുടെയും കാര്യം കഷ്ടമാണ്. മെയ് മാസത്തില്‍ വിളവിനു പാകമായി നില്‍ക്കുന്ന കടചക്ക വീട്ടുകാര്‍ക്ക് വലിയ വരുമാന മാര്‍ഗമായിരുന്നു. ഒരു കിലോയ്ക്ക് 50 രൂപ വരെ വീട്ടുകാര്‍ക്ക് നല്‍കി കച്ചവടക്കാര്‍ മാര്‍ക്കറ്റില്‍ ഇത് നൂറുരൂപയ്ക്ക് വരെ വില്‍പന നടത്തുന്ന സമയമാണ്. എന്നാല്‍ ഇപ്പോള്‍ വില എണ്‍പതാണെങ്കിലും വാങ്ങാന്‍ ആളുകളില്ല. ഇവിടെയെല്ലാം നിഴലിക്കുന്നത് നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന കള്ളത്തരങ്ങളാണ്. ഇതിനു തടയിടുവാന്‍ സാധിച്ചില്ലെങ്കില്‍ വൈക്കത്തെ പഴവിപണിക്ക് താത്കാലികമായി പൂട്ടുവീണേക്കും.