Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊതുകിണര്‍ സ്ഥാപിക്കുന്നതിനു വേണ്ടി തലയോലപ്പറമ്പ് പഞ്ചായത്തിനു ലഭിച്ച സ്ഥലം സ്വകാര്യ വ്യക്തി കൈയ്യേറിയതായി ആക്ഷേപം.
25/05/2018
തലയോലപ്പറമ്പ്-എറണാകുളം റോഡില്‍ തലപ്പാറ ജങ്ഷനു സമീപമുള്ള പൊതുകിണറിനോട് ചേര്‍ന്നുള്ള സ്ഥലം കൈയ്യേറി പരസ്യ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നു.

തലയോലപ്പറമ്പ്: പൊതുകിണര്‍ സ്ഥാപിക്കുന്നതിനു വേണ്ടി തലയോലപ്പറമ്പ് പഞ്ചായത്തിനു ലഭിച്ച സ്ഥലം സ്വകാര്യ വ്യക്തി കൈയ്യേറിയതായി ആക്ഷേപം. പഞ്ചായത്തിന് നാല് പതിറ്റാണ്ട് മുന്‍പ് പഞ്ചായത്തിനു ലഭിച്ച തലപ്പാറ ജങ്ഷനു സമീപമുള്ള പൊതുകിണറിനോട് ചേര്‍ന്നുള്ള സ്ഥലമാണ് കൈയ്യേറി ഭിത്തി കെട്ടിയും വലിയ പരസ്യ ബോര്‍ഡ് സ്ഥാപിച്ചും കയ്യേറ്റം നടത്തിയിരിക്കുന്നത്. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് സ്ഥാപിച്ച പൊതുകിണര്‍ വെള്ളം ലഭിക്കാത്തതിനാലും കാലാകാലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതിനാലും വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. മൂന്ന് വര്‍ഷം മുന്‍പ് താലൂക്ക് അധികൃതര്‍ റീസര്‍വേ നടത്തി അളന്നുതിരിച്ച സ്ഥലമാണ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് സ്വകാര്യവ്യക്തി കൈയ്യേറിയത്. ഇവിടെ പരസ്യബോര്‍ഡ് സ്ഥാപിച്ച് പതിനായിരങ്ങളാണ് വാടകയിനത്തില്‍ ഈടാക്കുന്നത്. കയ്യേറ്റം സംബന്ധിച്ച് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കോട്ടയം-എറണാകുളം റോഡില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്ഥലമാണ് ഇത്തരത്തില്‍ കൈയ്യേറിയിരിക്കുന്നത്. ഡി.ബി.കോളേജിനു സമീപത്തും തലയോലപ്പറമ്പ് ബഷീര്‍ സ്മാരക സ്‌കൂളിനു സമീപത്തും സ്വകാര്യവ്യക്തികള്‍ ഏതാനും വര്‍ഷം മുന്‍പ് ഇത്തരത്തില്‍ പഞ്ചായത്ത് സ്ഥലം കൈയ്യേറിയതുമൂലം റോഡിന്റെ വീതി നഷ്ടപ്പെട്ടിരിക്കുകയാണ്. ബന്ധപ്പെട്ട അധികൃതര്‍ കൈയ്യേറ്റത്തിനെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കാത്തതാണ് കൈയ്യേറ്റം വ്യാപകമാകാന്‍ കാരണം. പൊതുകിണറും അതിനോടനുബന്ധിച്ചുള്ള സ്ഥലവും പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണെന്നും, ഇവിടെ പരസ്യബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അടിയന്തിര നടപടി സ്വീകരിക്കുമെന്നും വാര്‍ഡ് മെമ്പര്‍ ജെസ്സി പറഞ്ഞു. പഞ്ചായത്ത് കിണറും അനുബന്ധസ്ഥലവും കൈയ്യേറിയത് ശ്രദ്ധയില്‍ പെട്ടില്ലെന്നും, രേഖകള്‍ പരിശോധിച്ച് വേണ്ട നടപടി എടുക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍ അറിയിച്ചു.