Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വ്യാപാരികളുടെ നിറസാന്നിധ്യവുമായി തലയോലപ്പറമ്പ് മുതല്‍ വൈക്കം വരെയുള്ള റോഡിന്റെ വശങ്ങള്‍
22/05/2018

വൈക്കം: തലയോലപ്പറമ്പ് മുതല്‍ വൈക്കം വരെയുള്ള റോഡിന്റെ വശങ്ങള്‍ വ്യാപാരികളുടെ നിറസാന്നിധ്യമാകുന്നു. ആരംഭത്തില്‍ പച്ചക്കറി തൈകളുടെ നഴ്‌സറികളാണ് ഇവിടെ നിറഞ്ഞുനിന്നിരുന്നതെങ്കില്‍ ഇന്ന് നാടന്‍ മത്സ്യങ്ങളുടെയും താറാവ് കച്ചവടക്കാരുടെയുമെല്ലാം സാന്നിധ്യം റോഡിനെ സമ്പന്നമാക്കുകയാണ്. റോഡിലൂടെ കടന്നുപോകുന്ന ദൂരദേശ യാത്രക്കാരും വിനോദസഞ്ചാരികളായ വിദേശികളും ഇവിടെ ഇറങ്ങി സാധനങ്ങള്‍ വാങ്ങുന്നു. ആരംഭത്തില്‍ നഴ്‌സറികളായിരുന്നു ഇവരുടെ ഇഷ്ടകേന്ദ്രം. എന്നാല്‍ പൊട്ടന്‍ചിറയ്ക്ക് സമീപമുള്ള പുഴയോര വിശ്രമകേന്ദ്രവും നാടന്‍ താറാവുകളുടെ വില്‍പന കേന്ദ്രവുമെല്ലാം സഞ്ചാരികളെ ആനന്ദിപ്പിക്കുകയാണ്. പുഴയോരം വിശ്രമകേന്ദ്രത്തില്‍ രാവിലെ മുതല്‍ ഇരുള്‍ വീഴുംവരെ വലിയ തിരക്കാണ്. നാടന്‍ വിഭവങ്ങളും വിദേശികളെ ആകര്‍ഷിക്കുന്ന ഭക്ഷ്യവസ്തുക്കളുമെല്ലാം ഇവിടെ സദാസമയവും തയ്യാറാണ്. ഇതിനുസമീപമുള്ള തട്ടുകടയിലും നല്ല തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതിനിടയിലേക്കാണ് നാടന്‍ താറാവുകളുടെ വില്‍പനകേന്ദ്രം തുറക്കുന്നത്. ആരംഭത്തില്‍ കച്ചവടം കുറവായിരുന്നെങ്കിലും വിവരമറിഞ്ഞ് ഇപ്പോള്‍ നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്. അതുപോലെ തന്നെ കഞ്ഞിക്കടകളും ബജിക്കടകളും എല്ലാം ഇവിടെ നിറയുകയാണ്. ഇവരുടെയെല്ലാം കച്ചവടം തരക്കേടില്ലാതെ നടക്കുന്നുണ്ട്. വൈകുന്നേരങ്ങളില്‍ എത്തുന്ന മഴ ഇപ്പോള്‍ ചെറിയ രസംകൊല്ലി ആകുന്നുണ്ടെങ്കിലും അതിനുമുന്‍പ് തന്നെ ഇവരുടെ കച്ചവടം പൊടിപൊടിക്കുന്നു. മഴക്കാലമായാല്‍ കച്ചവടക്കാരുടെ വില്‍പനക്ക് ഇടിവ് സംഭവിച്ചേക്കാം. കാരണം റോഡിനോടു ചേര്‍ന്നുകിടക്കുന്ന പുഴ നിറഞ്ഞുകഴിഞ്ഞാല്‍ പലര്‍ക്കും ഇവിടെനിന്നും താത്കാലികമായി മാറേണ്ടിവരും. ഒരുകാലത്ത് തകര്‍ന്നുകിടന്ന റോഡ് ഇപ്പോള്‍ ഗതാഗതത്തിനൊപ്പം നാടിന്റെയും കച്ചവടക്കാരുടെയുമെല്ലാം മനസ്സ് കീഴടക്കിയിരിക്കുകയാണ്.