Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജീവന്‍ ഓര്‍ഗാനിക് മില്‍ക്ക് ആന്റ് മില്‍ക്ക് പ്രൊഡക്റ്റ്‌സ് യൂണിറ്റിന്റെ ഉദ്ഘാടനം 23ന്
21/05/2018

വൈക്കം: ജൈവതീറ്റ നല്‍കി വളര്‍ത്തുന്ന പശുക്കളില്‍ നിന്നും കറന്നെടുക്കുന്നതും പോഷക ഘടകങ്ങള്‍ അതേപടി നിലനിര്‍ത്തിയിട്ടുള്ളതും കലര്‍പ്പില്ലാത്തതുമായ ജീവന്‍ സമ്പൂര്‍ണ പാലും പാലുല്‍പ്പന്നങ്ങളും വിപണിയിലേക്ക്. വൈക്കം ടി.വി പുരത്തെ ജീവന്‍ ഡെയറി ഫാമാണ് ജീവന്‍ കൗ മില്‍ക്കും മറ്റ് ഉല്പന്നങ്ങളും ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തിക്കുന്നത്. സ്ഫടിക കുപ്പിയിലാണ് പാല്‍ നിറച്ചു വിതരണം ചെയ്യുക. പിന്നീട് മില്‍ക്ക് വെന്‍ഡിംഗ് മെഷീനുകളിലൂടെ കവറുകളില്‍ പാല്‍ ലഭിക്കുന്ന സംവിധാനവും ഒരുക്കും. ദിവസേന ഏകദേശം അയ്യായിരം ലിറ്റര്‍ പാല്‍ ആരംഭത്തില്‍ വിതരണം ചെയ്യും. വിവിധയിടങ്ങളിലായി പ്രത്യേക പരിചരണത്തിലും മേല്‍നോട്ടത്തിലും വളര്‍ത്തുന്ന അഞ്ഞൂറോളം പശുക്കളുടെ പാലാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. പശുക്കളെ നേരിട്ടു കാണാനും ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കും. പാലിന്റെ ഗുണനിലവാരം ഉപഭോക്താക്കള്‍ക്ക് നേരിട്ട് സ്വയം പരിശോധന നടത്താനുള്ള ഏര്‍പ്പാടുമുണ്ട്. ആധുനിക യന്ത്രസംവിധാനങ്ങളുപയോഗിച്ച് തികച്ചും ശുചിത്വം പാലിച്ചും ഗുണനിലവാരം പരിശോധിച്ചുമാണ് പാല്‍ പാസ്ചുറൈസ് ചെയ്ത് കുപ്പികളില്‍ നിറയ്ക്കുന്നത്. തുടര്‍ന്ന് കോള്‍ഡ് ചെയിന്‍ മാര്‍ഗത്തില്‍ ഉപഭോക്താക്കളുടെ താമസസ്ഥലത്ത് എത്തിക്കും. എറണാകുളത്തെ ചില ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും തുടക്കത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പാല്‍ വില്പന. എല്ലാവിധ പ്രകൃതിസഹജമായ ഘടകങ്ങളുടമായി തന്നെ പോഷകവസ്തുക്കള്‍ നീക്കം ചെയ്യാതെ ശുദ്ധമായ പാല്‍ വിതരണം ചെയ്യും. വിവിധതരം ക്ഷീരോല്‍പന്നങ്ങളും മൂല്യവര്‍ധിത വസ്തുക്കളും വിപണിയിലിറക്കും. സ്വയ തൊഴില്‍ സംരംഭകരും ക്ഷീരകര്‍ഷകരുമായവരുടെ കൂട്ടായ്മയാണ് ജീവന്‍ പാലിനു പിന്നിലുള്ളത്. ശുദ്ധമായ ജൈവ പാല്‍ ലഭ്യമാക്കാന്‍ സമ്പൂര്‍ണ ജൈവ കാലിത്തീറ്റ ജീവന്‍ ഫാം തയ്യാറാക്കുന്നുണ്ട്. കുലച്ച ചോളം, മുളപ്പിച്ച പരുത്തിക്കുരു, പയറുപൊടി, വിവിധ ധാന്യങ്ങളുടെ തവിടുകള്‍ തുടങ്ങി ഇതുപതു ഘടക പദാര്‍ത്ഥങ്ങളാണ് സസ്യകാലിത്തീറ്റയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പാല്‍ കൂടാതെ തൈര്, നെയ്യ് തുടങ്ങിയ പാലുല്പന്നങ്ങളും വിലപ്നക്കെത്തിക്കുന്നുണ്ട്. ജീവന്‍ ഫാം തയ്യാറാക്കുന്ന പത്യേക ജൈവ കാലിത്തീറ്റയും വിപണിയിലെത്തിക്കും. ഇതുപതു വര്‍ഷമായി ക്ഷീരകാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ബിജു മാത്യൂവാണ് ജീവന്‍ ഡെയറി ഫാമിന്റെ ഡയറക്ടര്‍. പിഡിഡിപി സ്ഥാപക ചെയര്‍മാന്‍ ഫാ.ജോസഫ് മുട്ടുമനയുടെ കാലടികളെ പിന്തുടര്‍ന്നാണ് മികച്ചതും ശുദ്ധവുമായ പാല്‍ വിതരണത്തില്‍ ജീവന്‍ ഫാം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡാര്‍ഡ്‌സ് അഥോറിട്ടി മാനദണ്ഡങ്ങള്‍ പാലിച്ചാണ് പാല്‍ ശേഖരണവും വിതരണവും. ഐ.എസ്.ഒ സര്‍ട്ടിഫൈഡ് സ്ഥാപനമാണിത്. കസ്റ്റമര്‍ സര്‍വീസിനു വിപുലമായ ഏര്‍പ്പാടുകളുമുണ്ട്. ശുദ്ധമായ പാല്‍ വൃത്തിയായ സാഹചര്യത്തില്‍ ഉപഭോക്താക്കളിലെത്തിക്കാന്‍ ആലപ്പുഴ കേന്ദ്രമായുള്ള ഫാമില്‍ വ്യാപകമായ വില്പന സംവിധാനമൊരുക്കും. പാല്‍, പഴം, പച്ചക്കറി എന്നിവ പുതുമ മാറാതെ കൃഷിയിടങ്ങളില്‍ നിന്നു നേരിട്ട് വിപണിയില്‍ എത്തിക്കുകയാണ് ഫാമില്‍ ചെയ്യുന്നത്. ഫാമിന്റെ പാല്‍ വിതരണ ഔട്ട്‌ലെറ്റാണ് മില്‍ക്ക് പോട്ട്. 23ന് രാവിലെ 11.30ന് ജീവന്‍ ഓര്‍ഗാനിക് മില്‍ക്ക് ആന്റ് മില്‍ക്ക് പ്രൊഡക്റ്റ്‌സ് യൂണിറ്റിന്റെ ഉദ്ഘാടനം ടി.വി പുരം ജീവന്‍ ഫാം അങ്കണത്തില്‍ ജോസ് കെ മാണി എം.പി നിര്‍വ്വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി അദ്ധ്യക്ഷത വഹിക്കും. ജീവന്‍ ഓര്‍ഗാനിക് കാറ്റില്‍ ഫീഡിന്റെ ആദ്യവില്‍പ്പന സി.കെ ആശ എം.എല്‍.എ യും, ജീവന്‍ ഓര്‍ഗാനിക് മാനുവറിന്റെ ആദ്യവില്‍പ്പന അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ യും നിര്‍വ്വഹിക്കും. വൈക്കം ഫൊറോന വികാരി ഡോ. പോള്‍ ചിറ്റിനപ്പിള്ളി അനുഗ്രഹ പ്രഭാഷണം നടത്തും. ബിജു മാത്യൂ മാന്തുവള്ളില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. കെ.കെ രഞ്ജിത്ത്, ബി.രാധാകൃഷ്ണമേനോന്‍, ലീനമ്മ ഉദയകുമാര്‍, രമ ശിവദാസ് തുടങ്ങിയവര്‍ സംസാരിക്കും