Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗതാഗതപ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ സ്ഥാപിക്കേണ്ട സൈന്‍ ബോര്‍ഡുകളെ വിസ്മരിച്ച് അധികാരികള്‍
19/05/2018

വൈക്കം: നഗരത്തിലെ ഗതാഗതപ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ സ്ഥാപിക്കേണ്ട സൈന്‍ ബോര്‍ഡുകളെ ഇന്നും അധികാരികള്‍ മറക്കുന്നു. നഗരത്തിന്റെ നാലു പ്രധാന ജങ്ഷനുകളിലും മിക്ക ദിവസങ്ങളിലും ഗതാഗതക്കുരുക്കു കാരണം ഏറെനേരം ഗതാഗതം തടസപ്പെടുന്നു. പടിഞ്ഞാറേനട, കൊച്ചുകവല, തെക്കേനട, കച്ചേരിക്കവല എന്നിവിടങ്ങളില്‍ ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഹോംഗാര്‍ഡുകളെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പലപ്പോഴും പരിമിതികളുണ്ട്. നഗരത്തിലെ തിരക്കിനു ഒരു പരിധി വരെ പ്രയോജനപ്പെടേണ്ട സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പ് കരാര്‍ ക്ഷണിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ലേലം നടത്തുകയും ചെയ്തു. എന്നാല്‍ കരാര്‍ എടുത്ത വ്യക്തി മരണമടഞ്ഞതോടെ ഇതിന്റെ തുടര്‍നടപടികള്‍ നിലച്ചു. തുടര്‍ന്ന് സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവരെ സമീപിച്ചെങ്കിലും പി.ഡബ്ല്യു.ഡിയുടെ ഭാഗത്തുനിന്നും അനുകൂല നടപടി ഉണ്ടായില്ല. നഗരത്തില്‍ ഏകദേശം അന്‍പതിലധികം സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണം. കച്ചേരിക്കവല, കൊച്ചുകവല, തെക്കേനട എന്നിവിടങ്ങളിലാണ് സൈന്‍ ബോര്‍ഡുകള്‍ ഏറ്റവും അനിവാര്യം. മടിയത്തറ, കാരയില്‍ ഭാഗത്തുള്ള മൂന്ന് സ്‌കൂളുകളിലേക്ക് പോകാന്‍ നൂറുകണക്കിനു വിദ്യാര്‍ഥികളാണ് കൊച്ചുകവല വഴി പോകുന്നത്. റോഡ് മുറിച്ചുകടക്കാന്‍ വിദ്യാര്‍ഥികള്‍ ഏറെ ബുദ്ധിമുട്ടുന്നു. ചില ദിവസങ്ങളില്‍ വഴിയാത്രക്കാരും, ഓട്ടോറിക്ഷാ തൊഴിലാളികളുമാണ് പ്രായമായവരേയും വിദ്യാര്‍ഥികളേയും റോഡ് മുറിച്ചുകടക്കാന്‍ സഹായിക്കുന്നത്. കച്ചേരിക്കവലയിലും സമാനമായ സ്ഥിതിവിശേഷമാണ്. ടി.വി.പുരം ഭാഗത്തേയ്ക്ക് പോകുവാന്‍ വരുന്ന ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കച്ചേരിക്കവലയില്‍ യാത്രക്കാരെ കയറ്റാനും ഇറക്കാനും നിര്‍ത്തുന്നത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇവിടെ ഹോംഗാര്‍ഡിന്റെ സേവനമുണ്ടെങ്കിലും കാര്യമായി പ്രയോജനപ്പെടുന്നില്ല. തെക്കേനടയില്‍ ടിപ്പര്‍ ഉള്‍പ്പെടെയുള്ള ഭാരവാഹനങ്ങളാണ് പ്രശ്‌നക്കാര്‍. ടിപ്പറുകളുടെ അനിയന്ത്രിത പ്രവാഹം കാല്‍നടയാത്രക്കാരേയും, ഇരുചക്ര വാഹനങ്ങളില്‍ എത്തുന്നവരെയും ബുദ്ധിമുട്ടിലാക്കുന്നു. അടിയന്തിരമായി ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വാഹനവകുപ്പ്, പി.ഡബ്ല്യൂ.ഡി, പോലീസ്, നഗരസഭ എന്നിവരുടെ കൂട്ടായ്മ അനിവാര്യമാണ്.