Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുനര്‍നിര്‍മിച്ച വൈക്കത്തെ കോടതി സമുച്ഛയത്തിന്റെ ഉദ്ഘാടനം 15ന്
12/05/2018
പുനര്‍നിര്‍മിച്ച വൈക്കത്തെ കോടതി സമുച്ചയം.

വൈക്കം: പുനര്‍നിര്‍മിച്ച വൈക്കത്തെ കോടതി സമുച്ഛയത്തിന്റെ ഉദ്ഘാടനം 15ന് നടക്കും. പുതിയ കോടതി മന്ദിരവും കൂടുതല്‍ കോടതികളുമെന്ന താലൂക്കിലെ ജനങ്ങളുടെ ചിരകാല സ്വപ്നമാണ് യാഥാര്‍ത്ഥ്യത്തിലേക്കെത്തുന്നത്. ചരിത്രത്തിന്റെ നാള്‍ വഴികളില്‍ രേഖപ്പെടുത്തിയ ഒരു കോടതിയാണ് വൈക്കത്തേത്. തിരുവിതാംകൂര്‍ രാജ്ഞി റാണി ഗൗരി ലക്ഷ്മിഭായിയും, ബ്രിട്ടീഷ് വൈസ്രോയി കേണല്‍ മണ്‍റോയും ചേര്‍ന്ന് നീതിന്യായ രംഗത്ത് നടപ്പിലാക്കിയ പരിഷ്‌കാരങ്ങളുടെ പരിണിത ഫലമാണ് വൈക്കം കോടതി. 1811ല്‍ രാജകീയ വിളംബര കാലത്താണ് ഈ കോടതി സ്ഥാപിതമായത്. വൈക്കം മഹാദേവ ക്ഷേത്രത്തിനു സമീപം കച്ചേരിക്കവലയിലെ തെക്കുവശം വടക്കുംകൂര്‍ കൊട്ടാരത്തിന്റെ കീഴിലുണ്ടായിരുന്ന നാടുവാഴി കുടുംബമായ ഇണ്ടംതുരുത്തി മനയുടെ തായ്‌വഴിയില്‍പ്പെട്ട ഞളളയില്‍ നമ്പൂതിരിയുടെ മനയിലാണ് ആദ്യത്തെ കോടതിയുടെ തുടക്കം.
ഇന്ത്യന്‍ ജുഡീഷ്യറിയ്ക്കുതന്നെ അഭിമാനമായി മാറിയ പ്രഗത്ഭരായ ഒട്ടേറെ അഭിഭാഷകര്‍ ഈ കോടതിയിലാണ് അഭിഭാഷകജീവിതം ആരംഭിച്ചത്. മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായ എബ്രഹാം മാത്യു കണ്ടത്തില്‍, ആനി ജോണ്‍ മഠത്തില്‍ എന്നിവര്‍ വൈക്കം കോടതിയിലെ അഭിഭാഷകരായിരുന്നു. 13.5 കോടി രൂപ മുടക്കി നാലു നിലകളിലായി നിര്‍മിച്ച പുതിയ സമുച്ചയത്തില്‍ ഒരേസമയം നാലു കോടതികള്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ സൗകര്യമുണ്ട്. ലൈബ്രറി, ഫ്രണ്ട് ഓഫീസ്, ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക സൗകര്യം, വനിതാ അഭിഭാഷകര്‍ക്ക് പ്രത്യേക മുറി, മീഡിയേഷന്‍, ലീഗല്‍ പാരാ വാളന്റിയര്‍മാര്‍ക്കുളള സൗകര്യങ്ങള്‍, വിശാലമായ പാര്‍ക്കിങ് സൗകര്യം എന്നിവയും 35000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ നിര്‍മിച്ച പുതിയ കോടതി സമുച്ചയത്തിലുണ്ട്.
2016 ഫെബ്രുവരി 27ന് ജസ്റ്റിസ് അബ്ദുള്‍ റഹിം തറക്കല്ലിട്ട കെട്ടിടം രണ്ടു വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കി. ഉദ്ഘാടന ചടങ്ങ് ജനകീയമാക്കി മാറ്റുവാനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. 15ന് ഉച്ചക്ക് 1.45ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക് പുതിയ കോടതി സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. നിയമ വകുപ്പ് മന്ത്രി എ.കെ ബാലന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യാതിഥിയാകും. ജോസ് കെ.മാണി എം.പി, സി.കെ ആശ എം.എല്‍.എ, അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, ഹൈക്കോടതി ജഡ്ജിമാര്‍ എന്നിവര്‍ പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. എന്‍.ചന്ദ്രബാബു, സെക്രട്ടറി അഡ്വ. സാജു വാതപ്പളളി, വൈസ് പ്രസിഡന്റ് അഡ്വ. ബെന്നി കുര്യാക്കോസ്, ജോയിന്റ് സെക്രട്ടറി അഡ്വ. എം.ജി രഞ്ജിത്ത് എന്നിവര്‍ പങ്കെടുത്തു.