Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗോവര്‍ദ്ധനം പദ്ധതിയുമായി വൈക്കം ബ്ലോക്ക് പഞ്ചായത്ത്
09/05/2018

വൈക്കം: ക്ഷീരകര്‍ഷകര്‍ക്ക് മികച്ച ലാഭം നേടാനുള്ള ഗോവര്‍ദ്ധനം പദ്ധതി വൈക്കം ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പിലാക്കുന്നു. ക്ഷീര സഹകരണ സംഘങ്ങള്‍ രൂപവല്‍ക്കരിക്കുന്ന ഗ്രൂപ്പുകള്‍ മുഖേന പത്തു മുതല്‍ പന്ത്രണ്ട് മാസം വരെ പ്രായമുള്ള മുപ്പത് കിടാരികളെ വളര്‍ത്തുന്ന യൂണിറ്റ് സ്ഥാപിക്കുന്നതാണ് ഗോവര്‍ധന പദ്ധതി. ക്ഷീരവകുപ്പിന്റെ വിവിധ പദ്ധതികളിലേക്ക് ആവശ്യമുള്ള കറവ പശുക്കളെയും മറ്റും ഈ യൂണിറ്റുകളില്‍ നിന്ന് ലഭ്യമാക്കും. കൂടാതെ പ്രസവിച്ച ഉടനെ പശുവിനെയും കുഞ്ഞിനെയും ന്യായവിലക്ക് കര്‍ഷകര്‍ക്ക് വില്‍ക്കുകയും ചെയ്യും. തമിഴ്‌നാട്ടിലെ പൊള്ളാച്ചി, രാജപാളയം, കമ്പം, തേനി കര്‍ണാടകയിലെ കൃഷ്ണഗിരി, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് നിലവില്‍ കേരളത്തിലേക്ക് കറവ പശുക്കളെ കൊണ്ടു വരുന്നത്. ഇടനിലക്കാരെ ഒഴിവാക്കി പശുക്കളെ ലഭ്യമാക്കാന്‍ വേണ്ടിയാണ് വൈക്കത്തെ കിടാരി സംരക്ഷണശാല ഒരുക്കുന്നത്. കിടാരികളെ ശാസ്ത്രീയമായ പരിചരണം നല്‍കി വളര്‍ത്തി മികച്ച കറവ പശുക്കളാക്കി മാറ്റും. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ജോലിക്കാര്‍ക്ക് ദിനംപ്രതി 300 രൂപ കൂലി നല്‍കും. ഒരു യൂണിറ്റിന് 12 ലക്ഷം രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി അഞ്ചു ലക്ഷം രൂപ നല്‍കും. പദ്ധതി നടപ്പിലാക്കുന്ന ക്ഷീരോല്‍പാദക സംഘം അഞ്ചു ലക്ഷം രൂപയും, ഗ്രൂപ്പ് അംഗങ്ങള്‍ രണ്ടു ലക്ഷം രൂപയും നല്‍കണം. തദ്ദേശീയമായി കിടാരികളെ പരിപാലിച്ച് സംരക്ഷിക്കുന്ന കിടാരി സംരക്ഷണ ഗോശാലകളുടെ പ്രസക്തി വര്‍ദ്ധിച്ചു വരുന്നതു കൊണ്ടാണ് ഇത്തരം ഒരു ആശയവുമായി വൈക്കം ബ്ലോക്ക് പഞ്ചായത്ത് രംഗത്തെത്തിയിരിക്കുന്നത്.