Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തര്‍ക്കങ്ങള്‍ക്ക് പരിഹാരമായി: വൈക്കത്ത് മള്‍ട്ടിപ്ലക്‌സ് തീയറ്ററിന് വഴിതെളിയുന്നു
08/05/2018
നഗരസഭ ബീച്ചിലെ സിനിമാ തീയറ്റര്‍ നിര്‍മിക്കുന്നതുസംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി റവന്യുമന്ത്രിയുടെ ഓഫീസില്‍ ചേര്‍ന്ന യോഗം.

വൈക്കം: കായലോര ബീച്ചിനോടു ചേര്‍ന്നുള്ള സ്ഥലത്ത് മള്‍ട്ടിപ്ലക്‌സ് തീയറ്റര്‍ നിര്‍മിക്കുന്നതുസംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് പരിഹാരമായി. മന്ത്രിയുടെ ഓഫീസില്‍ നടന്ന ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ചുണ്ടായിരുന്ന ആശയക്കുഴപ്പം പരിഹരിച്ചത്. നഗരത്തില്‍ തീയേറ്റര്‍ ആരംഭിക്കുന്നതിനുവേണ്ടി കായലോര ബീച്ചിനു സമീപം 60 സെന്റ് സ്ഥലം ചലചിത്രവികസന കോര്‍പ്പറേഷനു വിട്ടുനല്‍കാന്‍ തയ്യാറായിരുന്നു. എന്നാല്‍ കായികാവശ്യങ്ങള്‍ക്കും സ്റ്റേഡിയം നിര്‍മാണത്തിനും മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയുടെ അടിസ്ഥാനത്തിലായിരുന്നു ആറര ഏക്കറലധികം വരുന്ന സ്ഥലം കായലോരത്ത് സര്‍ക്കാര്‍ നഗരസഭക്ക് കൈമാറിയിരുന്നത്. മറ്റ് ആവശ്യങ്ങള്‍ക്കൊന്നും ബീച്ചോ അനുബന്ധ സ്ഥലങ്ങളോ ഉപയോഗിക്കാന്‍ സാധിക്കാതെ വന്നത് തീയറ്റര്‍ നിര്‍മാണത്തില്‍ സാങ്കേതിക തടസ്സം സൃഷ്ടിച്ചു. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ നഗരസഭ മറ്റ് ആവശ്യങ്ങള്‍ക്കും ബീച്ച് ഉപയോഗിക്കുന്നതിന് അനുമതി നല്‍കണമന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനു കത്തു നല്‍കിയിരുന്നു. തീയറ്റര്‍ നിര്‍മാണം നീണ്ടതോടെ സി.കെ ആശ എം.എല്‍.എയാണ് പ്രശ്‌നം പരിഹരിക്കുന്നതിന് മന്ത്രിയെ സമീപിച്ചത്. യോഗത്തിലുണ്ടായ ധാരണപ്രകാരം 60 സെന്റ് സ്ഥലമാണ് ചലചിത്രവികസന കോര്‍പ്പറേഷനു കൈമാറുന്നത്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിറങ്ങിയാലുടന്‍ നഗരസഭ കെ.എസ്.എഫ്.ഡി.സിയുമായി കരാര്‍ ഒപ്പുവെക്കും. ആധുനിക സൗകര്യങ്ങളോടുകൂടിയ സിനിമാ തീയേറ്റര്‍ നിര്‍മിക്കുന്നതു സംബന്ധിച്ച സാധ്യതകള്‍ പരിശോധിക്കുന്നതിനും പ്രൊജക്ട് തയ്യാറാക്കുന്നതിനുമായി കിറ്റ്‌കോ പ്രതിനിധി സംഘം കഴിഞ്ഞദിവസം ബീച്ചിലെത്തി പരിശോധനകള്‍ നടത്തിയിരുന്നു. യോഗത്തില്‍ എം.എല്‍.എയെക്കൂടാതെ നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി, ജില്ലാ കളക്ടര്‍ ബി.എസ് തിരുമേനി, റവന്യു വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഷാജു, കെ.എസ്.എഫ്.ഡി.സി, ലാന്റ് റവന്യു, എല്‍.എസ്.ജി.ഡി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ചലച്ചിത്ര-നാടകരംഗത്ത് കാലങ്ങളെ അതിജീവിക്കുന്ന താരങ്ങളെ സംഭാവന ചെയ്ത വൈക്കത്ത് ഇന്ന് സിനിമ തീയറ്ററുകള്‍ ഓര്‍മ മാത്രമാണ്. കാലം മാറിയതനുസരിച്ച് മറ്റു സ്ഥലങ്ങളില്‍ സിനിമാശാലകള്‍ നൂതന സംവിധാനത്തിലൂടെ പുതുതലമുറക്ക് ആവേശമായപ്പോള്‍ വൈക്കത്തുണ്ടായിരുന്ന തീയറ്ററുകള്‍ക്കെല്ലാം പൂട്ടുവീണു. വൈക്കത്തിന്റെ സ്വന്തം കലാകാരന്‍മാരെ വെള്ളിത്തിരയില്‍ കാണണമെങ്കില്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട ദുര്‍ഗതിയാണ് വൈക്കത്തുകാര്‍ക്കുള്ളത്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായതോടെ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ഉടമസ്ഥതയില്‍ നഗരത്തില്‍ ആധുനിക നിലവാരത്തിലുള്ള മള്‍ട്ടിപ്ലക്‌സ് തീയറ്റര്‍ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ ആസ്വാദകര്‍.