Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്പ് ഗ്രാമപഞ്ചായത്തിലെ പിഞ്ചായത്ത് കടവ് പാലം നാടിന് സമര്‍പ്പിച്ചു.
28/01/2016
ചെമ്പ് ഗ്രാമപഞ്ചായത്തിലെ പിഞ്ചായത്ത് കടവ് പാലത്തിന്റെ ഉദ്ഘാടനം കെ.അജിത്ത് എം.എല്‍.എ നിര്‍വഹിക്കുന്നു

ചെമ്പ് ഗ്രാമപഞ്ചായത്തിലെ പിഞ്ചായത്ത് കടവ് പാലം നാടിന് സമര്‍പ്പിച്ചു. കെ.അജിത്ത് എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 86 ലക്ഷം രൂപ ചെലവഴിച്ചാണ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ചെമ്പ് പഞ്ചായത്തിലെ ഏനാദി, തുരുത്തുമ്മ ദ്വീപുകളെ തമ്മില്‍ ബന്ധിപ്പിച്ച് പാലം വേണമെന്ന പ്രദേശവാസികളുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ് ഇതോടെ യാഥാര്‍ത്ഥ്യമായത്. ഈ ആവശ്യം ഉന്നയിച്ച് ഇരുകരകളെയും തമ്മില്‍ ബന്ധിപ്പിച്ച് മനുഷ്യച്ചങ്ങല തീര്‍ത്തും പ്രതീകാത്മക നടപ്പാലം നിര്‍മിച്ചും നിരവധി വ്യത്യസ്ത സമരങ്ങള്‍ ഇവിടെ നടന്നിരുന്നു. ചെമ്പകശേരിക്കടവ് പാലവും കല്ലുകുത്താംകടവ് പാലവും വന്നതോടെ തുരുത്തുകളുടെ ഒററപ്പെടല്‍ മാറിയെങ്കില്‍ ഏനാദിയെയും തുരുത്തുമ്മയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് പിഞ്ചായത്ത് കടവിലെ കടത്തുവള്ളം മാത്രമായിരുന്നു ജനങ്ങള്‍ക്ക് ആശ്രയം. ഇത് എം.എല്‍.എയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ആസ്തി വികസനഫണ്ടില്‍ നിന്നും തുക അനുവദിക്കുകയായിരുന്നു. കേരള ലാന്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ മുഖേനയാണ് പാലം നിര്‍മിച്ചത്. പാലം യാഥാര്‍ത്ഥ്യമായതോടെ തേരാറ്റുപുഴ, കാട്ടിത്തറ, തച്ചാട്ട് കോളനികളില്‍ നിന്നുള്‍പ്പെടെയുള്ളവര്‍ക്ക് പഞ്ചായത്തിന്റെ ഭരണകേന്ദ്രമായ ബ്രഹ്മമംഗലത്തേക്ക് എത്തുന്നതിനും എറണാകുളം, വൈക്കം ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള ദൂരവും സമയവും ലാഭിക്കാനും സാധിക്കും.
പാലത്തിന്റെ ഉദ്ഘാടനം കെ.അജിത്ത് എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ചിത്രലേഖ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.എല്‍.ഡി.സി പ്രൊജക്ട് എഞ്ചിനീയര്‍ എ.എം സഞ്ജയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ രമേശന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സന്ധ്യാമോള്‍ സുനില്‍, വി.കെ രാജു, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍മാരായ എം.എസ് പ്രേമദാസന്‍, അഡ്വ. ജി.ഷീബ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വി.കെ പുഷ്‌ക്കരന്‍, ടി.സി ഷണ്‍മുഖന്‍, അഡ്വ. പി.വി സുരേന്ദ്രന്‍, തോമസ് കുററിക്കാടന്‍, ബഷീര്‍ പുത്തന്‍വീട്ടില്‍, പി.പി രവീന്ദ്രന്‍, പി.സി ഹരിദാസന്‍, അജിത്കുമാര്‍, ബിജുകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.