Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിയമങ്ങളും നിയന്ത്രണങ്ങളും കാറ്റില്‍ പറത്തി ടിപ്പറുകളുടെ മരണപ്പാച്ചില്‍
28/04/2018
ഇടയാഴം-കല്ലറ റോഡില്‍ നമ്പര്‍ പ്ലെയിറ്റുകള്‍ മറച്ചുകൊണ്ട് പായുന്ന ടോറസ് ടിപ്പര്‍.

വൈക്കം: നിയമങ്ങളും നിയന്ത്രണങ്ങളും കാറ്റില്‍ പറത്തി ടിപ്പറുകള്‍ പായുന്നു. വാഹനവകുപ്പിനെയും പോലീസിനെയും കാഴ്ചക്കാരാക്കി നിറുത്തിയാണ് ഇവയുടെ മരണപ്പാച്ചില്‍. രാവിലെയും വൈകുന്നേരവും ടിപ്പറുകള്‍ക്കും മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളുമെല്ലാം അട്ടിമറിക്കപ്പെടുകയാണ്. കുട്ടികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്ര വാഹനങ്ങളില്‍ പോകുന്നവര്‍ക്കും ഭയുന്നുവിറച്ചുവേണം യാത്ര ചെയ്യുവാന്‍. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ പരിശോധന കര്‍ശനമാക്കി പോലീസും വാഹനവകുപ്പും എത്തുന്നു. ഇത് കെട്ടടങ്ങുമ്പോള്‍ വീണ്ടും പഴയപടിയില്‍ തന്നെ ടിപ്പറുകള്‍ പായുന്ന സാഹചര്യമാണ്. കല്ലറ-ഇടയാഴം റോഡില്‍ ജനങ്ങളുടെ ജീവനു ഭീഷണി ഉയര്‍ത്തിയാണ് ടോറസ് ടിപ്പറുകളുടെ സഞ്ചാരം. അമിത വേഗത്തില്‍ സഞ്ചരിക്കുന്ന ടിപ്പറുകള്‍ അപകടപ്പെടുത്തുന്ന വഴിയാത്രക്കാര്‍ക്ക് വാഹനം തിരിച്ചറിയാതിരിക്കാന്‍ പുതിയ തന്ത്രവുമായി രംഗത്തെത്തിയിരിക്കുന്നത്. നമ്പര്‍ പ്ലെയിറ്റുകള്‍ കവര്‍ ചെയ്തു കൊണ്ടാണ് ഇവയുടെ മരണപ്പാച്ചില്‍. പ്രശ്‌നത്തില്‍ ഇടപെടലുകള്‍ നടത്തേണ്ട പോലീസും വാഹനവകുപ്പും കാഴ്ചക്കാരാകുന്ന അവസ്ഥയാണ്.

പരിശോധനകള്‍ പലപ്പോഴും പരാജയപ്പെടാന്‍ കാരണം കൃത്യമായി ലഭിക്കുന്ന പടിയാണെന്ന് ആക്ഷേപമുണ്ട്. പരിശോധനകള്‍ തുടങ്ങിയാല്‍ ടിപ്പറുകള്‍ റോഡിലൊതുക്കി ഡ്രൈവര്‍മാര്‍ വിശ്രമിക്കും. ഇവര്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍പോലും അധികാരികള്‍ക്ക് കഴിയുന്നില്ല. ടിപ്പറുകളുടെ അമിതവേഗം മൂലം പൊലിഞ്ഞ ജീവനുകള്‍ നിരവധിയാണ്. അപകടത്തില്‍ പരിക്കേറ്റു ഇപ്പോഴും ചികിത്സയില്‍ കഴിയുന്ന ഒട്ടനവധി പേരുണ്ട്. ടിപ്പറുകളുടെ അമിതവേഗം നിയന്ത്രിക്കുവാന്‍ അധികൃതര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് വെച്ചൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.