Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇന്‍ഡ്യക്കുമേല്‍ ഫാസിസത്തിന്റെ വിഷം പുരട്ടിയ വാള്‍: ബിനോയ് വിശ്വം
24/04/2018
സി.പി.ഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളന നഗറില്‍ ഉയര്‍ത്തുവാനുള്ള പതാക ജാഥയ്ക്ക് വൈക്കത്ത് നല്‍കിയ സ്വീകരണം.

വൈക്കം: ഇന്‍ഡ്യയുടെ എല്ലാ മഹത്തായ മൂല്യങ്ങള്‍ക്കുംമേല്‍ ആര്‍.എസ്.എസും ബി.ജെ.പിയും വര്‍ഗീയതയുടെ വിഷം പുരട്ടിയ വാളുയര്‍ത്തുകയാണെന്ന് സി.പി.ഐ ദേശീയ എക്‌സി. അംഗം ബിനോയ് വിശ്വം. 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പതാക ജാഥയ്ക്ക് വൈക്കത്ത് സ്വീകരണത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വംശവിവേചന രാഷ്ട്രീയത്തിന്റെയും കോര്‍പ്പറേറ്റ് ദാസ്യത്തിന്റെയുമാണ് ബി.ജെ.പിയുടെ അജണ്ട. അവര്‍ ഇനിയും ജയിച്ചാല്‍ നമ്മുടെ ജനാധിപത്യവും മതേതരത്വവും സോഷ്യലിസ്റ്റ് സ്വപ്നങ്ങളും മണ്ണടിയും. ഒരിക്കലും ആ ഫാസിസ്റ്റ് വിഷവാള്‍ ഇന്‍ഡ്യക്കുമേല്‍ പതിക്കരുതെന്ന് നിര്‍ബന്ധമുള്ള പാര്‍ട്ടിയാണ് സി.പി.ഐ എന്നും അദ്ദേഹം പറഞ്ഞു. ദളിതര്‍ക്ക് ഇന്‍ഡ്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്നു കരുതുന്നവരാണ് സംഘ്പരിവാര്‍. ബി.ജെ.പിയുടെ ഹിന്ദുവില്‍പ്പെടുന്നത് തമ്പുരാക്കന്‍മാര്‍ മാത്രമാണ്. എത്രയോ സംസ്ഥാനങ്ങളില്‍ ദളിതരെയും ന്യൂനപക്ഷങ്ങളെയും ഇവര്‍ ക്രൂരമായി വേട്ടയാടുന്നു. ബി.ജെ.പി എം.എല്‍.എമാര്‍ പോലും പെണ്‍കുട്ടികളെ വേട്ടയാടുന്നു. നരാധമന്‍മാരുടെ സംസ്‌കാരമാണ് സംഘ്പരിവാറിന്റേത്. ഈ ഫാസിസ്റ്റ് പൊതുശത്രുവിനെതിരെ മതേതര ജനാധിപത്യ വിശ്വാസികളുടെ പൊതുവേദി ഉണ്ടാകണമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
കയ്യൂരില്‍ നിന്നാരംഭിച്ച പതാക ജാഥയെ വൈകുന്നേരം നാലിന് പെരുവയില്‍ സ്വീകരിച്ചു. തുടര്‍ന്ന് ഇരുചക്ര വാഹനങ്ങളുടെയും റെഡ് വാളന്റിയേഴ്‌സിന്റെയും അകമ്പടിയോടെ വൈക്കം കച്ചേരിക്കവലയില്‍ എത്തിച്ചേര്‍ന്ന ജാഥയെ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്നു സമ്മേളനവേദിയിലേക്ക് ആനയിച്ചു. ബോട്ട്‌ജെട്ടി മൈതാനിയില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ എന്‍.എം മോഹനന്‍ അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍, സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി ബിനു, മഹിളാ സംഘം സംസ്ഥാന സെക്രട്ടറി അഡ്വ. പി.വസന്തം, കിസാന്‍സഭ സംസ്ഥാന സെക്രട്ടറി വി.ചാമുണ്ണി, ബി.കെ.എം.യു സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ കൃഷ്ണന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍, സി.കെ ആശ എം.എല്‍.എ, സി.പ.ഐ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ആര്‍.സുശീലന്‍, അഡ്വ. വി.കെ സന്തോഷ്‌കുമാര്‍, ലീനമ്മ ഉദയകുമാര്‍, ജില്ലാ കൗണ്‍സില്‍ അംഗം ടി.എന്‍ രമേശന്‍, പി.സുഗതന്‍, ജോണ്‍ വി.ജോസഫ്, മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, കെ.അജിത്ത് എന്നിവര്‍ പ്രസംഗിച്ചു.