Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൂക്കൈത-ശാസ്താംതുരുത്ത് നിവാസികള്‍ക്ക് കുടിവെള്ളമെത്തുന്നു
27/01/2016

രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന ചെമ്പ് ഗ്രാമപഞ്ചായത്തിലെ പൂക്കൈത-ശാസ്താംതുരുത്ത് നിവാസികള്‍ക്ക് കുടിവെള്ളമെത്തുന്നു. കുടിവെളളമെത്തിക്കുന്നതിന് മത്സ്യബന്ധന വകുപ്പുവഴി കേരള വാട്ടര്‍ അഥോറിട്ടി മുഖേനയാണ് കുടിവെള്ളപദ്ധതി നടപ്പിലാക്കുന്നത്. കെ.അജിത്ത് എം.എല്‍.എ മുന്‍കൈ എടുത്ത് തീരദേശ വികസന കോര്‍പ്പറേഷന്‍ വഴി സമര്‍പ്പിച്ച 14 ലക്ഷം രൂപയുടെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. കുടിവെള്ളവും വൈദ്യുതിയുമെല്ലാം തുരുത്ത് നിവാസികള്‍ക്ക് ഏറെ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. ഇവിടെ താമസിക്കുന്ന 42 കുടുംബങ്ങളും കായലില്‍ മത്സ്യബന്ധനം നടത്തിയാണ് ജീവിക്കുന്നത്. ദശാബ്ദങ്ങളായി ഇവിടുത്തെ ജനങ്ങള്‍ വള്ളങ്ങളിലാണ് ശുദ്ധജലം സംഭരിച്ചുകൊണ്ടുവന്ന് വീട്ടുകാര്യങ്ങള്‍ നിറവേററിയിരുന്നത്. തൊട്ടടുത്ത അറാതുകരി വരെയുള്ള പ്രദേശത്ത് പൈപ്പുലൈനുകള്‍ എത്തിയിരുന്നെങ്കിലും പൂക്കൈത-ശാസ്താംതുരുത്ത് നിവാസികള്‍ക്ക് കുടിവെള്ളം കിട്ടാക്കനിയായിരുന്നു. ഇതേത്തുടര്‍ന്ന് പ്രദേശത്തെ ജനങ്ങള്‍ പ്രശ്‌നം എം.എല്‍.എയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് വാട്ടര്‍ അഥോറിട്ടി വഴി എസ്റ്റിമേററ് തയ്യാറാക്കി പദ്ധതി സര്‍ക്കാരില്‍ സമര്‍പ്പിക്കുകയായിരുന്നു. കുടിവെള്ള പദ്ധതിയുടെ നിര്‍മാണോദ്ഘാടനം കെ.അജിത്ത് എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ചിത്രലേഖ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍, വാട്ടര്‍ അഥോറിട്ടി എക്‌സി. എഞ്ചിനീയര്‍ വി.മോഹനന്‍, അസി. എക്‌സി. എഞ്ചിനീയര്‍ ഷീജ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ രമേശന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ രാജു എന്നിവര്‍ പങ്കെടുത്തു.