Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മറവന്‍തുരുത്തില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ വീണ്ടും പൊട്ടി.
18/04/2018
മറവന്‍തുരുത്ത് പഞ്ചായത്തിലെ ഐ.എച്ച്.ഡി.പി കോളനി ജങ്ഷനില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ പൊട്ടിയ നിലയില്‍.

തലയോലപ്പറമ്പ്: മറവന്‍തുരുത്തില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ വീണ്ടും പൊട്ടി. ചേര്‍ത്തല താലൂക്കിലേയ്ക്ക് കുടിവെള്ളം കൊണ്ടുപോകുന്നതിനുവേണ്ടി സ്ഥാപിച്ചിരുന്ന നിലവിലെ പൈപ്പ് ലൈന്‍ ആണ് ഇന്നലെ രാവിലെ ഏഴിന് പൊട്ടിയത്. ടോള്‍-ചുങ്കം ടോള്‍ റോഡില്‍ ഐ.എച്ച്.ഡി.പി കോളനി ജങ്ഷനില്‍ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് റോഡ് ഇടിഞ്ഞ് താഴ്ന്നു വലിയ ഗര്‍ത്തം രൂപപെട്ടു. വെള്ളം ശക്തിയായി ഒഴുകിയതിനെ തുടര്‍ന്ന് സമീപത്തെ നിരവധി വീടുകളിലും സ്ഥാപനങ്ങളിലും വെള്ളവും ചെളിയും ഇരച്ചുകയറി നാശനഷ്ടം സംഭവിച്ചു. മറവന്‍തുരുത്ത് ശ്രീരാഗത്തില്‍ രഘുവരന്‍ നായര്‍, റഹിം മന്‍സിലില്‍ സാലി, പന്നിക്കോട്ടില്‍ സുധാകരന്‍ നായര്‍, അനില്‍കുമാര്‍ എന്നിവരുടെ കിണറുകളില്‍ മലിനജലം നിറഞ്ഞ് ഉപയോഗശൂന്യമായി മാറി. ജങ്ഷനു സമീപമുള്ള കണ്ണിമംഗലത്ത് അനില്‍കുമാറിന്റെ സ്ഥാപനത്തിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ വെള്ളം കയറി നശിച്ചു. പന്നിക്കോട് സുധാകരന്റെ മോട്ടോര്‍, നിഷാദ് മന്‍സിലില്‍ ഹാഷിമിന്റെ ഫാസ്റ്റ് ഫുഡ് കടയില്‍ സൂക്ഷിച്ചിരുന്ന പലവ്യഞ്ജന സാധനങ്ങള്‍ എന്നിവ വെള്ളം കയറിയതിനെ തുടര്‍ന്ന് ഉപയോഗശൂന്യമായി. സമീപത്തെ നിരവധി വീടുകളില്‍ വെള്ളവും ചെളിയും കയറിയതുമൂലം നശോന്മുഖമായി. പറയുന്നതിലും കൂടുതല്‍ അളവില്‍ വെള്ളം പമ്പ് ചെയ്തതാണ് പൈപ്പ് പൊട്ടാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ബന്ധപ്പെട്ട അധികൃതര്‍ ഉടന്‍ എത്തി പമ്പിങ് നിര്‍ത്തിയെങ്കിലും സമീപ പുരയിടങ്ങള്‍ മണിക്കൂറുകളോളം വെള്ളക്കെട്ടിലായി. ഇനിയും ഇതുപോലുള്ള പ്രവൃത്തികള്‍ തുടര്‍ന്നാല്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പണികള്‍ തടയാനാണ് നാട്ടുകാരുടെ തീരുമാനം. ഇന്നലത്തെ സംഭവം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയിലും വലിയ ആശങ്കകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. കാരണം കുടിവെള്ള പദ്ധതിക്കുവേണ്ടി വീണ്ടും മറവന്‍തുരുത്തിനെ ദുരിതക്കയത്തിലേക്ക് സര്‍ക്കാര്‍ ഒരുങ്ങിയപ്പോള്‍ സി.പി.എം ഉള്‍പ്പെടെയുള്ളവര്‍ അനുകൂല നിലപാടുകള്‍ സ്വീകരിച്ചിരുന്നു. കോണ്‍ഗ്രസും ബി.ജെ.പിയും എതിര്‍പ്പുകളുമായി രംഗത്തുവന്നെങ്കിലും ഇവരെയെല്ലാം അവഗണിച്ച് പണികള്‍ ആരംഭിക്കുകയായിരുന്നു. ഇന്നലത്തെ സംഭവത്തോടെ കാര്യങ്ങള്‍ പിടിവിട്ടിരിക്കുകയാണ്. ഏകദേശം എട്ടുവര്‍ഷത്തിലധികമായി ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ദുരിതവശങ്ങള്‍ അനുഭവിക്കുന്നവരാണ് മറവന്‍തുരുത്തുകാര്‍. ഈ പദ്ധതി കൊണ്ട് ഇവര്‍ക്ക് ഒരുതുള്ളി കുടിവെള്ളം പോലും ലഭിക്കുന്നില്ല.