Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭയുടെ 8-ാം വാര്‍ഡിലെ നാറാണത്ത് ബ്ലോക്കില്‍ നെല്‍കൃഷിക്കൊരുങ്ങി കര്‍ഷകര്‍.
13/04/2018
നാറാണത്ത് പാടശേഖരത്ത് കൃഷി ഇറക്കാന്‍ നഗരസഭ നല്‍കിയ പെട്ടിയും പറയും ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭയുടെ 8-ാം വാര്‍ഡിലെ നാറാണത്ത് ബ്ലോക്കില്‍ നെല്‍കൃഷിക്കൊരുങ്ങി കര്‍ഷകര്‍. ഇതിന്റെ ആദ്യപടി എന്നോണം നഗരസഭ പെട്ടിയും പറയും നല്‍കിയതോടെ കര്‍ഷകരുടെ കൂട്ടായ്മ സജീവമായിരിക്കുകയാണ്. 45 ഓളം കര്‍ഷകരാണ് ഇതിനായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. 36 ഏക്കര്‍ പാടശേഖരം 18 വര്‍ഷമായി തരിശു കിടക്കുകയായിരുന്നു. കൃഷിനടത്തിപ്പിനായി പൊതുതോടുകള്‍ വൃത്തിയാക്കി. ചാലുകീറി വെള്ളം കയറ്റിയിറക്കാനുള്ള സംവിധാനവും എത്തിയതോടെ കര്‍ഷകര്‍ ശുഭപ്രതീക്ഷയിലാണ്. പാടശേഖരം ശുചീകരിച്ച് വിളനിലമാക്കാന്‍ 13 ലക്ഷം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നതെന്ന് പാടശേഖരസമിതി പ്രസിഡന്റ് ജോസഫ് മറ്റപ്പള്ളിയും സെക്രട്ടറി എന്‍.കെ രാമചന്ദ്രനും പറഞ്ഞു. പാടമൊരുക്കുന്ന ജോലികള്‍ക്ക് ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി സഹായങ്ങള്‍ നല്‍കുമെന്ന് അസി.കൃഷി ഓഫീസര്‍ മെയ്‌സണ്‍ മുരളി പറഞ്ഞു. വര്‍ഷകൃഷിക്ക് ജൂണ്‍ ആദ്യവാരം വിത്ത് പാകും. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കര്‍ഷകര്‍ പറഞ്ഞു. പെട്ടിയുടെയും പറയുടെയും ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി നിര്‍വ്വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മ്മല ഗോപി അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ പി.ശശിധരന്‍, എസ്.ഹരിദാസന്‍ നായര്‍, ഷിബി സന്തോഷ്, കൃഷി ഓഫീസര്‍ അനില്‍കുമാര്‍, മെയ്‌സണ്‍ മുരളി, ജോസഫ് മറ്റപ്പള്ളി, എന്‍.കെ രാമചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.