Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വാതന്ത്ര്യലബ്ധിയ്ക്കു മുന്‍പ് രൂപീകൃതമായ പാലാക്കരി ഫിഷ്ഫാം വികസനപാതയില്‍.
25/01/2016
നിര്‍മാണ ജോലികള്‍ പുരോഗമിക്കുന്ന ചെമ്പ് പഞ്ചായത്തിലെ കാട്ടിക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യഫെഡിന്റെ പാലാക്കരി ഫിഷ് ഫാം

സ്വാതന്ത്ര്യലബ്ധിയ്ക്കു മുന്‍പ് രൂപീകൃതമായ പാലാക്കരി ഫിഷ്ഫാം വികസനപാതയില്‍. സംസ്ഥാന സര്‍ക്കാര്‍ 3.35 കോടി രൂപ മുടക്കി നടത്തുന്ന ഫാമിന്റെ വികസനപദ്ധതികളുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലെത്തിയിരിക്കുകയാണ്. 2.15 കോടി രൂപയുടെ പണികളാണ് പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്. ടൂറിസ്റ്റുകള്‍ക്ക് അറൈവല്‍ സെന്റര്‍, റസ്റ്റോറന്റ്, കിച്ചണ്‍, വ്യു ഡക്കുകള്‍, സഞ്ചാരികളെ ആകര്‍ഷിക്കുന്ന കൂടാരങ്ങള്‍, വാക് വേ എന്നിവായാണ് ഇതിലുള്ളത്. ഫാം. മാനേജര്‍ കെ.ജെ സാമുവലിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് ഫാമിനെ ഇപ്പോള്‍ സജീവമാക്കുന്നത്.
കഴിഞ്ഞ ആറുവര്‍ഷത്തിനു മുന്‍പുവരെ ഫാമിന്റെ പ്രവര്‍ത്തനം അത്ര കാര്യക്ഷമമല്ലായിരുന്നു. ടൂറിസത്തെ അടിസ്ഥാനമാക്കി മത്സ്യഫെഡ് മത്സ്യകൃഷി ആരംഭിച്ചതോടെയാണ് ആളൊഴിഞ്ഞ ഫാമില്‍ അനക്കമുണ്ടായിത്തുടങ്ങിയത്. കേരളത്തില്‍ മത്സ്യഫെഡിന് മൂന്ന് ഫിഷ് ഫാമുകളാണുള്ളത്. എറണാകുളം ജില്ലയിലെ ഞാറയ്ക്കലിലും, മാലിപ്പുറത്തുമാണ് മററു രണ്ടു ഫാമുകള്‍ നിലകൊള്ളുന്നത്. വിസ്തൃതിയുടെ കാര്യത്തിലും, പ്രകൃതി സൗന്ദര്യത്തിന്റേയുമെല്ലാം കാര്യത്തില്‍ പാലാക്കരി ഫാം തന്നെയാണ് ഒന്നാമന്‍. കായല്‍ തീരത്തിലൂടെ വിനോദസഞ്ചാരികള്‍ക്ക് സവാരി നടത്തുവാനുള്ള വിശാലമായ സൗകര്യമാണ് പുതിയ നവീകരണ ജോലികളിലെ ഏററവും വലിയ ആകര്‍ഷണം. വിദേശികള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ക്ക് അവരുടെ ഇഷ്ടാനുസരണം ഭക്ഷണം ഉണ്ടാക്കുവാനുള്ള നാടന്‍ കലവറയുമെല്ലാം ഇനി ഇവിടെ ഉണ്ടാകും. മൂന്ന് ജില്ലകളുടെ സംഗമസ്ഥലമായ ചെമ്പ് പഞ്ചായത്തിലെ കാട്ടിക്കുന്നിലാണ് ഫാം സ്ഥിതിചെയ്യുന്നത്. കരമാര്‍ഗവും കായല്‍ മാര്‍ഗവും ഫാമിലെത്താന്‍ കഴിയും. എറണാകുളം, കോട്ടയം ഭാഗങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് വാഹനങ്ങളിലും, ആലപ്പുഴ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് കായല്‍ മാര്‍ഗവും ഫാമില്‍ എത്തിച്ചേരാന്‍ സാധിക്കും. ചെമ്പ് പഞ്ചായത്തിനെ ടൂറിസ്റ്റ് വില്ലേജായി പ്രഖ്യാപിച്ചതോടെ പാലാക്കരി ഫാമിന്റെ സാധ്യതകള്‍ വര്‍ദ്ധിച്ചു. കോട്ടേജ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഇവിടെ വന്നാല്‍ കുമരകം, ആലപ്പുഴ, ഇത്തിപ്പുഴ ഭാഗങ്ങളിലെത്തുന്ന വിദേശികളെ ഫാമിലേക്ക് ആകര്‍ഷിപ്പിക്കാന്‍ സാധിക്കും. 120 ഏക്കര്‍ വരുന്ന ഫാമിന്റെ തീരങ്ങള്‍ തെങ്ങിന്‍ തോട്ടത്താല്‍ സമൃദ്ധമാണ്. ഫാമിനോടു ചുറരുപാടുള്ള ദ്വീപുകളില്‍ നിരവധി സ്വകാര്യ റിസോര്‍ട്ടുകളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഫാമിലെത്തുന്നവരുടെ സന്ദര്‍ശന ഫീസ് 200 രൂപയാണ്. ഭക്ഷണം ഉള്‍പ്പെടെ ഒരു ദിവസം മുഴുവന്‍ ബോട്ടുസവാരിയും ഇതില്‍പ്പെടും. സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ചൂണ്ടയിടുവാനുള്ള സൗകര്യവും ഇവിടെയുണ്ട്. വിസ്തൃതമായ ഫാമില്‍ കരിമീന്‍, പൂമീന്‍ മത്സ്യങ്ങളാണ് വളര്‍ത്തുന്നത്. ഇപ്പോള്‍ ഒരു ദിവസം 80 കിലോയിലധികം ചെമ്മീന്‍ ഫാമില്‍ നിന്നു ലഭിക്കുന്നു. ഇത് വലിയ വരുമാനമാണ് മത്സഫെഡിന് നല്‍കുന്നത്. സന്ദര്‍ശകര്‍ക്കുള്ള ഭക്ഷണത്തിന് ഇവിടെനിന്നു തന്നെയാണ് മീന്‍ എടുക്കുന്നത്. ഇതിനുശേഷം ബാക്കി വരുന്ന മത്സ്യങ്ങള്‍ മാര്‍ക്കററു വിലയേക്കാള്‍ താഴ്ത്തി വില്‍ക്കുന്നു. മത്സ്യത്തിന്റെ പ്രജനനത്തിന് കണ്ടല്‍ക്കാടുകള്‍ ഫാമിന്റെ വശങ്ങളില്‍ നട്ടുവളര്‍ത്തിയിട്ടുണ്ട്. കുടുംബശ്രീ പ്രവര്‍ത്തകരായ ആറ് വീട്ടമ്മമാരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന അടുക്കള സന്ദര്‍ശകരെ ഏറെ ആകര്‍ഷിപ്പിക്കുന്ന ഒന്നാണ്. പത്ത് തൊഴിലാളികള്‍ ഇവിടെയുണ്ട്. പാലാക്കാരാല്‍ രൂപീകൃതമായ ഫാമായതുകൊണ്ടാണ് ഇത് പാലാക്കരി ഫാം എന്നറിയപ്പെടുന്നത്. പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടര്‍ കെ.എസ് അലിയാരുടെ നേതൃത്വത്തില്‍ അതിവേഗത്തിലാണ് നിര്‍മാണജോലികള്‍ മുന്നോട്ടുനീങ്ങിക്കൊണ്ടിരിക്കുന്നത്.