Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംയുക്ത ട്രേഡ് യൂണിയനുകളുടെ പൊതുപണിമുടക്ക് വൈക്കത്ത് പൂര്‍ണം
03/04/2018
സംയുക്ത ട്രേഡ് യൂണിയനുകളുടെ പൊതുപണിമുടക്കിനെ തുടര്‍ന്ന് വിജനമായ വൈക്കം കച്ചേരിക്കവല.

വൈക്കം: സ്ഥിരം തൊഴില്‍ ഇല്ലാതാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടന്ന പൊതുപണിമുടക്ക് വൈക്കത്ത് പൂര്‍ണം; സമാധാനപരം. കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍, ഓട്ടോറിക്ഷ, ടാക്‌സി വാഹനങ്ങളൊന്നും തന്നെ നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടുന്നു. ബാങ്കുകള്‍, സ്‌കൂളുകള്‍, ബോട്ട്‌ജെട്ടി, കെ.എസ്.ആര്‍.ടി.സി ഡിപ്പോ, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയെല്ലാം പ്രവര്‍ത്തനരഹിതമായിരുന്നു. വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറി, കൊച്ചിന്‍ സിമന്റ്‌സ് എന്നിവയുടെ പ്രവര്‍ത്തനത്തെ പണിമുടക്ക് ഭാഗികമായി ബാധിച്ചു. പിറവം റോഡ് റെയില്‍വേ സേ്റ്റഷനില്‍ യാത്രക്കാരുടെ എണ്ണം തീരെ കുറവായിരുന്നു. നഗരസഭയിലും മറവന്‍തുരുത്ത്, ചെമ്പ്, വെള്ളൂര്‍, തലയോലപ്പറമ്പ്, ഉദയനാപുരം, തലയാഴം, വെച്ചൂര്‍ പഞ്ചായത്തുകളിലും പണിമുടക്ക് പൂര്‍ണമായിരുന്നു. ഗ്രാമീണ മേഖലകളിലും കടകള്‍ തുറന്നില്ല. വൈക്കം, തലയോലപ്പറമ്പ് ഗവണ്‍മെന്റ് ആശുപത്രികളില്‍ പണിമുടക്കിനിടയിലും രോഗികളുടെ വലിയ തിരക്കായിരുന്നു. പണിമുടക്കിനോടനുബന്ധിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ വൈക്കം ടൗണില്‍ നടത്തിയ പ്രകടനം കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിനു സമീപം സമാപിച്ചു. തുടര്‍ന്നു നടന്ന യോഗം എ.ഐ.ടി.യു.സി സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു നേതാവ് കെ.കെ ഗണേശന്‍ മുഖ്യപ്രഭാഷണം നടത്തി. ആര്‍.സുശീലന്‍, സി.കെ ആശ എം.എല്‍.എ, ജോര്‍ജ്ജ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ലീനമ്മ ഉദയകുമാര്‍, ഡി.രഞ്ജിത്കുമാര്‍, കെ.എസ്.രത്‌നാകരന്‍, പുഷ്‌കരന്‍, പി.ഹരിദാസന്‍, രാഗിണി മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.