Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കായലിനു നടുവിലെ തുരുത്തില്‍ നടത്തിയ മത്സ്യകൃഷിയില്‍ നൂറുമേനി വിളവ്.
25/01/2016
ടി.വി പുരം കൂട്ടുങ്കല്‍ ഷിബി കായലിനു നടുവിലെ തുരുത്തില്‍ നടത്തിയ മത്സ്യകൃഷിയുടെ വിളവെടുപ്പ്

കായലിനു നടുവിലെ തുരുത്തില്‍ നടത്തിയ മത്സ്യകൃഷിയില്‍ നൂറുമേനി വിളവ്. ടി.വി പുരം കൂട്ടുങ്കല്‍ ഷിബി തുരുത്തിലെ രണ്ടേക്കര്‍ നിലത്തില്‍ നടത്തിയ മത്സ്യകൃഷിയാണ് വന്‍വിജയം വരിച്ചത്. കട്‌ല, രോഹു, പിരാന എന്നിവയ്‌ക്കൊപ്പം കൊഞ്ചും ഇവിടെ കൃഷി ചെയ്തിരുന്നു. കായലില്‍ ലവണാംശമേറിയതോടെ മത്സ്യത്തിന്റെ വിളവെടുപ്പ് നേരത്തെയാക്കുകയായിരുന്നു. ഒരു ടണ്ണിലധികം കാര്‍പ്പ് മത്സ്യങ്ങള്‍ ലഭിച്ചു. ടി.വി പുരം പഞ്ചായത്തിന്റെ മത്സ്യസമൃദ്ധി പദ്ധതിപ്രകാരം നടത്തിയ മത്സ്യകൃഷിയില്‍ 30 കിലോയിലധികം കൊഞ്ചും ലഭിക്കുകയുണ്ടായി. മത്സ്യക്കുഞ്ഞുങ്ങളെ ഫിഷറീസ് വകുപ്പ് സൗജന്യമായാണ് നല്‍കിയത്. കഴിഞ്ഞ വര്‍ഷം ജില്ലയിലെ മികച്ച കാര ചെമ്മീന്‍ കര്‍ഷനായി ഷിബിയെ തെരഞ്ഞെടുത്തിരുന്നു. ഓരുവെള്ളമെത്തുമ്പോഴാണ് കാര ചെമ്മീന്‍ കൃഷി ആരംഭിക്കുന്നത്. കാര ചെമ്മീന്‍ കൃഷിക്ക് മുന്‍പുള്ള ഇടവേള പ്രയോജനപ്പെടുത്താനാണ് ഷിബി കാര്‍പ് മത്സ്യകൃഷി നടത്തിയത്. മത്സ്യത്തിന്റെ തീററക്കും അനുബന്ധസൗകര്യങ്ങള്‍ ഒരുക്കുന്നതിനും ചെലവ് വര്‍ദ്ധിച്ചത് കണക്കിലെടുത്ത് മത്സ്യതീററ നിരക്കുകുറച്ച് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചാല്‍ യുവാക്കളടക്കം കൂടുതല്‍ പേര്‍ മത്സ്യകൃഷി ചെയ്യുന്നതിന് മുന്നോട്ടുവരുമെന്ന് ഈ മത്സ്യകര്‍ഷകര്‍ പറയുന്നു. ഷിബിയ്‌ക്കൊപ്പം ഭാര്യ സുനി, വിദ്യാര്‍ത്ഥികളായ തൃഷ്ണ, കൗശിക് എന്നിവരും കൃഷിക്ക് സകലപിന്തുണയുമായി രംഗത്തുണ്ട്. ഷിബിയുടെ മത്സ്യകൃഷിരീതികള്‍ കണ്ടറിയുന്നതിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ പഞ്ചായത്തംഗങ്ങളും കൃഷിയിടത്തിലെത്തി വിളവെടുപ്പിന്റെ ആഹ്ലാദത്തില്‍ പങ്കാളികളായി. വൈസ് പ്രസിഡന്റ് ജീനാ തോമസ്, സെബാസ്റ്റ്യന്‍ ആന്റണി, ബീന മോഹന്‍, കവിത റെജി, അനിയമ്മ അശോകന്‍, സന്ധ്യ, ഷീലാ സുരേശന്‍, ഗീതാ ജോഷി, രാഖി സജേഷ്, രമ ശിവദാസ്, ഫിഷറീസ് പ്രൊജക്ട് അസിസ്റ്റന്റ് സജിത, മത്സ്യസമൃദ്ധി കോ-ഓര്‍ഡിനേററര്‍ സിന്ധു രാജേഷ് എന്നിവര്‍ പങ്കെടുത്തു.