Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാട്ടര്‍ അതോറിട്ടിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു
28/03/2018

തലയോലപ്പറമ്പ്: വാട്ടര്‍ അതോറിട്ടിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴായിട്ടും അധികൃതര്‍ക്ക് അനക്കമില്ല. തലയോലപ്പറമ്പ് പഞ്ചായത്ത് 15-ാം വാര്‍ഡില്‍പെടുന്ന ഇളംകാവ് മുട്ടുങ്കല്‍ റോഡില്‍ ചക്കുങ്കല്‍ ഭാഗത്താണ് പൈപ്പ്‌പൊട്ടി കുടിവെളളം പാഴായിക്കൊണ്ടിരിക്കുന്നത്. വെളളമൊഴുകി സമീപ പുരയിടങ്ങളില്‍ വെളളപ്പൊക്കത്തിന്റെ പ്രതീതി ജനിപ്പിച്ചിട്ടും നടപടികള്‍ ഒന്നും ആയിട്ടില്ല. പരാതി പറഞ്ഞിട്ടും നടപടിയില്ലാത്തതിനാല്‍ ഇനിയും എന്ത് എന്ന ആശങ്കയിലാണ് ജനങ്ങള്‍. വടയാര്‍ പ്രദേശത്തെ 100 കണക്കിന് കുടുംബങ്ങള്‍ക്ക് കുടിവെളളമെത്തിക്കുന്ന പൈപ്പാണ് പൊട്ടിക്കിടക്കുന്നത്. കുടിവെളളം പാഴാകുന്നതോടെ ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് കുടിവെളളം കിട്ടാക്കനിയാകുന്ന അവസ്ഥയാണ്. രണ്ടുമാസം മുന്‍പാണ് റോഡ് ടാറിങ് നടത്തി സഞ്ചാരയോഗ്യമാക്കിയത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എളുപ്പത്തില്‍ സഞ്ചരിക്കാനാകുന്ന റോഡുകൂടിയാണിത്. ആരാധനാലയം, ആശുപത്രി എന്നിവിടങ്ങളിലേക്കുളള വഴിയും ഈ റോഡിനുസമീപമാണ്. പൈപ്പ്‌പൊട്ടി വെളളം നിറഞ്ഞുകവിയുന്നത് മൂലം റോഡും സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. കാര്‍ഷികവിളകള്‍ വെളളക്കെട്ടുമൂലം നശിക്കുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഒട്ടേറെ വീട്ടുകാരുടെ കുടിവെളളമാണ് ഇല്ലാതാകുന്നത്. കടുത്ത വേനല്‍ച്ചൂടില്‍ കുടിവെളളത്തിനായി ജനങ്ങള്‍ നെട്ടോട്ടം ഓടുമ്പോഴാണ് ലക്ഷക്കണക്കിന് ലിറ്റര്‍ കുടിവെളള്ളം പാഴായിക്കൊണ്ടിരിക്കുന്നത്. കിണറുകളും, കുളങ്ങളും വറ്റിവരണ്ട അവസ്ഥയില്‍ ഏക ആശ്രയം പൈപ്പുവെള്ളം മാത്രമാണ്. കൊടിയ കുടിവെളള ക്ഷാമം നേരിടുമ്പോള്‍ അധികാരികള്‍ സമയാസമയങ്ങളില്‍ അറ്റകുറ്റപ്പണി നടത്താത്തതാണ് വെള്ളം പാഴാകാന്‍ കാരണമെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. ജലചോര്‍ച്ച അവസാനിപ്പിക്കാന്‍ വാട്ടര്‍ അതോറിട്ടി അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നതാണ് ജനകീയ ആവശ്യം.