Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'പ്രതിരോധം സാഹിത്യോത്സവം' 21, 22 തീയതികളില്‍
20/03/2018

വൈക്കം: തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളേജില്‍ സമകാലിക വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ കേരള സാഹിത്യ അക്കാദമി 'പ്രതിരോധം സാഹിത്യോത്സവം' അരങ്ങൊരുക്കുന്നു. ഇന്നും (21) നാളെ (22)യുമായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ സെമിനാറുകളും പ്രഭാഷണങ്ങളും കലാവിഷ്‌കാരങ്ങളും പുസ്തക പ്രകാശനവും നടക്കും. ഇന്ന് രാവിലെ 10ന് നടക്കുന്ന സെമിനാറില്‍ 'സ്ത്രീ എഴുത്തിലും പൊതുമണ്ഡലത്തിലും' എന്ന വിഷയത്തില്‍ തനുജ എസ്.ഭട്ടതിരി വിഷയം അവതരിപ്പിക്കും. ഡോ. എസ്.ലാലിമോള്‍ മോഡറേറ്റര്‍ ആയിരിക്കും. ഉച്ചക്ക് 12ന് നടക്കുന്ന സമ്മേളനം സാഹിത്യഅക്കാദമി പ്രസിഡന്റ് വൈശാഖന്‍ ഉദ്ഘാടനം ചെയ്യും. ഡോ. കെ.പി മോഹനന്‍ അധ്യക്ഷത വഹിക്കും. പ്രൊഫ.എം.കെ.സുലോചന, അശോകന്‍ ചെരുവില്‍ എന്നിവര്‍ പ്രസംഗിക്കും. രണ്ടിന് 'ദളിതവസ്ഥയുടെ പുതുപരിപ്രേക്ഷ്യം' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ഡോ.പത്മനാഭപിള്ള മോഡറേറ്റര്‍ ആയിരിക്കും. സണ്ണി കപിക്കാട് വിഷയാവതരണം നടത്തും. ഉച്ചകഴിഞ്ഞ് 3.30ന് 'തിണയുടെ വീണ്ടെടുപ്പ് പൊതു സാഹിത്യത്തില്‍' എന്ന വിഷയം എന്‍.അജയകുമാര്‍ അവതരിപ്പിക്കും. ഡോ. അംബിക എ.നായര്‍ മോഡറേറ്റര്‍ ആയിരിക്കും. 22ന് വൈക്കം സത്യഗ്രഹ സ്മാരക ഹാളിലാണ് സാഹിത്യോത്സവം നടക്കുന്നത്. രാവിലെ 9.30ന് 'നവമാധ്യമങ്ങള്‍ - പ്രതിരോധവും പ്രതിബോധവും' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. എന്‍.എസ് മാധവന്‍ വിഷയം അവതരിപ്പിക്കും. ആര്‍.രാഗി മോഡറേറ്ററാകും. 11.30ന് നടക്കുന്ന സെമിനാറില്‍ 'ദേശം, സ്വത്വം, പ്രവാസം, എഴുത്തില്‍' എന്ന വിഷയം ടി.ഡി.രാമകൃഷ്ണന്‍ അവതരിപ്പിക്കും. ഡോ. വി.മഞ്ജു മോഡറേറ്റര്‍ ആയിരിക്കും. ഉച്ചക്ക് രണ്ടിന് ചര്‍ച്ചയും പ്രബന്ധാവതരണവും നടക്കും. ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന സമാപനസമ്മേളനം ഉദ്ഘാടനവും പുസ്തകപ്രകാശനവും പ്രൊഫ. എം.കെ സാനു നിര്‍വഹിക്കും. ഡോ. കെ.പി. മോഹനന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ അഡ്വ.പി.കെ ഹരികുമാര്‍, വൈശാഖന്‍, പ്രൊഫ. കെ.കെ സുലോചന, ടി.ഡി രാമകൃഷ്ണന്‍, അശോകന്‍ ചെരുവില്‍, ഡോ. സി.രാവുണ്ണി, എസ്.ഹരീഷ്, പള്ളിപ്പുറം മുരളി, ഡോ. ആര്‍.അനിത, കെ.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ ഡി.ബി കോളേജ് പ്രിന്‍സിപ്പല്‍ ആര്‍.അനിത, മലയാള വിഭാഗം മേധാവി ഡോ. എസ്.ലാലിമോള്‍, കെ.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.