Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭക്തിസാന്ദ്രമായ അന്തരിക്ഷത്തില്‍ കുംഭാഷ്ടമി ആഘോഷിച്ചു.
10/03/2018
വൈക്കം മഹാദേവ ക്ഷേത്രത്തിലെ കുംഭാഷ്ടമിയുടെ കിഴക്കോട്ട് എഴുന്നള്ളിപ്പ് ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്നു.

വൈക്കം: ഭക്തിസാന്ദ്രമായ അന്തരിക്ഷത്തില്‍ കുംഭാഷ്ടമി ആഘോഷിച്ചു. ഉഷപൂജക്കും എത്യത്ത പൂജക്കും ശേഷം മേല്‍ശാന്തി ടി.ഡി നാരായണന്‍ നമ്പൂതിരി അഷ്ടമി ദര്‍ശനത്തിനായി നട തുറന്നു. ഈ ധന്യമുഹൂര്‍ത്തത്തില്‍ പെരും തൃക്കോവിലപ്പന്റെ സര്‍വാഭരണ വിഭൂഷിതമായ മോഹനരൂപം ദര്‍ശിച്ച് അനുഗ്രഹം വാങ്ങുവാന്‍ നൂറുകണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്. മേല്‍ശാന്തിമാരായ ടി.ഡി നാരായണന്‍ നമ്പൂതിരി, ശ്രീധരന്‍ നമ്പൂതിരി, അനൂപ് നമ്പൂതിരി, ശങ്കരന്‍ നമ്പൂതിരി എന്നിവര്‍ അഷ്ടമി പൂജയ്ക്ക് കാര്‍മികത്വം വഹിച്ചു.
വൈക്കത്തപ്പന്റെ പ്രഭാത ശ്രീബലിക്ക് ഗജരാജന്‍ പുതുപ്പള്ളി കേശവന്‍ ഭഗവാന്റെ തങ്കത്തിടമ്പേറ്റി. ചെറുശ്ശേരി രാജേന്ദ്രന്‍, വേമ്പനാട് അര്‍ജുനന്‍ എന്നിവര്‍ അകമ്പടിയായി അണിനിരന്നു. വൈക്കം പവിത്രന്‍, വൈക്കം വേണു ചെട്ടിയാര്‍, വൈക്കം ജയന്‍, വെച്ചൂര്‍ രാജേഷ്, തുറവൂര്‍ മധുസൂദനന്‍, കാര്‍ത്തിക് എന്നിവരും കലാപീഠം വിദ്യാര്‍ത്ഥികളും വാദ്യമേളം ഒരുക്കി. എഴുന്നള്ളിപ്പ് ക്ഷേത്രത്തിന് മൂന്നുതവണ വലംവെച്ചു. തുടര്‍ന്ന് തന്ത്രിമാരായ കിഴക്കിനിയേടത്ത് മേക്കാട് നാരായണന്‍ നമ്പൂതിരി, ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ ഏകാദശ രുദ്രഘൃത കലശം നടന്നു. അന്നദാന പ്രഭുവായ വൈക്കത്തപ്പന്റെ ഇഷ്ടവഴിപാടായ പ്രാതലില്‍ നൂറുകണക്കിന് ഭക്തരാണ് പങ്കെടുത്തത്. ഉദയനാപുരം ക്ഷേത്രത്തിലെ എഴുന്നള്ളിപ്പ് വൈകുന്നേരം അഞ്ചോടെ വൈക്കം ക്ഷേത്രത്തിലെത്തി. ഗജരാജന്‍ ഈരാറ്റുപേട്ട അയ്യപ്പന്‍ ഉദയനാപുരത്തപ്പന്റെയും വേമ്പനാട് അര്‍ജുനന്‍ വൈക്കത്തപ്പന്റെയും തിടമ്പ് വഹിച്ചു. ചെറുശ്ശേരി രാജേന്ദ്രന്‍, തോട്ടക്കാട് കണ്ണന്‍ എന്നീ ഗജവീരന്‍മാര്‍ അകമ്പടിയായി. എഴുന്നള്ളിപ്പ് ക്ഷേത്രത്തിന് ഒരുതവണ വലം വെച്ച് കൊടിമരചുവട്ടില്‍ എത്തിയതോടെ ഭക്തര്‍ നിറപറയും നിലവിളക്കും ഒരുക്കി എതിരേറ്റു.