Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓര്‍മകളുടെ കാഴ്ചകളായി വഴിയമ്പലവും ചുമടുതാങ്ങികളും
07/03/2018
വഴിയമ്പലം

വൈക്കം: കാലങ്ങള്‍ക്ക് മുമ്പുവരെ ജനങ്ങള്‍ക്കിടയില്‍ ജീവന്റെ തുടിപ്പുകളായിരുന്ന വഴിയമ്പലവും ചുമടുതാങ്ങികളും ഓര്‍മകളുടെ കാഴ്ചകളാകുന്നു. പഴയ തലമുറക്ക് ഇതെല്ലാം വലിയ അനുഭവങ്ങളായിരുന്നുവെങ്കില്‍ പുതിയതലമുറക്ക് ഇതിനെക്കുറിച്ച് അറിയമ്പോള്‍ ആവേശമാണ്. ആ ആവേശമാണ് ഇന്ന് പലസ്ഥലങ്ങളിലും വഴിയമ്പലങ്ങളെയും ചുമടുതാങ്ങികളെയും ഓര്‍മകളുടെ തിരുശേഷിപ്പുകളായി കാത്തുസൂക്ഷിക്കുന്നത്. കാല്‍നടയാത്രക്കാര്‍ക്ക് അനുഗ്രഹമായിരുന്ന വഴിയമ്പലങ്ങള്‍ ഇന്ന് നാശത്തിന്റെ വക്കിലാണ്. തലയോലപ്പറമ്പ്, വടയാര്‍ ഇളങ്കാവ് ദേവീ ക്ഷേത്ര പരിസരം, തുറുവേലിക്കുന്ന് ധ്രുവപുരം ശിവ ക്ഷേത്രത്തിനു സമീപം, വെച്ചൂര്‍ ശാസ്തക്കുളം ദേവീക്ഷേത്രത്തിന് മുന്‍വശം എന്നിവിടങ്ങളിലാണ് വഴിയമ്പലങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നത്. വടയാറും വെച്ചൂരും വഴിയമ്പലങ്ങള്‍ നാട്ടുകാരാല്‍ സംരക്ഷിക്കപ്പെടുന്നുണ്ടെങ്കിലും തലയോലപ്പറമ്പിലെയും, തുറുവേലിക്കുന്നിലെയും വഴിയമ്പലങ്ങളുടെ അവസ്ഥ ദയനീയമാണ്. പഴയ ഭൂപ്രഭുക്കളായിരുന്ന തലയോലപ്പറമ്പിലെ കണിയാംപടിക്കല്‍ കുടുംബാംഗമാണ് വഴിയമ്പലമിരിക്കുന്ന പതിനാല് സെന്റ് സ്ഥലവും ഇതിന്റെ നടത്തിപ്പിനായി മൂന്നുപറ നിലവും നല്‍കിയത്. വഴിയാത്രക്കാര്‍ക്ക് ദാഹമകറ്റാന്‍ ഇവിടെ സൗജന്യമായി മോര് വെള്ളം വിതരണം ചെയ്തിരുന്നു. ഇതിനായി ഒരാളെ നിയമിക്കുകയും ചെയ്തിരുന്നു. വാഹനസൗകര്യം ഇല്ലാതിരുന്ന കാലത്ത് തലയോലപ്പറമ്പ് കാര്‍ത്ത്യായനി ക്ഷേത്രത്തിന് മുന്‍വശത്തുകൂടിയായിരുന്നു പൊതുവഴി. അതുവഴി വരുന്ന യാത്രക്കാര്‍ക്ക് ക്ഷീണമകറ്റാന്‍ വഴിയമ്പലം അനുഗ്രഹമായിരുന്നു. കൂടെയുള്ള മൃഗങ്ങള്‍ക്ക് വെള്ളം കുടിക്കുന്നതിനായി നിര്‍മ്മിച്ച കല്‍പ്പടവുകളുള്ള കുളം ഇന്നും നിലനില്‍ക്കുന്നു. സമീപത്തുള്ള കിണറ്റില്‍ നിന്ന് വെള്ളം കോരിവെയ്ക്കുന്നതിന് കരിങ്കല്ലില്‍ തീര്‍ത്ത വലിയ മരവികളും ഇവിടെ ഇന്നും നശിക്കാതെ നിലനില്‍ക്കുന്നു. വെച്ചൂരില്‍ ശാസ്തക്കുളത്തിനുമുന്നിലുള്ള വഴിയമ്പലം ഇന്നും നാടിന്റെ സമ്പത്താണ്. പുലര്‍ച്ചെ മുതല്‍ വൃദ്ധജനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ തമ്പടിച്ചാണ് ഇന്നും നാട്ടുകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. ഇവിടെയെത്തുന്ന പത്രമാധ്യമങ്ങളും വഴിയന്വലത്തിന് അനുഗ്രഹമാണ്. വഴിയമ്പലത്തിന് കേടുപാടുകള്‍ സംഭവിക്കുമ്പോഴെല്ലാം അതെല്ലാം അപ്പോള്‍ തന്നെ നേരെയാക്കാനും നാട് ഒറ്റക്കെട്ടാണ്. എന്നാല്‍ തലയോലപ്പറമ്പിലെ വഴിയമ്പലത്തിന് സാമൂഹ്യവിരുദ്ധരാണ് ശല്യമാകുന്നത്. തുറുവേലിക്കുന്ന് ക്ഷേത്രത്തിനു സമീപമുള്ള വഴിയമ്പലം ഏറെ ഐതീഹ്യങ്ങള്‍ കുടികൊള്ളുന്ന ഒന്നാണ്. ഹനുമാന്‍ മരുത്വാമലയുമായി പോയ സമയം ഇതില്‍ നിന്നും ഒരു ഭാഗം അടര്‍ന്നുവീണാണ് തുറുവേലിക്കുന്ന് ക്ഷേത്രമുണ്ടായതെന്നും, ഇതിനുശേഷം ഇവിടെ വഴിയമ്പലം സ്ഥാപിതമായതെന്നാണ് വിശ്വാസം. ശ്രീരാമനും സീതയും ഈ വഴിയമ്പലത്തില്‍ വന്ന് ജനങ്ങളുടെ ക്ഷേമം അന്വേഷിച്ചിരുന്നതായും വിശ്വാസമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇത് ഏതു സമയവും നിലംപതിയ്ക്കാവുന്ന അവസ്ഥയിലാണ്. വടയാര്‍ ദേവീക്ഷേത്രത്തിന് മുന്‍പിലുള്ള വഴിയമ്പലം ഭക്തരുടെയും, ക്ലബ്ബുകളുടെയും സംരക്ഷണത്താല്‍ ഇന്നും പഴമയുടെ പ്രതാപത്തോടെ നിലനില്‍ക്കുന്നു.
അധ്വാനിക്കുന്ന ജനവിഭാഗത്തിനു താങ്ങും തണലുമായിരുന്ന ചുമടുതാങ്ങികളും ഇന്ന് ചരിത്രത്തിന്റെ ശേഷിപ്പായി നിലകൊള്ളുന്നുണ്ട്. വാഹനങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് തലയിലും ചുമലിലും ഏറ്റി കൊണ്ടുപോയിരുന്ന ചരക്കുകളും സാധനങ്ങളും ഇറക്കിവയ്ക്കാനും വിശ്രമിക്കാനുമായി ജനക്ഷേമതല്‍പരരായ പഴയ ഭരണാധികാരികള്‍ നിര്‍മിച്ച ചുമടുതാങ്ങികള്‍ ആധുനിക തലമുറയ്ക്ക് പുതുക്കാഴ്ച്ചയാണ്. ഏതു വലിയ ചുമടായാലും തലയിലും തോളത്തും ചുമന്നായിരുന്നു പഴയ കാലത്തുള്ളവരുടെ യാത്ര. ഈ യാത്രക്കിടെ വഴിയോരങ്ങളില്‍ പലയിടത്തും അത്താണികളുണ്ടാകും. അരികിലായി ചുമടുതാങ്ങിയും. അത്താണിയിലെത്തിയാല്‍ ചുമടിറക്കിവച്ച് യാത്രക്കാര്‍ വിശ്രമിക്കും. ദാഹമകറ്റാനുള്ള തണ്ണീര്‍പ്പന്തലുകളും അത്താണിയ്ക്ക് സമീപമുണ്ടാകും. അഞ്ചടിയാണ് ചുമടുതാങ്ങികളുടെ ഉയരം. തലയിലെ ചുമട് പരസഹായം കൂടാതെ ഇറക്കിവയ്ക്കാനും തിരിച്ച് തലയിലേറ്റാനുമുള്ള സൗകര്യത്തിനായിരുന്നു അത്. രണ്ടോ മൂന്നോ വലിയ കരിങ്കല്‍ തൂണുകള്‍ കുഴിച്ചിട്ട് അതിനു മുകളില്‍ നീളത്തിലുള്ള ഒറ്റക്കല്ലുവച്ചാല്‍ ചുമടുതാങ്ങിയായി. വാഹനസൗകര്യം വന്നതോടെ ചുമടുമായുള്ള യാത്രകളും അതോടെ ചുമടുതാങ്ങികളും ഇല്ലാതായി. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗ്രാമീണ മേഖലകളില്‍ പലയിടത്തും ചുമടുതാങ്ങികള്‍ ഉണ്ടായിരുന്നു. എന്നാല്‍ റോഡു നിര്‍മാണത്തിനും ബഹുനില കെട്ടിടങ്ങള്‍ക്കും വേണ്ടി ചുമടുതാങ്ങികളില്‍ പലതും നശിപ്പിക്കപ്പെട്ടു. പഴയകാലത്തിന്റെ സ്മരണകള്‍ പേറുന്ന ചുമടുതാങ്ങികള്‍ ഇന്ന് അപൂര്‍വ കാഴ്ചയാണ്. ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നതാണ് പൊതുജനങ്ങളുടെ ആവശ്യം.