Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വേനല്‍ കടുത്തതോടെ പ്രതിസന്ധിയിലായി ക്ഷീരമേഖലയും
06/03/2018
കനത്ത വേനലില്‍ കരിഞ്ഞുണങ്ങിയ പുല്ലുമേഞ്ഞ പാടങ്ങളിലൊന്ന്.

വൈക്കം: വേനല്‍ കടുത്തതോടെ നാടാകെ വെന്തുരുകുന്നു. കുടിവെള്ള ക്ഷാമം ജനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കപ്പ, വാഴ, പച്ചക്കറി കര്‍ഷകരും ജലക്ഷാമത്താല്‍ വട്ടം കറങ്ങുകയാണ്. ഇതിനിടയില്‍ വലിയ പ്രതിസന്ധിയാണ് ക്ഷീരമേഖലയിലും ഉണ്ടായിരിക്കുന്നത്. ചൂട് കൂടിയതോടെ പാടശേഖരങ്ങളെല്ലാം കരിഞ്ഞുതുടങ്ങിയതുമൂലം പശുക്കള്‍ക്ക് പുല്ല് ഇല്ലാതായി. പുല്ല് ലഭിക്കാതായതോടെ ക്ഷീരകര്‍ഷകര്‍ പരക്കംപായുകയാണ്. കാലിത്തീറ്റയുടെ ഗണ്യമായ വിലവര്‍ദ്ധനവില്‍ കര്‍ഷകര്‍ പലരും ആശ്രയിച്ചിരുന്നത് പാടശേഖരങ്ങളിലും നാട്ടുതോടുകളിലുമെല്ലാം നിറഞ്ഞുനിന്നിരുന്ന പുല്ലിനെയായിരുന്നു. എന്നാല്‍ കൊടുംവേനല്‍ ഇവരെയെല്ലാം ചതിച്ചു. ഇപ്പോള്‍ പലരും വൈക്കോലും കാലിത്തീറ്റയും നല്‍കിയാണ് പിടിച്ചുനില്‍ക്കുന്നത്. പുല്ല് കുറഞ്ഞതോടെ പശുക്കളില്‍ നിന്ന് ലഭിക്കുന്ന പാലിന്റെ അളവില്‍ ഗണ്യമായ കുറവ് ഉണ്ടായിരിക്കുകയാണ്. 15 ലിറ്ററോളം പാല്‍ ലഭിക്കുന്നിടത്ത് ഇപ്പോള്‍ ഏഴ് ലിറ്ററായി കുറഞ്ഞു. പ്രതിസന്ധി തരണം ചെയ്യാനാവാതെ ക്ഷീരകര്‍ഷകര്‍ ബുദ്ധിമുട്ടുന്നു. ചെമ്പ്, മറവന്‍തുരുത്ത്, ഉദയനാപുരം, തലയോലപ്പറമ്പ്, വെച്ചൂര്‍, തലയാഴം, വെള്ളൂര്‍ പഞ്ചായത്തുകളിലാണ് പുല്ല് ക്ഷാമം ക്ഷീരകര്‍ഷകരെ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ഈ ഏഴ് പഞ്ചായത്തുകളിലായി ഏകദേശം പതിനായിരത്തിലധികം ക്ഷീരകര്‍ഷകരുണ്ട്. 200 ലധികം ക്ഷീരസംഘങ്ങളും പ്രവര്‍ത്തിക്കുന്നു. പുല്ല് ക്ഷാമം പശുക്കളില്‍ നിന്ന് ലഭിക്കുന്ന പാലിന്റെ അളവില്‍ കുറവു വരുത്തിയതോടെ ദൈനംദിന പ്രവര്‍ത്തനത്തിനു ക്ഷീരസംഘങ്ങളും വലയുന്നു. പുല്ല് മുണ്ടാര്‍ മേഖലയില്‍ നിന്ന് ചെത്തി വില്‍പ്പന നടത്തുന്നവര്‍ അവസരം മുതലാക്കി വിലകൂട്ടി. ഒരു കെട്ടിനു 30 രൂപ ഉണ്ടായിരുന്നത് ഇപ്പോള്‍ 50 രൂപ വരെയായി. കാശിനു പുല്ല് വാങ്ങിയുള്ള പശു വളര്‍ത്തല്‍ ലാഭകരമല്ലെന്ന് ഭൂരിഭാഗം ക്ഷീരകര്‍ഷകരും പറയുന്നു.