Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മണ്ഡലത്തിന്റെ ഭൂരിഭാഗം മേഖലകളിലും പിടിമുറുക്കി കഞ്ചാവ് മാഫിയ
05/03/2018

വൈക്കം: മണ്ഡലത്തിന്റെ ഭൂരിഭാഗം മേഖലകളിലും കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. ബാറുകളും ബിവ്‌റേജ്‌സ് ഔട്ട്‌ലെറ്റുകളുമെല്ലാം സജീവമായിട്ടും യുവാക്കള്‍ കഞ്ചാവിന്റെ പുറകെ തന്നെയാണ്. പോലീസും എക്‌സൈസും കരുതലോടെ വിഷയത്തില്‍ ഇടപെടുന്നുണ്ടെങ്കിലും നിയമത്തിന്റെ പഴുതുകള്‍ വില്‍പനക്കാര്‍ക്ക് അനുകൂലമാവുകയാണ്. പതിനെട്ടിനും ഇരുപത്തിയഞ്ച് വയസ്സിനുമിടയില്‍ പ്രായമുള്ള യുവാക്കളാണ് കഞ്ചാവ് വില്‍പന നടത്തുന്നത്. മാസത്തില്‍ രണ്ടുതവണ കുടുങ്ങുന്നവര്‍ വീണ്ടും ഒരു മാസം കഴിയുമ്പോള്‍ വില്‍പനയുമായി രംഗത്തിറങ്ങുകയും വീണ്ടും എക്‌സൈസിന്റെ വലയില്‍പെടുകയും ചെയ്യുന്നു. കാരണം ഇവര്‍ക്കെല്ലാം നിയമം അനുശാസിക്കുന്നത് ചെറിയ ശിക്ഷകളാണ്. ഒരാഴ്ചയാണ് ശിക്ഷാകാലാവധി. ഒരു കിലോ കഞ്ചാവിലധികം കൈവശം വെക്കുന്നവര്‍ക്കുമാത്രമേ പരമാവധി ശിക്ഷ ഉറപ്പുവരുത്താന്‍ സാധിക്കുകയുള്ളുവെന്ന് എക്‌സൈസ് അധികാരികള്‍ പറയുന്നു. തലയോലപ്പറമ്പ്, വരിക്കാംകുന്ന്, വടകര, വൈക്കം ബീച്ച് പരിസരം, ബോട്ട്‌ജെട്ടി, തോട്ടകം, കൂവം, ചെമ്മനത്തുകര, മൂത്തേടത്തുകാവ്, വെച്ചൂര്‍, തലയാഴം ഭാഗങ്ങളിലാണ് കഞ്ചാവ് മാഫിയ ഏറ്റവുമധികം പിടിമുറുക്കിയിരിക്കുന്നത്. കാടുപിടിച്ചു കിടക്കുന്ന ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ പ്രദേശമാണ് വെള്ളൂരിലെ ഇവരുടെയെല്ലാം സങ്കേതം. നിരവധി തവണ ഇവിടെ നിന്ന് പലരെയും പിടികൂടിയിട്ടുണ്ട്. എന്നാല്‍ കമ്പനി പരിസരം ഇവര്‍ക്ക് രഹസ്യതാവളം തന്നെയാണ്. പോലീസും കമ്പനിയുടെ കാര്യങ്ങള്‍ നോക്കുന്ന സ്വകാര്യ സെക്യൂരിറ്റി ഏജന്‍സിയും ഈ വിഷയത്തില്‍ കാര്യമായ ഇടപെടല്‍ നടത്തുന്നില്ല. വെള്ളൂരിന്റെ ക്രമസമാധാന നിലയെ ഗുരുതരമായി ബാധിക്കുന്ന രീതിയിലാണ് മാഫിയകളുടെ അഴിഞ്ഞാട്ടം. തമിഴ്‌നാട്, ബാംഗ്ലൂര്‍ ഭാഗങ്ങളില്‍ നിന്ന് ഹാന്‍സ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ വന്‍തോതില്‍ ഇവര്‍ കമ്പനിയുടെ കാടുകളില്‍ സൂക്ഷിച്ചുവെക്കുന്നുണ്ട്. പകല്‍-രാത്രി സമയങ്ങളില്‍ നിരവധി പേരാണ് ഇരുചക്ര വാഹനങ്ങളില്‍ ഒഴിഞ്ഞുകിടക്കുന്ന ഫാക്ടറിയുടെ പ്രദേശങ്ങളില്‍ എത്തുന്നത്. എച്ച്.എന്‍.എല്ലിന്റെയും സ്വകാര്യ സിമന്റ് ഫാക്ടറിയുടെയും ഇടനാഴിയായുള്ള റോഡിന്റെ വശങ്ങളില്‍ സന്ധ്യ മയങ്ങിയാല്‍ അനാശാസ്യം ഉള്‍പ്പെടെയുള്ള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അരങ്ങേറുന്നു. ഇരുള്‍ വീണാല്‍ ഈ വഴിയുള്ള യാത്ര ഭയാനകമാണ്. ഇവിടെയുള്ള എസ്.എന്‍.ഡി.പിയുടെ ചങ്ങമത ക്ഷേത്രത്തിലേക്ക് പോകുന്ന വിശ്വാസികളും വളരെയധികം ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് യാത്ര ചെയ്യുന്നത്. മാഫിയകളുടെ അഴിഞ്ഞാട്ടത്തിനെതിരെ നാടിന്റെ പല സ്ഥലങ്ങളിലും ജനകീയ സമിതികളെല്ലാം രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുളളവരെ മാഫിയകള്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ക്ക് അടിമകളാക്കുന്നതിനൊന്നും തടയിടുവാന്‍ ഇവര്‍ക്കൊന്നും കഴിയുന്നില്ല. എക്‌സൈസും പോലീസുമെല്ലാം ജാഗ്രതാസദസ്സുകളുമായി രംഗത്തുണ്ടെങ്കിലും ഇതൊന്നും മാഫിയകള്‍ക്ക് തടയിടുവന്‍ വിലപ്പോവുന്ന മാര്‍ഗങ്ങള്‍ അല്ലാതായി മാറിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എക്‌സൈസും പോലീസും നടത്തിയ പരിശോധനയില്‍ പത്തിലധികം പേരാണ് കുടുങ്ങിയത്. ഇതില്‍ പലരും ക്രിമിനല്‍ കേസുകളില്‍ വരെ പ്രതികളായി ശിക്ഷയനുഭവിച്ച ശേഷം പുറത്തിറങ്ങിയവരാണ്. തോട്ടകത്തുനിന്നും കഞ്ചാവ് വില്‍പനയുടെ പേരില്‍ പിടികൂടിയ രണ്ടു യുവാക്കള്‍ ആറുതവണയിലധികം കഞ്ചാവിന്റെ പേരില്‍ ശിക്ഷയനുഭവിച്ചിട്ടുണ്ട്. എക്‌സൈസുകാരെപ്പോലും വെല്ലുവിളിച്ചാണ് ഇവരെല്ലാം വീണ്ടും വില്‍പന നടത്താന്‍ രംഗത്തുവരുന്നത്. അവധിക്കാലമെത്തന്നതോടെ മാഫിയകള്‍ കൂടുതല്‍ സജീവമാകാന്‍ സാധ്യതകളുണ്ടെന്ന് എക്‌സൈസ് അധികാരികള്‍ ഓര്‍മിപ്പിക്കുന്നു. ഇവിടെ യുവജന സംഘടനകളെല്ലാം എക്‌സൈസ് നടത്തുന്ന പ്രവൃത്തികളോട് സഹകരിച്ചാല്‍ ഒരു പരിധിവരെ പ്രശ്‌നം പരിഹരിക്കപ്പെടും.