Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ വൈകിയേക്കും.
05/03/2018

വൈക്കം: വേനല്‍ കടുത്തതും പ്രതീക്ഷിച്ചതുപോലെ വേനല്‍മഴ ലഭിക്കാത്തതുംമൂലം തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ വൈകിയേക്കും. ഈ വിഷമസന്ധിയില്‍ വെന്തുരുകുകയാണ് ഒന്നുമറിയാതെ ബണ്ട്. കാരണം ഷട്ടറുകള്‍ തുറക്കാന്‍ വൈകിയാല്‍ നാട്ടുതോടുകള്‍ ഉള്‍പ്പെടെ വറ്റിവരളും. ബണ്ടിലൂടെ ഒഴുകുന്ന ജലത്തിന്റെ സ്വാധീനം ഏറെയുള്ള കുമരകം, തലയാഴം, വെച്ചൂര്‍, തിരുവാര്‍പ്പ്, അയ്മനം, ആര്‍പ്പൂക്കര പഞ്ചായത്തുകളിലെല്ലാം ജലക്ഷാമം രൂക്ഷമായിരിക്കുകയാണ്.കനത്ത വെയിലില്‍ ചെറുതോടുകളും കുളങ്ങളും കിണറുകളുമെല്ലാം വറ്റിവരണ്ടു. വാഴ, പച്ചക്കറി കൃഷികള്‍ക്ക് ജലസേചനം നടത്താന്‍ മാര്‍ഗമില്ലാതെ കര്‍ഷകര്‍ വലയുകയാണ്. എന്നാല്‍ കുട്ടനാട്ടിലെ കൊയ്ത്ത് അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതിനാല്‍ ഷട്ടര്‍ തുറക്കുന്നത് ഇനിയും വൈകിയേക്കും. ബണ്ടിന്റെ തെക്കേയറ്റത്ത് ജലനിരപ്പ് തീരെ താഴെയാണ്. ഈ അവസ്ഥയില്‍ ബണ്ട് തുറന്നാല്‍ ഉപ്പുവെള്ളം ഇരച്ചുകയറി പ്രശ്‌നം കലുഷിതമാക്കും. പെട്ടെന്ന് ഉപ്പുവെള്ളം നിറയുന്നത് നെല്‍കൃഷിയേയും കുടിവെള്ള സ്രോതസുകളെയും ദോഷമായി ബാധിക്കും. ഉപ്പുവെള്ള ഭീഷണി ഏറ്റവും പ്രതികൂലമാക്കുന്നത് വൈക്കം, കടുത്തുരുത്തി മേഖലകളിലെ കുടിവെള്ള പദ്ധതികളെയായിരിക്കും. വര്‍ഷങ്ങള്‍ക്കുമുന്‍പ് മൂവാറ്റുപുഴയാറില്‍ വെട്ടിക്കാട്ടുമുക്ക് പാലത്തിനുസമീപം ഉപ്പുവെള്ളമെത്തിയിരുന്നു. തുടര്‍ന്ന് ലക്ഷങ്ങള്‍ മുടക്കി ഇവിടെ ബണ്ട് സ്ഥാപിച്ചെങ്കിലും എല്ലാം വഴിപാടായി മാറി. ഇത്തവണയും ഇത് ആവര്‍ത്തിച്ചാല്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ന്യൂസ്പ്രിന്റ് ഫാക്ടറിയുടെ പ്രവര്‍ത്തനത്തെത്തന്നെ സ്തംഭിപ്പിക്കും. വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ ബണ്ടിന്റെ പടിഞ്ഞാറന്‍ മേഖല കുടിവെള്ളത്തിനായി വലയും. ഇക്കാരണങ്ങളെല്ലാം ചൂണ്ടിക്കാട്ടി ബണ്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നത് നീട്ടിവയ്ക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ദീര്‍ഘവീക്ഷണത്തോടെയുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് ഈ വിഷയത്തില്‍ വേണ്ടത്.