Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അവസാനഘട്ട മിനുക്കുപണികളുമായി വൈക്കത്തെ കോടതി സമുച്ഛയം
02/03/2018
നിര്‍മാണം പൂര്‍ത്തിയാകുന്ന വൈക്കത്തെ കോടതി സമുച്ഛയം

വൈക്കം: തിരുവിതാംകൂറിന്റെ ചരിത്രത്തോടൊപ്പംതന്നെ പഴക്കമുള്ള വൈക്കത്തെ കോടതി സമുച്ഛയത്തിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയാകുന്നു. അവസാനഘട്ട മിനുക്കുപണികളാണ് ഇപ്പോള്‍ നടക്കുന്നത്. ചരിത്രത്തിന്റെ നാള്‍ വഴികളില്‍ രേഖപ്പെടുത്തിയ ഒരു കോടതിയാണ് വൈക്കത്തേത്. തിരുവിതാംകൂര്‍ രാജ്ഞി റാണി ഗൗരി ലക്ഷ്മിഭായിയും, ബ്രിട്ടീഷ് വൈസ്രോയി കേണല്‍ മണ്‍റോയും ചേര്‍ന്ന് നീതിന്യായ രംഗത്ത് നടപ്പിലാക്കിയ പരിഷ്‌കാരങ്ങളുടെ പരിണിത ഫലമാണ് വൈക്കം കോടതി. 1811ല്‍ രാജകീയ വിളംബര കാലത്താണ് ഈ കോടതി സ്ഥാപിതമായത്. വൈക്കം മഹാദേവ ക്ഷേത്രത്തിനു സമീപം കച്ചേരിക്കവലയിലെ തെക്കുവശം വടക്കുംകൂര്‍ കൊട്ടാരത്തിന്റെ കീഴിലുണ്ടായിരുന്ന നാടുവാഴി കുടുംബമായ 'ഇണ്ടംതുരുത്തി മന'യുടെ തായ്‌വഴിയില്‍പ്പെട്ട ഞളളയില്‍ നമ്പൂതിരിയുടെ മനയിലാണ് ആദ്യത്തെ കോടതിയുടെ തുടക്കം. 1956 മുതല്‍ 1960 വരെ ഇവിടെ സബ്‌കോടതിയും, പ്രിന്‍സിപ്പള്‍ മുന്‍സിഫ് കോടതിയും രണ്ട് അഡീഷണല്‍ മുന്‍സിഫ് കോടതികളും, രണ്ട് മജിസ്‌ട്രേട്ട് കോടതികളും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. കാലക്രമത്തില്‍ ഇതെല്ലാം പഴകിയ ഓര്‍മകളുടെ പ്രൗഢിയായി മാറി. ഇവിടെ ഇപ്പോള്‍ നിലവില്‍ മജിസ്‌ട്രേട്ട് കോടതിയും മുനിസിഫ് കോടതിയുമാണ് പ്രവര്‍ത്തിക്കുന്നത്. അസൗകര്യങ്ങള്‍ നിറഞ്ഞ ഈ കോടതിക്ക് 13 കോടി രൂപ നിര്‍മാണ ചെലവില്‍ ബഹുനില കെട്ടിടത്തില്‍ കോടതി പ്രവര്‍ത്തനം ആരംഭിക്കുന്നതിന് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് തുക അനുവദിച്ചത്. ത്വരിതഗതിയിലാണ് നിര്‍മാണജോലികള്‍ നടന്നുകൊണ്ടിരിക്കുന്നത്. നാലു നിലകളുള്ള പുതിയ കോടതി സമുച്ചയത്തില്‍ താഴത്തെ നിലയില്‍ പാര്‍ക്കിങ് സൗകര്യത്തോടു കൂടിയ ബഹുനില മന്ദിരമാണ് നിര്‍മിക്കുന്നത്. കുടുംബ കോടതിയും, എം.എ.സി.ടി കോടതിയും കൂടി ഇവിടെ ലഭിച്ചാല്‍ നിലവില്‍ വൈക്കത്തുനിന്നും കുടുംബ ഭദ്രതയ്ക്കും, വാഹന അപകട ആനുകൂല്യങ്ങള്‍ക്കുമായി പാലാ, ഏറ്റുമാനൂര്‍, കോട്ടയം ഭാഗങ്ങളിലേക്ക് പോകുന്നവര്‍ക്ക് ഏറെ ആശ്വാസകരമായിരിക്കും ഇത്. ഈ രണ്ടു വിഭാഗങ്ങള്‍ കൂടി വൈക്കത്തിനു ലഭിച്ചാല്‍ പഴയകാല പ്രൗഢിയിലേക്ക് വൈക്കം കോടതിയെ തിരിച്ചുകൊണ്ടുവരാനാകും എന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ ജനങ്ങളും നിയമജ്ഞരും.