പച്ചക്കറി തൈകള്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു
28/02/2018
വൈക്കം: നഗരസഭയും സംസ്കൃതി റസിഡന്റ്സ് അസോസിയേഷനും ചേര്‍ന്നു നട്ടുവളര്‍ത്തിയ വിവിധയിനം പച്ചക്കറി തൈകള്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. നഗരസഭ 18-ാം കെ.വി കനാലിന്റെ സൈഡിലുള്ള റോഡ് പുറമ്പോക്ക് ഭാഗത്ത് സ്ഥിരമായി മാലിന്യങ്ങള്‍ നിക്ഷേപിച്ചിരുന്നതുമൂലം പരിസരവാസികള്‍ക്കും യാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മാലിന്യനിര്‍മാര്‍ജ്ജനത്തിനായി നഗരസഭയുടെ അനുമതിയോടെ കനാല്‍ സൈഡില്‍ 200 മീറ്ററോളം നീളത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെയും മറ്റും സഹായത്തോടെ പച്ചക്കറി കൃഷി നടത്തിയത്. പാവല്‍, പടവലം, വെള്ളരി, പയര്‍, വഴുതന, പച്ചമുളക്, വെണ്ട എന്നിവയാണ് ജൈവവളം ഉപയോഗിച്ച് കൃഷി ചെയ്തിരുന്നത്. മാലിന്യ നിര്‍മാര്‍ജ്ജനത്തോടൊപ്പം ജൈവപച്ചക്കറികള്‍ ഉല്പാദിപ്പിച്ച് അസോസിയേഷന് അംഗങ്ങളുടെ വീടുകളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ചെയ്ത കൃഷിയാണ് മുഴുവനായി പിഴുതെടുത്ത് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്. ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്കി. നഗരസഭ ചെയര്‍പേഴ്സണ്‍ എസ്.ഇന്ദിരാദേവി, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ജി.ശ്രീകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ എം.ടി അനില്‍കുമാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.