Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ഫാക്ടറി സ്വകാര്യവല്‍കരിക്കുമെന്ന സൂചന മുതലാക്കി കമ്പനിപരിസരം സാമൂഹ്യവിരുദ്ധര്‍ കയ്യടക്കുന്നു.
27/02/2018

തലയോലപ്പറമ്പ്: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒന്നായ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ഫാക്ടറി സ്വകാര്യവല്‍കരിക്കുമെന്ന സൂചന മുതലാക്കി കമ്പനിപരിസരം സാമൂഹ്യവിരുദ്ധര്‍ കയ്യടക്കുന്നു. കഞ്ചാവ് ഉള്‍പ്പെടെയുള്ള ഞെട്ടിപ്പിക്കുന്ന ലഹരിവസ്തുക്കള്‍ കമ്പനിയുടെ ഒഴിഞ്ഞുകിടക്കുന്ന പുറമ്പോക്കുകളില്‍ ഒളിപ്പിച്ചുവെക്കുന്നതായാണ് രഹസ്യവിവരം. ഇപ്പോള്‍ പോലീസും കമ്പനിയുടെ കാര്യങ്ങള്‍ നോക്കുന്ന സ്വകാര്യ സെക്യൂരിറ്റി ഏജന്‍സിയും ഈ വിഷയത്തില്‍ കാര്യമായ ഇടപെടല്‍ നടത്തുന്നില്ല. വെള്ളൂരിന്റെ ക്രമസമാധാന നിലയെ ഗുരുതരമായി ബാധിക്കുന്ന രീതിയിലാണ് മാഫിയകളുടെ അഴിഞ്ഞാട്ടം. പഞ്ചായത്തിലെ വടകര, വരിക്കാംകുന്ന്, ഇറുമ്പയം, കല്ലുവേലി, തോന്നല്ലൂര്‍, ടൗണ്‍ എന്നിവിടങ്ങളിലെല്ലാം നിരോധിക്കപ്പെട്ട ലഹരിവസ്തുക്കള്‍ സുലഭമായി ലഭിക്കുന്നുണ്ട്. തമിഴ്‌നാട്, ബാംഗ്ലൂര്‍ ഭാഗങ്ങളില്‍ നിന്ന് ഹാന്‍സ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ വന്‍തോതില്‍ ഇവര്‍ കമ്പനിയുടെ കാടുകളില്‍ സൂക്ഷിച്ചുവെക്കുന്നുണ്ട്. പകല്‍-രാത്രി സമയങ്ങളില്‍ നിരവധി പേരാണ് ഇരുചക്ര വാഹനങ്ങളില്‍ ഒഴിഞ്ഞുകിടക്കുന്ന ഫാക്ടറിയുടെ പ്രദേശങ്ങളില്‍ എത്തുന്നത്. വിഷയത്തിന്റെ ഗൗരവം ഇത്രയധികം വര്‍ധിച്ചിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ല. എച്ച്.എന്‍.എല്ലിന്റെയും സ്വകാര്യ സിമന്റ് ഫാക്ടറിയുടെയും ഇടനാഴിയായുള്ള റോഡിന്റെ വശങ്ങളില്‍ സന്ധ്യ മയങ്ങിയാല്‍ അനാശാസ്യം ഉള്‍പ്പെടെയുള്ള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അരങ്ങേറുന്നു. ഇരുള്‍ വീണാല്‍ ഈ വഴിയുള്ള യാത്ര ഭയാനകമാണ്. ഇവിടെയുള്ള എസ്.എന്‍.ഡി.പിയുടെ ചങ്ങമത ക്ഷേത്രത്തിലേക്ക് പോകുന്ന വിശ്വാസികളും വളരെയധികം ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് യാത്ര ചെയ്യുന്നത്. കമ്പനി സ്വകാര്യവല്‍ക്കരിക്കുന്ന സൂചന സജീവമായതോടെയാണ് സാമൂഹ്യവിരുദ്ധര്‍ ഇത്രയധികം ശക്തമായത്. അല്ലെങ്കില്‍ വര്‍ഷത്തില്‍ രണ്ടുമൂന്നു തവണ കാടുനിറഞ്ഞു കിടക്കുന്ന പ്രദേശങ്ങള്‍ കമ്പനിയുടെ നേതൃത്വത്തില്‍ വെട്ടിത്തെളിക്കുമായിരുന്നു. ഇനിയെങ്കിലും ഈ വിഷയത്തില്‍ കരുതലോടെ ഇടപെടുവാന്‍ പഞ്ചായത്ത് അധികാരികളെങ്കിലും മുന്നിട്ടിറങ്ങണമെന്നതാണ് നാടിന്റെ ജനകീയ ആവശ്യം.