Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജി.എസ്.ടിയുടെ പേരില്‍ പകല്‍കൊള്ള നടത്തി വൈക്കത്തെ കോഴി വ്യാപാരികള്‍
24/02/2018

വൈക്കം: ജി.എസ്.ടിയുടെ പേരില്‍ വൈക്കത്തെ കോഴി വ്യാപാരികള്‍ നടത്തുന്ന പകല്‍കൊള്ള ഇന്നും തുടരുന്നു. നടപടികള്‍ സ്വീകരിക്കേണ്ട അധികാരികള്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. ഞായറാഴ്ചകളിലാണ് ഇവര്‍ ഏറ്റവുമധികം അഴിഞ്ഞാട്ടം നടത്തുന്നത്. മണ്ഡലത്തിലെ വെള്ളൂര്‍ മുതല്‍ വെച്ചൂര്‍ വരെ കോഴിക്കടകളിലെ വിലനിലവാരം നോക്കിയാല്‍ ഇവര്‍ നടത്തുന്ന പകല്‍ക്കൊള്ള ആരെയും അതിശയിപ്പിക്കുന്നതാണ്. ഇന്നലെ വല്ലകത്തുള്ള കോഴിക്കടകളില്‍ 78 രൂപയ്ക്ക് ഇറച്ചി ലഭിച്ചപ്പോള്‍ തലയോലപ്പറമ്പിലും ടി.വി പുരത്തും ചെമ്മനത്തുകരയിലും എല്ലാം 90 രൂപയായിരുന്നു വില. ടി.വി പുരം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കടയില്‍ വല്ലകം സ്വദേശിയായ യുവാവ് ഇറച്ചി വാങ്ങാനെത്തിയപ്പോള്‍ ഞങ്ങളുടെ നാട്ടിലെ കടയില്‍ ഇന്നത്തെ വില 78 ആണെന്നു പറയുന്നു. ഉടനെ മറുപടിയെത്തി, ഇത് താന്‍ വളര്‍ത്തുന്ന കോഴിയാണെന്നും ഇതില്‍ ഹോര്‍മോണുകള്‍ ഒന്നും കുത്തിയിട്ടില്ലെന്നും പിന്നെ ജി.എസ്.ടി നല്‍കണമെന്നും. പഞ്ചായത്തിനെ പറ്റിച്ച് വീടിന്റെ ടെറസുകളിലെല്ലാം നികുതി അടക്കാതെ ഇപ്പോള്‍ കോഴിഫാമുകള്‍ ഉയരുകയാണ്. സര്‍ക്കാരിന് ഒരുരൂപ പോലും നികുതി നല്‍കാതെ ജനങ്ങള്‍ ജി.എസ്.ടി നല്‍കി നടത്തുന്ന വ്യാപാരസ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടത് അനിവാര്യമാണ്. ജി.എസ്.ടി നിലവില്‍വന്ന ദിവസം മുതല്‍ തുടങ്ങിയതാണ് കോഴിക്കടകളുടെ അഴിഞ്ഞാട്ടം. വാങ്ങാനെത്തുന്ന സാധാരണക്കാരായ ഉപഭോക്താക്കള്‍ ഇതിനെതിരെയെല്ലാം പ്രതികരിക്കുന്നുണ്ടെങ്കിലും വിഷയത്തില്‍ ഇടപെടേണ്ട ഭക്ഷ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഒന്നും അനങ്ങുന്നില്ല. ഇനിയെങ്കിലും മൗനം വെടിഞ്ഞ് ജനങ്ങളെ വെല്ലുവിളിക്കുന്ന കച്ചവടക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണം.