Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പട്ടികജാതിക്കാരനെ മര്‍ദ്ദിച്ച എസ്.ഐക്കെതിരെ കേസ്സെടുത്തു
23/02/2018

വൈക്കം: ആളുമാറി പട്ടികജാതിക്കാരനെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ച എസ്.ഐക്കെതിരെ കേസ്സെടുത്തു. ഉദയനാപുരം പഞ്ചായത്ത് പനമ്പ്കാട് ആലവേലിത്തറ പരമേശ്വരന്‍(49)നെയാണ് പ്രൊബേഷന്‍ എസ്.ഐ രൂപേഷ് മര്‍ദ്ദിച്ചത്. ഇരു കരണത്തും അടിച്ചതിനെ തുടര്‍ന്ന് ചെവിക്കും കണ്ണിനും പരിക്കേറ്റ പരമേശ്വരനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയതിന് ശേഷം വൈക്കം താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച രാത്രി 7.30നാണ് സംഭവം. അറസ്റ്റ് വാറണ്ടുള്ള ഒരു പ്രതിയുടെ ഫോണിലേയ്ക്ക് കൊറിയര്‍ സര്‍വ്വീസില്‍ നിന്നാണ് വിളിക്കുന്നതെന്നും ഉദയനാപുരം തെക്കേനടയില്‍ എത്തിയാല്‍ കൊറിയര്‍ തരാമെന്നും ഫോണ്‍ ചെയ്തയാള്‍ പറഞ്ഞതനുസരിച്ചാണ് പ്രതിയുടെ ബന്ധുകൂടിയായ പരമേശ്വരന്‍ ഉദയനാപുരത്തെത്തിയത്. ഈ സമയം അവിടെ കാത്തുകിടന്നിരുന്ന പോലീസ് ജീപ്പിലേയ്ക്ക് പരമേശ്വരനെ ബലമായി പോലീസ് പിടിച്ചു കയറ്റിക്കൊണ്ടുപോയി. പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചതോടെ പരമേശ്വരന്റെ ഇരു കരണത്തും പ്രൊബേഷന്‍ എസ്.ഐ അടിച്ചു. ഞാനല്ല പ്രതിയെന്നും എന്റെ ബന്ധുവാണ് പ്രതിയെന്ന് പറഞ്ഞിട്ടും എസ്.ഐയുടെ കലിയടങ്ങിയില്ല. വീണ്ടും ഇയാള്‍ കരണത്തടിച്ചതോടെ പരമേശ്വരന്‍ ബോധരഹിതനായി നിലത്തുവീണു. സംഭവം അറിഞ്ഞ് പൊതുപ്രവര്‍ത്തരും ബന്ധുക്കളും പോലീസില്‍ സ്‌റ്റേഷനില്‍ എത്തിയാണ് പരമേശ്വരനെ താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ബോധ രഹിതനായി കിടന്ന ഇയാളെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ നല്‍കിയതിന് ശേഷമാണ് വൈക്കം താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ചെവികള്‍ക്ക് പരിക്കുപറ്റിയതിനെ തുടര്‍ന്ന് വിദഗദ്ധ ചികിത്സയ്ക്കായി ശുപാര്‍ശ ചെയ്തിരിക്കുകയാണ് ഡോക്ടര്‍മാര്‍. നിരപരാധിയായ പട്ടികജാതിക്കാരനെ മര്‍ദ്ദിച്ച പ്രൊബേഷന്‍ എസ്.ഐയെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യണമെന്ന് പട്ടികജാതി ക്ഷേമസമിതി ജില്ലാ സെക്രട്ടറി എ.കെ ബാബു ആവശ്യപ്പെട്ടു.