Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗ്രാമങ്ങളിലെ നേര്‍ക്കാഴ്ചകളായി പഴമയുടെ അടുക്കള
23/02/2018
ടി.വി പുരം പഞ്ചായത്തിലെ ചെമ്മനത്തുകരയില്‍ വീട്ടുമുറ്റത്ത് ഉയര്‍ന്നിരിക്കുന്ന പഴമയുടെ അടുക്കള.

വൈക്കം: ഗ്യാസിന്റെയും മണ്ണെണ്ണയുടെയും വിലവര്‍ദ്ധനവില്‍ കുടുംബബജറ്റ് നിലനിര്‍ത്തുവാന്‍ നട്ടംതിരിയുന്ന വീട്ടമ്മമാര്‍ പഴമയുടെ അടുക്കളയിലേക്ക് തിരിയുന്നു. അടുക്കളയില്‍ ഇവര്‍ ഉയര്‍ത്തിയിരിക്കുന്നത് കളിമണ്ണില്‍ തീര്‍ത്ത അടുപ്പുകളാണ്. നിര്‍ജ്ജീവാവസ്ഥയിലായ മണ്‍പാത്ര നിര്‍മാണ മേഖലയ്ക്കും പഴമയുടെ അടുക്കള ജീവശ്വാസം നല്‍കിയിരിക്കുകയാണ്. തലയാഴം, ഉദയനാപുരം, ടി.വി പുരം പഞ്ചായത്തുകളിലാണ് ഈ രീതിയിലുള്ള അടുക്കളകള്‍ വീട്ടുമുറ്റങ്ങളില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ടി.വി പുരം പഞ്ചായത്തിലെ ചെമ്മനത്തുകരയിലെ ശിവരാത്രി മഹോത്സവത്തില്‍ പങ്കെടുക്കാനെത്തിയ വിദേശികളായ ചില വിനോദസഞ്ചാരികള്‍ അടുക്കള കണ്ട് അതിശയിച്ചു. ഇതോടെയാണ് ടി.വി പുരത്തുള്ളവര്‍ പഴമയുടെ അടുക്കളയെക്കുറിച്ച് അറിയാന്‍ തുടങ്ങുന്നത്. ഇതിനുശേഷം ഏകദേശം അമ്പതിലധികം വീടുകളുടെ മുറ്റങ്ങളില്‍ ഷീറ്റുകള്‍ കൊണ്ട് വലിച്ചുകെട്ടി അടുക്കളപ്പുരകള്‍ ഉയര്‍ന്നു. കളിമണ്ണില്‍ തീര്‍ത്ത അടുപ്പിന് രണ്ട് കള്ളികളാണുള്ളത്. ഒരെണ്ണത്തില്‍ തീ പുകയുമ്പോള്‍ തൊട്ടടുത്ത അടുപ്പില്‍ ഇരിക്കുന്ന സാധനങ്ങള്‍ അടുപ്പില്‍ പുകയുന്ന തീയുടെ ചൂടില്‍ വേവുന്നു. ഇതിന്റെ ഗുണവശങ്ങള്‍ മനസ്സിലാക്കിയതോടെ ഇപ്പോള്‍ വീടുകളിലെല്ലാം കളിമണ്ണില്‍ തീര്‍ത്ത അടുപ്പുകള്‍ നിറയുകയാണ്. ഇരുന്നൂറ് മുതല്‍ ഇരുന്നൂറ്റിയമ്പത് രൂപ വരെയാണ് ഇതിന്റെ വില. ഗ്യാസും മണ്ണെണ്ണയും ഇനി കിട്ടാതെ വന്നാലും അടുക്കളയില്‍ ഒരു കുഴപ്പവുമുണ്ടാകില്ലെന്ന് ആത്മവിശ്വാസത്തോടെ വീട്ടമ്മമാര്‍ അടിവരയിടുന്നു. മൂന്നുപഞ്ചായത്തുകളില്‍ നിറയുന്ന ഈ അടുക്കളപ്പുരകള്‍ മറ്റു സ്ഥലങ്ങളിലേക്കുകൂടി വ്യാപിക്കപ്പെട്ടാല്‍ സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുന്ന സാധാരണ കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമായിരിക്കും ഇതു നല്‍കുക. കാരണം ഈ അടുപ്പില്‍ സാധനങ്ങള്‍ വേവിച്ചെടുക്കാന്‍ വിറകും കുറച്ചുമതി. അടുപ്പില്‍ വിറകുവെച്ചാല്‍ ഊതിക്കത്തിക്കേണ്ട ആവശ്യവുമില്ല. പഴയ തലമുറകള്‍ കാത്തുസൂക്ഷിച്ചിരുന്ന ഒരു പൈതൃകമൂല്യം പുതുതലമുറയ്ക്ക് നേര്‍ക്കാഴ്ചയാവുകയാണ്.