Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തിളക്കമാര്‍ന്ന നേട്ടവുമായി ചെമ്മനത്തുകരയില്‍ നടത്തുന്ന രാത്രികാല പഠനക്ലാസ്
21/02/2018
ടി.വി പുരം ഗ്രാമപഞ്ചായത്തിലെ ചെമ്മനത്തുകരയില്‍ നടത്തുന്ന രാത്രികാല പഠനക്ലാസ്.

വൈക്കം: എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ടി.വി പുരം ഗ്രാമപഞ്ചായത്തിലെ ചെമ്മനത്തുകരയില്‍ തുടങ്ങിയ രാത്രികാല പഠനക്ലാസ് ഇന്ന് മണ്ഡലമാകെ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. കാരണം പഠനക്ലാസിന് തുടക്കംകുറിച്ചവരെപ്പോലും അതിശയിപ്പിക്കുന്ന രീതിയിലാണ് ക്ലാസിന്റെ പോക്ക്. പഠിക്കുന്നവര്‍ക്കെല്ലാം പരീക്ഷകളില്‍ തിളക്കമാര്‍ന്ന നേട്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ചെമ്മനത്തുകര എസ്.എന്‍.ഡി.പി ശാഖയിലെ ഗുരുദര്‍ശന സത്‌സംഗമാണ് പഠനകളരിക്ക് നേതൃത്വം വഹിക്കുന്നത്. എസ്.എന്‍.ഡി.പിയുടെ കീഴിലാണെങ്കിലും ഇവിടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന എല്ലാ ജാതിമതത്തിലും പെട്ട വിദ്യാര്‍ത്ഥികളുണ്ട്. ഈ വര്‍ഷത്തെ പഠനകളരിയുടെ ഉദ്ഘാടനം നിര്‍വഹിച്ച സി.കെ ആശ എം.എല്‍.എ പോലും ഇവരുടെ പ്രവര്‍ത്തനത്തില്‍ അതിശയം പ്രകടിപ്പിച്ചിരുന്നു. ഇതുപോലുള്ള സംരംഭങ്ങള്‍ വളരുന്ന തലമുറകള്‍ക്ക് വലിയ മുതല്‍ക്കൂട്ടായിരിക്കുമെന്നാണ് ഉദ്ഘാടനവേളയില്‍ എം.എല്‍.എ പറഞ്ഞത്. സ്‌കൂളിലെ പഠനത്തിനുശേഷം ട്യൂഷന്‍ എന്ന വിദ്യാഭ്യാസമാര്‍ഗത്തിന് സാമ്പത്തികം കണ്ടെത്താനാവാതെ വിഷമിക്കുന്ന കുട്ടികളുടെ ബുദ്ധിമുട്ടുകള്‍ കണ്ടാണ് പരിശീലന കളരിക്ക് തുടക്കം കുറിക്കാന്‍ ചെമ്മനത്തുകരയുടെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ നിറഞ്ഞുനില്‍ക്കുന്ന വി.വി കനകാംബരനെ പ്രാപ്തനാക്കുന്നത്. വിഷയം സത്‌സംഗത്തിന്റെ ഭാരവാഹികളായ റെജി ജിഷ്ണുഭവനോടും തന്റെ സഹപ്രവര്‍ത്തകയായ ശോഭനയോടും വിവരിക്കുന്നു. നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗദര്‍ശനമരുളുന്ന പ്രവൃത്തികള്‍ക്ക് ഇവരും പച്ചക്കൊടി വീശി. പിന്നീട് ഇതിന് സ്ഥലം കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയെങ്കിലും റെജി പാലത്തിങ്കല്‍ ഇവരുടെ പഠനകളരിക്ക് തന്റെ വീടിന്റെ മുറ്റം വിട്ടു നല്‍കുകയായിരുന്നു. പിന്നീട് വിദ്യാര്‍ത്ഥികള്‍ക്ക് ഇരിക്കാന്‍വേണ്ട കസേരകളും ഡെസ്‌കും ചെമ്മനത്തുകരയിലെ ടി.ആര്‍ ടാക്‌സി ഹൗസ് ഉടമ രമണന്‍ നല്‍കി. ഇങ്ങനെ വെല്ലുവിളികളെയെല്ലാം അതിജീവിച്ച് തുടങ്ങിയ പഠനകളരി ഇന്ന് ടി.വി പുരം ഗ്രാമപഞ്ചായത്തിനാകെ മാതൃക ആയിരിക്കുകയാണ്. ഇപ്പോള്‍ 82ലധികം കുട്ടികള്‍ ഇവിടെ പരിശീലനം നടത്തുന്നുണ്ട്. കാലങ്ങളായി പരിശീലന കളരിയിലൂടെ മികവാര്‍ന്ന വിജയം നേടിയെടുക്കുന്ന കുട്ടികള്‍ തന്നെയാണ് ഇവിടെ എത്തുന്നവര്‍ക്ക് അക്ഷരാഭ്യാസം പകര്‍ന്നുനല്‍കുന്നത്. ടി.വി പുരം ഗ്രാമപഞ്ചായത്തിന്റെ വിവിധ മേഖലയിലുള്ള വിദ്യാസമ്പന്നരായ ഒരുപറ്റം യുവതീയുവാക്കള്‍ തിരക്കുകള്‍ക്കിടയിലും തങ്ങളുടെ പ്രിയപ്പെട്ട ബാല്യങ്ങള്‍ക്ക് അക്ഷരം പകര്‍ന്നുനല്‍കുവാന്‍ ഓടിയെത്താറുണ്ട്. പഠനകളരിയുടെ വിശേഷം കേട്ടറിഞ്ഞ് മണ്ഡലത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി ആളുകളാണ് ഇത് വീക്ഷിക്കുവാന്‍ എത്തുന്നത്. ഇവരെല്ലാം രാത്രികാല പഠനകളരിയുടെ സവിശേഷതകള്‍ മനസ്സിലാക്കിയാണ് മടങ്ങുന്നത്. വൈക്കം എസ്.ഐ എം.സാഹിലും വിദ്യാര്‍ത്ഥികളുടെ പഠനകളരിയിലെത്തിയപ്പോള്‍ പഠനത്തോടൊപ്പം, മുന്നില്‍ പതിയിരിക്കുന്ന കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളെ തടയിടുവാന്‍ അക്ഷരകളരിയില്‍ പങ്കെടുക്കുന്ന എല്ലാവരെയും പ്രാപ്തരാക്കിയാണ് മടങ്ങിയത്. ഇതുപോലുള്ള പഠനകളരികള്‍ നാടിന് നേര്‍ക്കാഴ്ചയാകുമ്പോള്‍ കണ്ടില്ലെന്ന ഭാവം നടിക്കുന്ന അധികാരക്കൂട്ടങ്ങളുമുണ്ട്. അവരും ഇവരോട് ഒരുമിച്ചാല്‍ വരുംതലമുറകള്‍ക്ക് നല്‍കാന്‍ പോകുന്ന ഒരു വലിയ വിദ്യാസംരംഭമായിരിക്കും പരിശീലനകളരികള്‍.