Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൂങ്കാവിലമ്മയെ പ്രതിഷ്ഠിക്കാന്‍ നവനില തേരൊരുക്കി.
21/02/2018
പൂങ്കാവ് ദേവി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി കരക്കാരുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച നവനില തേരില്‍ ഭഗവതിയെ പ്രതിഷ്ഠിച്ചിരിക്കുന്നു.

വൈക്കം: പൂങ്കാവിലമ്മയെ പ്രതിഷ്ഠിക്കാന്‍ നവനില തേരൊരുക്കി.ഇടയാഴം പൂങ്കാവ് ദേവിക്ഷേത്രത്തിലെ കുംഭ ഭരണി ഉത്സവാഘോഷത്തിലെ പ്രധാന ആചാരമാണ് ഒന്‍പത് നില തേരൊരുക്കി ഭഗവതിയെ പ്രതിഷ്ഠിക്കുന്നത്.എന്‍.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിലുള്ള ക്ഷേത്രത്തില്‍ കരക്കാരുടെ കൂട്ടായ്മയിലാണ് തേരൊരുക്കുന്നത്. കേരളത്തില്‍ മറ്റെങ്ങുമില്ലാത്ത ആചാരനുഷ്ഠാനമാണിത്.തേക്കിന്‍ കഴകള്‍ നിരത്തിയാണ് തേര് നിര്‍മ്മിക്കുന്നത്. ഒന്‍പതാം നിലയില്‍ ശ്രീകോവില്‍ മാതൃകയൊരുക്കി ഭഗവതിയെ പ്രതിഷ്ഠിക്കുന്നതാണ് ചടങ്ങ്. വേമ്പനാട്ട് കായലിന്റെ പടിഞ്ഞാറ് ഭാഗത്ത് വാരനാട്ട് ദേവിയും കിഴക്ക് ഭാഗത്ത് പൂങ്കാവ് ഭഗവതിയും കുടികൊള്ളുന്നു എന്നാണ് വിശ്വാസം. വേമ്പനാട്ട് കായലിന്റെ ഇരുകരകള്‍ക്കും അഭിമുഖമായാണ് ദേവിമാരുടെ പ്രതിഷ്ഠ. കരക്കാര്‍ വഴിപാടായി സമര്‍പ്പിക്കുന്ന നൂറ് കണക്കിന് വാഴക്കുലകള്‍ കെട്ടി നിരത്തി അലങ്കാരങ്ങള്‍ ഒരുക്കിയാണ് തേര് വര്‍ണാഭമാക്കുന്നത്. 30 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിക്കുന്ന തേരിന് വര്‍ണദീപങ്ങളുടെ പ്രഭ ദൃശ്യഭംഗിയാണ്. താലപ്പൊലി, കുറത്തിയാട്ടം, ഗരുഡന്‍ തൂക്കം എന്നിവ ആഘോഷത്തിന്റെ ഭാഗമാണ്. ക്ഷേത്രം മേല്‍ശാന്തി ശ്രീനിവാസന്‍ എമ്പ്രാന്‍ ദേവിയുടെ വിഗ്രഹം തേരില്‍ പ്രതിഷ്ഠിച്ചു. ക്ഷേത്രം പ്രസിഡന്റ് വെച്ചൂര്‍ വേലായുധന്‍ നായര്‍, സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍, മനോജ്കുമാര്‍, നന്ദകുമാര്‍, രാധാകൃഷ്ണന്‍ നായര്‍, വസുന്ധരാജ് എന്നിവര്‍ നേതൃത്വം നല്‍കി. 23ന് രാവിലെ 9ന് ഇടയാഴം സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തില്‍ ആറാട്ട് നടക്കും. കളമെഴുത്തും പാട്ടോടുകൂടിയ ഉത്സവം തുടങ്ങുന്നത് ഇവിടുത്തെ ആചാരമാണ്.