Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടാര്‍ മിക്‌സിങ് യൂണിറ്റിനെതിരെ ജനകീയപ്രതിഷേധം ശക്തമാകുന്നു.
20/02/2018
വെള്ളൂര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ പുതുതായി ആരംഭിച്ച ടാര്‍ മിക്‌സിങ് യൂണിറ്റിനെതിരെ നടന്ന ആക്ഷന്‍ കൗണ്‍സില്‍ യോഗം.

തലയോലപ്പറമ്പ്: വെള്ളൂര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ പുതുതായി ആരംഭിച്ച ടാര്‍ മിക്‌സിങ് യൂണിറ്റിനെതിരെ ജനകീയപ്രതിഷേധം ശക്തമാകുന്നു. വെള്ളൂര്‍-വെട്ടിക്കാട്ട്മുക്ക് റോഡില്‍ പുതിയ റോഡിനുസമീപം ക്വാളിറ്റി ബ്രിക്‌സിന്റെ അനുബന്ധമായി പുതുതായി ആരംഭിച്ച ടാര്‍ മിക്‌സിങ് യൂണിറ്റാണ് ഗൗരവമായ പാരിസ്ഥിതിക പ്രശ്‌നം സൃഷ്ടിക്കുന്നത്. ഏതാനും ദിവസത്തെ പ്രവര്‍ത്തനം കൊണ്ടുതന്നെ ഇത് ഉയര്‍ത്തുന്ന വായു-ശബ്ദ മലിനീകരണം ഭീകരമായ തോതിലാണ് ഉയര്‍ന്നത്. മെറ്റലും ടാറും ഉരുക്കിയെടുത്ത് ടാറിങിനുപയോഗിക്കുന്ന വസ്തുവാണ് ഇവിടെ നിര്‍മിക്കുന്നത്. ഇതുമൂലമുണ്ടാകുന്ന വായു-ശബ്ദ മലീനീകരണം സമീപവാസികള്‍ക്ക് ശ്വാസകോശാര്‍ബുദം, ത്വക്ക് രോഗം ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരുണമാകുന്നുണ്ട്. ഫാക്ടറിയുടെ പ്രവര്‍ത്തനത്തിനുവേണ്ട അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാക്കുന്ന സ്ഥലമോ അതിലെ ഉല്‍പന്നം ഉപയോഗിച്ചുള്ള ഏതെങ്കിലും നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന സ്ഥലമോ അല്ല വെള്ളൂര്‍. മറ്റെവിടെ നിന്നെങ്കിലും അസംസ്‌കൃത വസ്തുക്കള്‍ കൊണ്ടുവന്ന് ഉല്‍പന്നമുണ്ടാക്കി മറ്റുസ്ഥലങ്ങളിലെ റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. പൂര്‍ണതോതില്‍ യൂണിറ്റ് തുടങ്ങുന്നതോടെ അന്തരീക്ഷമലിനീകരണം നാടിനെ നാശത്തിലേക്കു നയിക്കുമെന്ന് പ്രദേശവാസികള്‍ പറയുന്നു. അനധികൃതമായി പാടം നികത്തിയെടുത്ത താഴ്ന്ന പ്രദേശത്താണ് മിക്‌സിങ് യൂണിറ്റ് ആരംഭിച്ചിരിക്കുന്നതെന്ന ആരോപണവും ശക്തമാണ്. ജനങ്ങള്‍ അധിവസിക്കുന്നതാകട്ടെ ഉയര്‍ന്ന പ്രദേശത്തും. അതുകൊണ്ട് തന്നെ പുകക്കുഴല്‍ വെച്ചാലും ജനങ്ങള്‍ക്ക് അനുഭവപ്പെടുന്ന മലിനീകരണത്തിന്റെ തോത് കുറയുകയില്ല. സാധാരണഗതിയില്‍ ഇത്തരം മലിനീകരണം സൃഷ്ടിക്കുന്ന വ്യവസായങ്ങള്‍ തുടങ്ങുമ്പോള്‍ കാറ്റിന്റെ ഗതി, ജനവാസ മേഖല എന്നിവ പരിഗണിച്ച് അതിന്റെ ആഘാതം വിലയിരുത്തിയും മറ്റുമാണ് അനുവാദം നല്‍കാറുള്ളത്. എന്നാല്‍ ഇവിടെ ഇത്തരം നിയമങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്ന് സമീപവാസികള്‍ കുറ്റപ്പെടുത്തുന്നു. പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ കൊടുത്ത സ്ഥാപനം ബന്ധപ്പെട്ട അധികാരികളില്‍ സ്വാധീനം ചെലുത്തിയാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്ന ആരോപണവുമുണ്ട്. ഇതിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം ആരംഭിക്കാന്‍ പ്രദേശവാസികള്‍ ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.