Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാര്‍ഷികമേഖലയുടെ പുരോഗതിക്കുവേണ്ടി പണികഴിപ്പിക്കുന്ന ഓരുമുട്ടുകള്‍ വഴിപാടാകുന്നു.
21/01/2016
തോട്ടുവക്കത്ത് ഓരുവെള്ളം കയറാതിരിക്കാന്‍ സ്ഥാപിക്കുന്ന മുട്ടിന്റെ നിര്‍മാണജോലികള്‍

കാര്‍ഷികമേഖലയുടെ പുരോഗതിക്കുവേണ്ടി പണികഴിപ്പിക്കുന്ന ഓരുമുട്ടുകള്‍ വഴിപാടാകുന്നു. ലക്ഷങ്ങള്‍ മുടക്കി നിര്‍മിക്കുന്ന മുട്ടുകളുടെ നിര്‍മാണത്തില്‍ വന്‍അഴിമതിയാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് വര്‍ഷങ്ങളായി ആക്ഷേപമുണ്ടെങ്കിലും ഇതൊന്നും കണ്ടില്ലെന്ന ഭാവമാണ് അധികാരികള്‍ക്ക്. മുട്ടുനിര്‍മാണത്തിലൂടെ കരാറുകാര്‍ വന്‍തുകയാണ് ലഭിക്കുന്നത്. ഇവിടെയെല്ലാം ഉദ്യോഗസ്ഥര്‍ കുടപിടിക്കുന്നു. ഓരുവെള്ള ഭീഷണിമൂലം പഞ്ചായത്തുകള്‍ വലിയ പ്രതിസന്ധിയെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. പ്രശ്‌ന പരിഹാരത്തിനു മുന്‍കൂട്ടി നിര്‍മ്മിക്കേണ്ടിയിരുന്ന ഇടമുട്ടുകളുടെ നിര്‍മ്മാണം ഇഴയുന്നത് പ്രശ്‌നത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു. വെച്ചൂര്‍, തലയാഴം, ഉദയനാപുരം, മറവന്‍തുരുത്ത്, തലയോലപ്പറമ്പ് പഞ്ചായത്തുകളിലാണ് ഓരുവെള്ളം കയറിത്തുടങ്ങിയിരിക്കുന്നത്. വേമ്പനാട്ടു കായലില്‍ നിന്നും ഉപ്പുവെള്ളം മൂവാററുപുഴയാറിലേക്ക് കയറുകയും പിന്നീട് നാട്ടുതോടുകളിലേക്കു വ്യാപിക്കുകയും ചെയ്യുന്നു. തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ സമയബന്ധിതമായി താഴ്ത്തിയെങ്കിലും ഇടമുട്ടുകള്‍ സ്ഥാപിക്കാന്‍ വൈകിയതുമൂലം ഓരുവെള്ളം വെച്ചൂര്‍, തലയാഴം പഞ്ചായത്തുകളിലേക്ക് തള്ളിക്കയറി. വെച്ചൂര്‍, തലയാഴം പഞ്ചായത്തുകളില്‍ ഇതുവരെയായി ഇടമുട്ടുകളുടെ നിര്‍മാണം പോലും ആരംഭിച്ചിട്ടില്ല. കാലങ്ങളായി മുട്ടുകുള്‍ സ്ഥാപിക്കാറുണ്ടെങ്കിലും ഇതെല്ലാം ഇടക്കുവെച്ച് നിലംപതിക്കുന്നത് പതിവാണ്. നിര്‍മ്മാണ ജോലികളില്‍ നടന്ന ഉത്തരവാദിത്വമില്ലായ്മയും അഴിമതിയുമാണ് മുട്ടുകള്‍ ഇടക്കു തകരാനുള്ള കാരണമെന്ന് കര്‍ഷകര്‍ പറയുന്നു. വെച്ചൂര്‍, തലയാഴം പഞ്ചായത്തുകളില്‍ മുന്‍ വര്‍ഷം ഓരുവെള്ളം കാര്‍ഷിക മേഖലയുടെ നട്ടെല്ലൊടിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഇത്തവണ പകുതിയിലധികം പാടശേഖരങ്ങളില്‍ പുഞ്ചക്കൃഷി നടന്നിരുന്നില്ല. കൃഷിയിറക്കിയ പാടശേഖരങ്ങള്‍ ഇപ്പോള്‍ ഓരുവെള്ള ഭീഷണിയിലാണ്. കൂടാതെ ഏക്കര്‍ കണക്കിനു പാടശേഖരങ്ങളില്‍ നടത്തിയ കപ്പ, വാഴ, പച്ചക്കറി കൃഷികള്‍ ഓരുവെള്ളം മൂലം കരിയാന്‍ തുടങ്ങിയിട്ടുണ്ട്. ജാതി കര്‍ഷകരും ദുരിതമനുഭവിക്കുകയാണ്. ഓരുവെള്ളം പരമ്പരാഗത മത്സ്യ മേഖലയ്ക്കും തിരിച്ചടിയുണ്ടാക്കും. പുഴയിലെ മത്സ്യസമ്പത്ത് പൂര്‍ണമായി നശിക്കാനുള്ള കാരണമാകും. കഴിഞ്ഞ വര്‍ഷം നാട്ടുതോടുകളില്‍ വരാല്‍, കരിമീന്‍, കാരി, പരല്‍ മത്സ്യങ്ങള്‍ ഗണ്യമായി ചത്തുപൊങ്ങിയിരുന്നു. ഇതു മൂലം ആറു മാസത്തിലധികം മത്സ്യത്തൊഴിലാളികള്‍ക്ക് പണി നഷ്ടപ്പെട്ടിരുന്നു. തലയാഴം പഞ്ചായത്തിലും ഓരുവെള്ളം കര്‍ഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. പാടശേഖരങ്ങളോടു ചേര്‍ന്നു നില്‍ക്കുന്ന തെങ്ങിന്‍ തോപ്പുകള്‍ക്കും ഓരുവെള്ളം ഭീഷണി ഉയര്‍ത്തുകയാണ്. തെങ്ങിലെ വെള്ളയ്ക്ക കൂട്ടത്തോടെ ഇപ്പോള്‍ കൊഴിഞ്ഞു വീഴുകയാണ്. നാളികേര മേഖലയ്ക്ക് ഉണര്‍വുണ്ടായപ്പോള്‍ അപ്രതീക്ഷിതമായി എത്തിയ ഓരുവെള്ളം കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. ഉദയനാപുരം പഞ്ചായത്തിലെ ആയിരക്കണക്കിന് കര്‍ഷകര്‍ ഓരുവെള്ള ഭീഷണി നേരിടുകയാണ്. മൂവാററുപുഴയാറിലൂടെ ഓരു കയറി വരുന്നത് ഉദയനാപുരം പഞ്ചായത്തിലെ കിഴക്കന്‍ മേഖലയായ വൈക്കപ്രയാര്‍, തേനാമിറ്റം, ഇരുമ്പൂഴിക്കര, പടിഞ്ഞാറേക്കര, വല്ലകം പ്രദേശങ്ങളിലെ നെല്ല്, ഏത്തവാഴ, ജാതി, പച്ചക്കറി കര്‍ഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഉപ്പുകയറി ഈ പ്രദേശത്തുള്ള ആയിരക്കണക്കിന് ഏത്തവാഴകളും പച്ചക്കറിക്കൃഷി തോട്ടങ്ങളും, ജാതി മരങ്ങളും നശിച്ചപ്പോള്‍ കര്‍ഷകര്‍ പഞ്ചായത്ത്, ഇറിഗേഷന്‍ എന്നിവരുമായി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ബന്ധപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ വരും വര്‍ഷം മുതല്‍ പ്രധാന സ്ഥലങ്ങളില്‍ ഓരുമുട്ട് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ചെയ്യും എന്നതിന് ഉറപ്പുകൊടുത്തതാണ്. എന്നാല്‍ ഇപ്പോള്‍ ഓര് എത്തിയതോടെ കര്‍ഷകര്‍ വലഞ്ഞപ്പോള്‍ അറിയാന്‍ കഴിഞ്ഞത് പഞ്ചായത്തോ, ഇറിഗേഷനോ ഓരുമുട്ട് സ്ഥാപിക്കുവാനുള്ള പദ്ധതികള്‍ ഇത്തവണയും ഇല്ല. കര്‍ഷകര്‍ക്ക് കൊടുത്ത ഉറപ്പ് ജലരേഖ മാത്രമായി മാറി. ഓരുവെള്ള ഭീഷണിയെക്കുറിച്ച് മുന്‍കൂട്ടി അറിയാവുന്ന ഇറിഗേഷന്‍ വകുപ്പും പഞ്ചായത്തും ദീര്‍ഘവീക്ഷണത്തോടെ പ്രശ്‌നത്തെ സമീപിക്കാതിരുന്നതാണ് ഇതു കൂടുതല്‍ വഷളാകാന്‍ കാരണം. വര്‍ഷംതോറും തോട്ടുവക്കത്ത് ഓരുമുട്ടുകള്‍ സ്ഥാപിച്ച് ലക്ഷങ്ങള്‍ പാഴാക്കുന്ന അധികാരികള്‍ തോട്ടുവക്കം പാലം പുനര്‍നിര്‍മിച്ചപ്പോള്‍ പാലത്തില്‍ ഷട്ടറുകള്‍ സ്ഥാപിക്കണമെന്ന ജനകീയ ആവശ്യത്തെ ബോധപൂര്‍വ്വം വിസ്മരിച്ചു. കര്‍ഷകരുടെ ആവശ്യത്തോട് അധികാരികള്‍ ഗൗരവപൂര്‍വമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നെങ്കില്‍ സര്‍ക്കാരിന് വര്‍ഷംതോറും മുട്ടുകള്‍ നിര്‍മിച്ച് ലക്ഷങ്ങള്‍ പാഴാക്കുന്നത് ഒഴിവാക്കുവാന്‍ സാധിക്കുമായിരുന്നു. ടി.വി പുരം, തലയാഴം പഞ്ചായത്തുകളിലെ ഓരുവെള്ള ഭീഷണി ഒഴിവാക്കാന്‍ നിര്‍മിച്ച കരിയാര്‍ സ്പില്‍വേയുടെ ഷട്ടറുകളും ഇപ്പോള്‍ ഉപയോഗശൂന്യമായി കിടക്കുകയാണ്. പഞ്ചായത്ത് ഭരണസമിതിപോലും ഈ വിഷയത്തില്‍ ഇടപെട്ടിട്ടും അധികാരികള്‍ അനങ്ങാപ്പാറനയം സ്വീകരിച്ചിരിക്കുകയാണ്.