Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗവണ്‍മെന്റ് വാക്കുപാലിക്കുക പട്ടികവര്‍ഗ്ഗ ജനതയോട് നീതി കാട്ടുക
21/01/2016

നദികളും കായലുകളും തോടുകളും കൊണ്ട് ജലസമൃദ്ധമായിരുന്ന കേരളത്തില്‍ പ്രാചീന കാലം മുതല്‍ ജലഗതാഗതമായിരുന്നു സഞ്ചാരമാര്‍ഗ്ഗം. ചരക്ക് കയററിയിറക്കും ജലമാര്‍ഗ്ഗമായിരുന്നു. വള്ളം നിര്‍മ്മാണമായിരുന്നു തീരദേശ പട്ടികവര്‍ഗ്ഗ ജനതയുടെ തൊഴില്‍. വികസിത സമൂഹം ആധുനികതയിലേക്ക് നടന്ന് കയറിയപ്പോള്‍ മറെറല്ലാ മേഖലകളിലുമുണ്ടായ പരിവര്‍ത്തനം പോലെ ചെലവ് കുറഞ്ഞ ജലഗതാഗതത്തിന്റെ സ്ഥാനം വേഗതയേറിയ റോഡ് ഗതാഗതം കയ്യേറി. തത്ഫലമായി വള്ളം നിര്‍മ്മാണമെന്ന പരമ്പരാഗതമായ തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന പട്ടികവര്‍ഗ്ഗ ജനത തൊഴില്‍ രഹിതരായി. കായലും തോടുകളും, പായലും പോളയും വളര്‍ന്ന് മാലിന്യകേന്ദ്രങ്ങളായി. ഇന്ന് പട്ടികവര്‍ഗ്ഗ ജനത ഒരു സമര മുഖത്താണ്. ഒരു ജനതയുടെ നിലനില്പ്പിന് ആധാരമായ അടിസ്ഥാന ആവശ്യങ്ങള്‍ നേടി എടുക്കുന്നതിനാണ് ഈ അനിശ്ചിതകാല സഹനസമരം. സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ മേഖലയില്‍ ഏററവും പിന്നോക്കം നില്‍ക്കുന്നവരാണ് പട്ടികവര്‍ഗ്ഗ ജനത. ഇവരുടെ ഉദ്യോഗ പങ്കാളിത്തം പോലും നാമമാത്രം. ഭൂപരിഷ്‌ക്കരണത്തിന്റെ ഗുണഫലങ്ങളില്‍ നിന്നും ഒഴിവാക്കപ്പെട്ട ഈ പാര്‍ശ്വവല്കൃത സമൂഹത്തിന്റെയും അടിയന്തിരാവശ്യം ഭൂലഭ്യത തന്നെ. എന്നാല്‍ മാറിമാറി കേരളത്തില്‍ അധികാരത്തിലേറുന്ന പാര്‍ട്ടികളും മുന്നണികളും ഇവര്‍ക്ക് ഭൂമി നല്‍കുന്നതില്‍ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്. പട്ടികവര്‍ഗ്ഗ ഫണ്ട് ഉപയോഗിച്ച് ഒരു കുടുംബത്തിന് 10 ലക്ഷം രൂപയ്ക്ക് 25 സെന്റ് മുതല്‍ ഒരു ഏക്കര്‍ വരെ ഭൂമി വാങ്ങി നല്‍കുന്നതിനുള്ള കേന്ദ്ര ഗവണ്‍മെന്റ് പദ്ധതിപോലും കേരളത്തില്‍ കാര്യക്ഷമമായി നടപ്പാക്കുന്നില്ല. 2015 നാലാം മാസത്തില്‍ കേരള സംസ്ഥാന പട്ടികവര്‍ഗ്ഗ മഹാസഭയുടെ നേതൃത്വത്തില്‍ വൈക്കം താലൂക്ക് ഓഫീസിന് മുന്നില്‍ നടത്തിയ സമരത്തിന്റെ ഫലമായി കോട്ടയം ജില്ലാ കളക്ടര്‍ ചര്‍ച്ചയ്ക്ക് തയ്യാറാവുകയും തുടര്‍ന്ന് അഞ്ചാം മാസത്തില്‍ കളക്ടറുടെയും എം.എല്‍.എ കെ.അജിത്തിന്റെയും സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഭൂരഹിതരായ പട്ടികവിഭാഗത്തിന് ഭൂമി വാങ്ങി നല്‍കുന്നതിനും ഒഴിവനുസരിച്ച് താല്ക്കാലിക ജോലി നല്‍കുന്നതിനും തീരുമാനമായെങ്കിലും ഏഴ് മാസമായി ഒരു തുടര്‍നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തില്‍ 2016 ജനുവരി 11 മുതല്‍ വൈക്കം താലൂക്ക് ഓഫീസിന് മുന്നില്‍ കേരള സംസ്ഥാന പട്ടികവര്‍ഗ്ഗ മഹാസഭയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന അനിശ്ചിതകാല നിലനില്പ് സമരത്തില്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രി ഇടപെട്ട് പരിഹരിക്കണമെന്ന് സമരപന്തലില്‍ വച്ച് കൂടിയ മഹാസഭ വൈക്കം താലൂക്ക് കമ്മററി ആവശ്യപ്പെട്ടു. യോഗത്തില്‍ മഹാസഭ താലൂക്ക് ചെയര്‍പേഴ്‌സണ്‍ കെ.ആര്‍.അംബി അദ്ധ്യക്ഷത വഹിച്ചു. മഹാസഭ ജില്ലാ കമ്മററിയംഗം ആററുചാലില്‍ കുഞ്ഞുകുട്ടന്‍ ഉദ്ഘാടനം ചെയ്തു. സമരസമിതി കണ്‍വീനര്‍ പി.കെ.വേണു സ്വാഗതം പറഞ്ഞു. സമരസഹായ സമിതി കണ്‍വീനര്‍ കെ.ഗുപ്തന്‍, സി.വി.ഹരിദാസ്, ദിലീപ്, കല്ലൂര്‍കാട് ശിവന്‍ എന്നിവര്‍ സംസാരിച്ചു.