ഫണ്ട് സമാഹരണത്തിന് തുടക്കമായി
14/02/2018
തലയോലപ്പറമ്പ്: ജനപങ്കാളിത്തത്തോടെ തലയോലപ്പറമ്പ് ഗവണ്മെന്റ് ആശുപത്രിയില്‍ ആരംഭിക്കുന്ന സൗജന്യ ഡയാലിസിസ് സെന്റര്‍ നിര്‍മ്മാണത്തിനുള്ള ഫണ്ട് സമാഹരണത്തിന് തുടക്കമായി. താന്ത്രിക കുലപതി ബ്രഹ്മശ്രീ മനയത്താറ്റില്ലത്ത് ചന്ദ്രശേഖരന് നമ്പൂതിരി, വൈക്കം ഫൊറോനാ പള്ളി വികാരി ഫാ. പോള്‍ ചിറ്റിനപ്പള്ളി, തലയോലപ്പറമ്പ് മുസ്ലീം പള്ളി ഇമാം അബ്ദുള്‍ റഹിം മുസ്ലിയാര്, ഓട്ടോറിക്ഷാ തൊഴിലാളികള്‍ എന്നിവരില്‍ നിന്ന് ജോസ് കെ മാണി എം.പി ആദ്യ ഫണ്ട് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മാ രാജു അദ്ധ്യക്ഷത വഹിച്ചു. പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ മുഖ്യപ്രഭാഷണം നടത്തി. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ വരുന്ന ഏഴ് പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി നന്മ ഡയാലിസിസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ഡയാലിസിസ് സെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നത്. രണ്ടു കോടി രൂപ ചെലവു വരുന്ന പദ്ധതി ആറ് മാസത്തിനുള്ളില്‍ പൊതുജനങ്ങളില്‍ നിന്നും ഫണ്ട് സമാഹരിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സക്കറിയാസ് കുതിരവേലി, പഞ്ചായത്ത് പ്രസിഡന്റുമാരായ വി.ജി മോഹനന്, പി.വി സുനില്‍, ജമീല പ്രദീപ്, സുജാത സുമോന്, ലൈലാ ജമാല്‍, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം സുധര്‍മ്മന്‍, എം.വി മനോജ് മാളിയേക്കല്‍, പി.കെ ഉത്തമന്, സി.ബി പ്രമോദ്, സി.എന്‍ സന്തോഷ്, വി.ടി ജയിംസ്, ഡോ. സി.എം കുസുമന്‍, രാജു കാലായില്‍, അനി ചെള്ളാങ്കല്‍, ബഷീര്‍ പുത്തന്‍പുര എന്നിവര്‍ പ്രസംഗിച്ചു.