Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാറ്റ് കുറഞ്ഞ ജീവിതവുമായി വൈക്കത്തെ പരമ്പരാഗത സ്വര്‍ണ തൊഴിലാളികള്‍
13/02/2018

വൈക്കം: സ്വര്‍ണം കരവിരുതിലൂടെ വിവിധ മോഡലുകളാക്കുന്ന വൈക്കത്തെ പരമ്പരാഗത തൊഴിലാളികള്‍ക്ക് എന്നും പറയുവാനുള്ളത് കഷ്ടപ്പാടിന്റെ കഥകളാണ്. ഇവിടെ ഏറ്റവുമധികം സ്വര്‍ണം ഉരുപ്പടിയാക്കുന്ന പണികളിലേര്‍പ്പെട്ടിരിക്കുന്നത് ചെമ്പ് പഞ്ചായത്തിലെ ബ്രഹ്മമംഗലം മേഖലയിലുള്ളവരാണ്. വൈക്കം, തലയോലപ്പറമ്പ് മേഖലകളിലും തൊഴിലാളികള്‍ ഏറെയുണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ പ്രമുഖ സ്വര്‍ണാഭരണ കേന്ദ്രങ്ങളിലേക്കും ഇവിടെ നിന്നും കമനീയമായ ആഭരണങ്ങള്‍ പോകുന്നുണ്ട്. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ആഭരണങ്ങളുടെ നിര്‍മാണ രീതികള്‍ മാറിയപ്പോഴും വില വര്‍ദ്ധിച്ചപ്പോഴും ഇതിന്റെ പിന്നിലെ യാഥാര്‍ത്ഥ ശക്തികളായ നിര്‍മാണ തൊഴിലാളികള്‍ക്ക് എന്നും കണ്ണീര്‍ മാത്രമാണു ലഭിച്ചിരിക്കുന്നത്. ചെമ്പ് പഞ്ചായത്തിലെ ബ്രഹ്മമംഗലം, ചാലുങ്കല്‍, കതിരക്കോട് മേഖലകളിലെ 300ലധികം കുടുംബങ്ങളാണ് സ്വര്‍ണാഭരണ നിര്‍മാണത്തിലൂടെ ജീവിതം പുലര്‍ത്തുന്നത്. നൂറ്റാണ്ടിന്റെ പെരുമയുണ്ട് സ്വര്‍ണാഭരണ നിര്‍മാണത്തിന്. പുതുതലമുറയിലെ വളരെ കുറച്ചുപേര്‍ മാത്രമേ ഈ പരമ്പരാഗത തൊഴിലിലേക്ക് കടന്നുവരുന്നുള്ളു. ആദ്യകാലത്ത് തട്ടാന്‍ സമുദായത്തിന്റെ പരമ്പരാഗത തൊഴിലായിരുന്ന ആഭരണ നിര്‍മാണരംഗത്ത് ഇന്ന് വിവിധ സമുദായത്തില്‍പ്പെട്ടവര്‍ കടന്നുവന്നിട്ടുണ്ട്. സ്വര്‍ണഗ്രാമമെന്ന് പേരുള്ള ബ്രഹ്മമംഗലത്തെ ആഭരണ തൊഴിലാളികള്‍ക്ക് ഇതിന്റെ യഥാര്‍ത്ഥ രീതിയിലുള്ള ഗുണവശങ്ങള്‍ ഇന്നുവരെ ലഭ്യമായിട്ടില്ല. മുതലാളിമാര്‍ എത്തിച്ചുനല്‍കുന്ന സ്വര്‍ണക്കട്ടികള്‍ കലവിരുതില്‍ പണിതു കമനീയ ആഭരണങ്ങളാക്കി മാറ്റുന്നവരെ പലപ്പോഴും തഴയുന്നതാണ് ഇവരുടെ അവസ്ഥയ്ക്ക് പുരോഗതിയുണ്ടാകാത്തതിന്റെ യഥാര്‍ത്ഥ കാരണം. തൃശൂര്‍, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലുള്ളവരും ബ്രഹ്മമംഗലത്ത് താമസമാക്കി ആഭരണ നിര്‍മാണം നടത്തുന്നുണ്ട്. പത്തിലധികം ആഭരണ നിര്‍മാണ കേന്ദ്രങ്ങള്‍ ഇവിടെയുണ്ട്. മാല നിര്‍മാണമാണ് ഇവിടെ കൂടുതലായി നടക്കുന്നത്. രാജ്യ പ്രശസ്തമായ മുത്താര, ജന്റില്‍മാന്‍, സിലോ, കമലദളം, മുതല്‍വന്‍, സച്ചിന്‍ ചെയിന്‍, ബോംബെ ചെയിന്‍, ഘടികാര ചെയിന്‍, ചെത്തുചെയിന്‍ എന്നീ മാലകളുടെയെല്ലാം നിര്‍മാണ ആസ്ഥാനം ഇവിടെയാണ്. വള, കമ്മലുകള്‍ എന്നിവയെല്ലാം ഇവിടെ ഉണ്ടാക്കുന്നുണ്ട്. സ്വര്‍ണ കട്ടികള്‍ മനോഹര ആഭരണങ്ങളാക്കി വിപണിയിലെത്തിക്കുമ്പോള്‍ ഇതു വാങ്ങി അണിയുന്നവര്‍ പോലും ഇതിന്റെ ശില്‍പികളെ ഓര്‍ക്കാറില്ല. മറ്റെല്ലാ മേഖലകളിലും തൊഴിലാളി യൂണിയനുകള്‍ ഉണ്ടായപ്പോള്‍ ഈ മേഖലയില്‍ മാത്രം അത് എത്തിയിട്ടില്ല. ഇതുകൊണ്ട് ഗുണവും ദോഷവും ഉണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ നാളെയെങ്കിലും തങ്ങളുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമുണ്ടാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഈ തൊഴിലാളി കുടുംബങ്ങള്‍.