Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഴിമതി ആരോപണങ്ങളില്‍ വട്ടംകറങ്ങി വെള്ളൂര്‍ സര്‍വീസ് സഹകരണബാങ്ക്.
10/02/2018

തലയോലപ്പറമ്പ്: അഴിമതി ആരോപണങ്ങളില്‍ വട്ടംകറങ്ങി വെള്ളൂര്‍ സര്‍വീസ് സഹകരണബാങ്ക്. പ്രശ്‌നങ്ങള്‍ അതിരുവിട്ടപ്പോള്‍ സി.പി.എം ഏരിയാ കമ്മിറ്റി ശക്തമായ ഇടപെടലുകളാണ് ഇപ്പോള്‍ നടത്തി പോരുന്നതെന്നാണ് അണിയറ സംസാരം. ഇതിന്റെ ആദ്യപടി എന്ന നിലയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഭരണസമിതിയുടെ പ്രത്യേകയോഗം നിലവിലെ സെക്രട്ടറിയെ പുറത്താക്കി.എന്നാല്‍ സെക്രട്ടറി അവധിയില്‍ പോയതെന്ന് ഇദ്ദേഹത്തെ അനുകൂലിക്കുന്ന ഒരു വിഭാഗം പറയുന്നു. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ബാങ്കില്‍ നടന്നുകൊണ്ടിരുന്ന കൃത്രിമങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പുതിയ ഭരണസമിതിയുടെ പ്രസിഡന്റാണ് ആദ്യമായി തിരിമറി കണ്ടെത്തുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് ആരോ സഹകരണ വകുപ്പിന് പരാതി നല്‍കി. ഇതേ തുടര്‍ന്ന് സഹകരണ വകുപ്പിലെ റൂള്‍ 65 പ്രകാരം ഇപ്പോള്‍ ബാങ്കില്‍ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. വൈക്കം സ്വദേശിയായ ഒരാള്‍ 200 പവനോളം മുക്കുപണ്ടം പണയം വെച്ച് ബാങ്കില്‍ നിന്ന് പണം വായ്പ എടുത്തതെല്ലാം കണ്ടെത്തിയതായാണ് അറിയുന്നത്. ബാങ്കില്‍ ഏകദേശം ഒന്‍പത് കോടിയിലധികം രൂപയുടെ തിരിമറി നടന്നിട്ടുണ്ടെന്നാണ് അറിയാന്‍ സാധിക്കുന്നത്. ഒരുകാലത്ത് ജില്ലയിലെ ഏറ്റവും വരുമാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സഹകരണ ബാങ്കിലാണ് ഇപ്പോള്‍ അഴിമതി ആരോപണങ്ങള്‍ വട്ടമിട്ടു പറക്കുന്നത്. ഇത് ബാങ്കിന്റെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കുന്ന അവസ്ഥയിലാണ്. ഇപ്പോള്‍ പതിനഞ്ച് ലക്ഷത്തിലധികം രൂപ നഷ്ടത്തിലാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. എന്നും സി.പി.എമ്മിനൊപ്പം നിന്ന ഈ ബാങ്കിനെ ആരാണ് ഈ രീതിയില്‍ എത്തിച്ചതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും ചോദിക്കുന്നു. ഇതുതന്നെയാണ് നേതൃത്വത്തെയും വെട്ടിലാക്കുന്നത്. ആരോപണങ്ങള്‍ ബാങ്കിനെ തളര്‍ത്തുന്നുണ്ടെങ്കിലും സി.പി.എം നേതൃത്വം ഇടപെട്ടാല്‍ കാര്യങ്ങള്‍ നേര്‍വഴിയിലെത്തും. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ ആരൊക്കെ കുടുങ്ങും എന്നത് കാത്തിരുന്നൂ കാണേണ്ട കാഴ്ചയാണ്. ബാങ്കിനെ കുഴപ്പത്തിലാക്കിയവരോടെല്ലാം തന്നെ ശക്തമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ അണികളും നേതൃത്വവും തമ്മില്‍ അഭിപ്രായഭിന്നതകള്‍ക്ക് കളമൊരുക്കിയേക്കും.