Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വഴിവിളക്കും ഫുട്പാത്തുമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കവുമായി ഇത്തിപ്പുഴ പാലം
09/02/2018
വൈക്കം-എറണാകുളം റോഡിലെ ഇത്തിപ്പുഴ പാലം.

വൈക്കം: എറണാകുളം-വൈക്കം റോഡിലെ പ്രധാന പാലങ്ങളിലൊന്നായ ഇത്തിപ്പുഴ പാലത്തില്‍ വഴിവിളക്കും ഫുട്പാത്തുമില്ലാത്തത് കാല്‍നട യാത്രക്കാരെയും, ഇരുചക്രവാഹനങ്ങളെയും വലയ്ക്കുന്നു. വീതികുറഞ്ഞ പാലത്തില്‍ വാഹനങ്ങളുടെ അനിയന്ത്രിത പ്രവാഹമാണ്. കാല്‍നട യാത്രക്കാര്‍ ജീവന്‍ പണയംവച്ചാണ് പാലത്തിലൂടെ കടന്നുപോകുന്നത്. ദിവസേന കാല്‍നട യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. വീതികുറഞ്ഞ പാലത്തിലൂടെ വാട്ടര്‍ അതോറിട്ടിയുടെ പൈപ്പുലൈനുകള്‍ കടന്നുപോകുന്നത് പ്രശ്‌നത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു. നൂറുകണക്കിന് വിദ്യാര്‍ഥികളാണ് രാവിലെയും വൈകുന്നേരവും പാലത്തിലൂടെ സഞ്ചരിക്കുന്നത്. ഇവരുടെ യാത്രയും ഏറെ ദുരിതം നിറഞ്ഞതാണ്. പാലത്തില്‍ ഫുട്പാത്ത് സ്ഥാപിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇതു സംബന്ധിച്ച് മറവന്‍തുരുത്ത്, ഉദയനാപുരം പഞ്ചായത്തുകള്‍ സംയുക്തമായും അല്ലാതെയും പൊതുമരാമത്തു വകുപ്പിന് നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പാലത്തില്‍ വഴിവിളക്കില്ലാത്തതും മറ്റൊരു പ്രധാന പ്രശ്‌നമാണ്. ഇരുള്‍വീണാല്‍ പാലം ഇരുട്ടിലാണ്. ഇത് കാല്‍നടയാത്രക്കാരെ ഏറെ ദുരിതത്തിലാക്കുന്നു. രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധര്‍ക്കും മദ്യപര്‍ക്കും സഹായകമാകുന്നുണ്ട്. വഴിവിളക്കുകള്‍ തെളിയാത്തതിനെക്കുറിച്ച് വൈദ്യുതിവകുപ്പിന് ഒന്നുമറിയില്ലെന്ന ഭാവമാണ്. പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള ഗ്രാമീണ റോഡുകളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്കും വഴിവിളക്കില്ലാത്തത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. പാലത്തില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ ഉദയനാപുരം, മറവന്‍തുരുത്ത് പഞ്ചായത്തുകള്‍ ഫണ്ട് അനുവദിക്കാന്‍ തയാറാണെങ്കിലും വൈദ്യുതി വകുപ്പ് ഇതിനുവേണ്ട ഒരുറപ്പും നല്‍കാത്തതാണ് പ്രശ്‌നപരിഹാരം വൈകുന്നത്.