Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൈക്കിള്‍ ടയറിനിടയില്‍ കുരുങ്ങി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ കുഞ്ഞിന് ചികിത്സ നിക്ഷേധിച്ചതായി പരാതി.
07/02/2018

വൈക്കം: സൈക്കിള്‍ ടയറിനിടയില്‍ കുരുങ്ങി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ കുഞ്ഞിന് ചികിത്സ നിക്ഷേധിച്ചതായി പരാതി. തോട്ടകം സിനി ഭവനില്‍ ജയനാഥന്റെ മകള്‍ അനുശ്രീ(നാലര വയസ്സ്)യ്ക്കാണ് ചികിത്സ നിഷേധിക്കപ്പെട്ടത്. സൈക്കിള്‍ ടയറിനിടയില്‍ കാല്‍ കുടുങ്ങി ചോര വാര്‍ന്ന നിലയില്‍ തിങ്കളാഴ്ച രാവിലെ 9.30നാണ് അനുശ്രീയെ താലൂക്ക് ആശുപത്രിയില്‍ കൊണ്ടുവന്നത്. ഒ.പി ടിക്കറ്റ് എടുത്ത് ഡോക്ടറെ കാണിച്ചപ്പോള്‍ അസ്ഥിക്കു പൊട്ടല്‍ ഉണ്ടോ എന്ന സംശയത്തിന്റെ പേരില്‍ എക്‌സറെ എടുക്കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അസ്ഥിരോഗ വിദഗ്ധനെ കാണുന്നതിനും ഒ.പി ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. അസ്ഥിരോഗ വിദഗ്ധനെ കണ്ടപ്പോള്‍ ഒ.പി ഡോക്ടര്‍ നിര്‍ദ്ദേശിച്ച് എടുത്ത എക്‌സറെ പരിശോധിക്കാനാവില്ല എന്നായിരുന്നു ഓര്‍ത്തോ ഡോക്ടറുടെ നിലപാട്. ടോക്കണ്‍ ക്രമം വിട്ട് പരിശോധിക്കാനാവില്ലെന്നും ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ ടോക്കണ്‍ എടുത്ത് നിന്ന മറ്റു രോഗികള്‍ കുഞ്ഞിന്റെ കാലില്‍ ചോര ഒലിക്കുന്നതുകണ്ട് അനുമതി നല്‍കിയെങ്കിലും ഡോക്ടര്‍ സമ്മതിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് അനുശ്രീയുമായി മാതാപിതാക്കള്‍ ഉച്ചക്ക് 1.45 വരെ കാത്തിരുന്നു. രാവിലത്തെ ടോക്കണ്‍ തീര്‍ന്നതിനാല്‍ ഉച്ചയോടെ വീണ്ടും പരിശോധിക്കാനെത്തിയ ഡോക്ടര്‍ രാവിലത്തെ ഒ.പി ടിക്കറ്റിലെ രോഗിയെ ചികിത്സിക്കില്ല എന്ന ധിക്കാരപരമായ നിലപാടാണ് സ്വീകരിച്ചത്. ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് കുഞ്ഞിനെ സ്വകാര്യ ആശുപത്രിയില്‍ കാണിക്കുവാന്‍ തീരുമാനിച്ച മാതാപിതാക്കള്‍ക്ക് ഡോക്ടര്‍ ആദ്യം എടുത്ത എക്‌സ് റേയും ഒ.പി ടിക്കറ്റും തിരിച്ചു നല്‍കാതെ നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചത്. ഇതു സംബന്ധിച്ച് കുട്ടിയുടെ മാതാവ് സിനി ആരോഗ്യമന്ത്രി, ജില്ലാ കളക്ടര്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍, ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്ക് പരാതി നല്‍കി. പരാതിക്ക് അനുകൂലമായ നടപടികള്‍ സ്വീകരിക്കാത്തപക്ഷം ഡോക്ടര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. ദിനംപ്രതി ആയിരക്കണക്കിന് രോഗികളെത്തുന്ന ആശുപത്രിയില്‍ ചികിത്സാരംഗത്തെ പോരായ്മകളെക്കുറിച്ച് ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു പിഞ്ചുകുഞ്ഞിനോടു കാണിച്ച ക്രൂരത വലിയ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.