Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എഴുത്തുകളെ ഓര്‍മയാക്കി പോസ്റ്റ് ഓഫീസുകള്‍ നിലനില്‍പ്പിനായി കേഴുന്നു.
05/02/2018

വൈക്കം: എഴുത്തുകളെ ഓര്‍മയാക്കി പോസ്റ്റ് ഓഫീസുകള്‍ നിലനില്‍പ്പിനായി കേഴുന്നു. സെല്‍ ഫോണുകളുടേയും സ്വകാര്യ കൊറിയര്‍ ഏജന്‍സികളുടേയും കടന്നുകയറ്റമാണ് തപാല്‍ ഓഫീസുകള്‍ക്ക് തിരിച്ചടിയായത്. വൈക്കത്തിന്റെ ഗ്രാമപ്രദേശങ്ങളില്‍ ഇന്നും പോാസ്റ്റ് ഓഫീസുകള്‍ ഉണ്ടെങ്കിലും പേരിനു മാത്രമായാണ് പലതും പ്രവര്‍ത്തിക്കുന്നത്. ഇതില്‍ വെള്ളൂര്‍, തലയോലപ്പറമ്പ്, വൈക്കം, ടി.വി.പുരം, വല്ലകം പ്രദേശത്തെ തപാല്‍ ഓഫീസുകള്‍ പ്രതിസന്ധികളെ അതിജീവിച്ച് വലിയ കുഴപ്പമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്. എഴുത്തുകളുടെ കാലം അസ്തമിച്ചതാണ് പ്രധാന വെല്ലുവിളി. പ്രതാപകാലത്ത് ഒരു തപാല്‍ ഓഫീസില്‍ നിന്ന് ശരാശരി നൂറിലധികം എഴുത്തുകള്‍ പോയിരുന്നു. എന്നാല്‍ ഇന്ന് ഒരു എഴുത്തു പോലും തപാല്‍പ്പെട്ടിയില്‍ വീഴാറില്ല. ലൈസന്‍സ്, പാസ്‌പോര്‍ട്ട്, ബാങ്ക് അറിയിപ്പുകള്‍, രജിസ്റ്റേര്‍ഡ് കത്തുകള്‍ എന്നിവയാണ് തപാല്‍ ഓഫീസുകളെ പിടിച്ചുനിര്‍ത്തുന്നത്. കൊറിയര്‍ ഏജന്‍സികളുടെ തള്ളിക്കയറ്റം മൂലം സ്വകാര്യ സ്ഥാപനങ്ങളെല്ലാം പോസ്റ്റ് ഓഫീസിനെ ഒഴിവാക്കിത്തുടങ്ങി. പോസ്റ്റ് ഓഫീസുകള്‍ വഴിയുള്ള ഇടപെടലുകള്‍ കാലതാമസമുണ്ടാക്കുന്നു എന്ന ധാരണ ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചതും തിരിച്ചടിയായി. ക്ഷേമപെന്‍ഷനുകള്‍ ബാങ്കുവഴിയാക്കിയതും തപാല്‍ ഓഫീസുകള്‍ക്ക് വെല്ലുവിളിയായി മാറി. മൊബൈലുകളുടെ കടന്നുകയറ്റത്തോടെ യുവജനങ്ങള്‍ തപാല്‍ ഓഫീസുകളെ പാടേ ഉപേക്ഷിച്ചു. മൊബൈല്‍ യുഗത്തിനു മുന്‍പ് അവര്‍ പരസ്പരം എല്ലാവിധ സന്ദേശങ്ങളും കൈമാറിയിരുന്നത് എഴുത്തുകളിലൂടെയായിരുന്നു. ഈ കാലത്ത് എഴുത്തുകളുമായി വരുന്ന ജീവനക്കാര്‍ നാടിന്റെ അഭിവാജ്യമായിരുന്നു. അന്നൊക്കെ രണ്ട് ബാഗുകളിലാണ് സന്ദേശങ്ങളുമായി ഇവര്‍ നാട്ടിന്‍പുറങ്ങളില്‍ എത്തിയിരുന്നത്. എന്നാല്‍ ചില ദിവസങ്ങളില്‍ ഒരു അറിയിപ്പു പോലും ഇല്ലാതെ ജീവനക്കാര്‍ നാടുചുറ്റേണ്ട അവസ്ഥയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ തപാല്‍ ഓഫീസുകളെ സജീവമാക്കിയിരുന്ന പോസ്റ്റ് കാര്‍ഡ്, ഇലന്റ്, സ്റ്റാമ്പ്, യു.സി.പി (ഏറ്റവും ചെലവ് കുറഞ്ഞ രീതിയില്‍ തപാലുകള്‍ എത്തിക്കാനുള്ള മാര്‍ഗം) ഇതെല്ലാം മണ്‍മറഞ്ഞു. ഇതില്‍ സ്റ്റാമ്പ് പേരിനുമാത്രമായി വില്‍ക്കുന്നുണ്ട്.