Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നെല്ല് സംഭരിച്ചിട്ടും പണം ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍
03/02/2018

വൈക്കം: തലയാഴം വനം സൗത്ത് പാടശേഖരത്തിലെ കര്‍ഷകരുടെ നെല്ല് സംഭരിച്ചിട്ട് മൂന്ന് മാസം കഴിഞ്ഞുവെങ്കിലും കര്‍ഷകര്‍ക്ക് ഇതുവരെ പണം ലഭിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. മൂന്നു മാസങ്ങള്‍ക്കു മുന്‍പാണ് ഓയില്‍ പാം ഇന്ത്യയുടെ മോഡേണ്‍ റൈസ് മില്ല് കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിച്ചത്. ഉടന്‍ പണം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്ന കര്‍ഷകര്‍ക്ക് നാളിതുവരെയായി പണം ലഭിച്ചിട്ടില്ല. നെല്‍കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഈ പ്രദേശത്തെ കര്‍ഷകര്‍ ബാങ്ക് വായ്പ എടുത്തും സ്വര്‍ണം പണയപ്പെടുത്തിയും പലിശയ്ക്ക് പണം വാങ്ങിയുമാണ് കൃഷി നടത്തിക്കൊണ്ടിരുന്നത്. നെല്ലിന്റെ തുക കിട്ടാതായതോടെ കടം വാങ്ങിയ പണവും പലിശയും തിരിച്ചു നല്‍കാനാകാതെ ഇവരുടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. പണം ഉടന്‍ ലഭിക്കുമെന്ന അധികാരികളുടെ വാക്കും പാഴ്‌വാക്കായി മാറി. കര്‍ഷകരുടെ ക്ഷേമം ഉറപ്പുവരുത്തുവാന്‍ ആരംഭിച്ച മോഡേണ്‍ റൈസ് മില്ലിന്റെ പ്രവര്‍ത്തനം കര്‍ഷകര്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ ഇതുവരെ എത്തിയിട്ടില്ല. ഇതിനെതിരെ പാടശേഖരസമിതികളും രാഷ്ട്രീയ പാര്‍ട്ടികളുമെല്ലാം സമരത്തിലാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ സല്‍പ്പേരിനു കളങ്കം ചാര്‍ത്തുന്ന തരത്തിലുള്ള നിലപാടുകള്‍ ഒഴിവാക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥ അവസാനിപ്പിച്ച് കര്‍ഷകര്‍ക്ക് പണം ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സി.പി.ഐ പള്ളിയാട് ബ്രാഞ്ച് ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കര്‍ഷകരെ അണിനിരത്തി പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കാന്‍ യോഗം തീരുമാനിച്ചു