Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്ത് പി.കൃഷ്ണപിള്ള സ്മാരക ഗവണ്‍മെന്റ് കോളേജിന് പ്രാരംഭനടപടികള്‍ തുടങ്ങി
01/02/2018
സഖാവ് പി.ക്യഷ്ണപിള്ളയുടെ നാമധേയത്തില്‍ കോളേജ് ആരംഭിക്കുന്നതിന്റെ ഭാഗമായി വൈക്കം വെസ്റ്റ് ഹയര്‍ സെക്കണ്ടറി (മടിയത്തറ) സ്‌കൂളില്‍ വിദ്യാഭാസ വകുപ്പ് അധിക്യതരും ജനപ്രതിനിധികളും സാധ്യത പഠനം നടത്താനെത്തിയപ്പോള്‍.

വൈക്കം: സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവുമായിരുന്ന സഖാവ് പി.ക്യഷ്ണപിള്ളയുടെ നാമധേയത്തില്‍ വൈക്കത്ത് സര്‍ക്കാര്‍ കോളേജ് ആരംഭിക്കുന്നു. ഇതിനു മുന്നോടിയായി പ്രാഥമിക വിവരങ്ങള്‍ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാനായി ഇന്നലെ രാവിലെ കോളേജ് വിദ്യാഭാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘം പി.കൃഷ്ണപിള്ള പ്രാഥമിക വിദ്യാഭാസം നടത്തിയ മടിയത്തറ ഗവണ്‍മെന്റ് സ്‌കൂളിലെത്തി. സ്‌കൂളിലെ കെട്ടിടങ്ങളും കോളേജ് ആരംഭിക്കാനാവശ്യമായ സ്ഥലങ്ങളും നേരിട്ടു കണ്ടാണ് സംഘം മടങ്ങിയത്. 117 വര്‍ഷത്തെ പഴക്കമുള്ള വൈക്കം വെസ്റ്റ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി (മടിയത്തറ) സ്‌കൂള്‍ ഏറ്റെടുത്താണ് സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ആരംഭിക്കുന്നത്. ഇതിനടുത്തു തന്നെയാണ് സഖാവ് കൃഷ്ണപിള്ള ജനിച്ചുവളര്‍ന്ന വീടും സ്ഥിതിചെയ്യുന്നത്. സഖാവിന്റെ ജന്മനാടായ വൈക്കത്ത് അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി കോളേജ് ആരംഭിക്കണമെന്ന് ഒന്നര വര്‍ഷം മുമ്പ് നഗരസഭ കൗണ്‍സില്‍ യോഗം പ്രമേയം പാസ്സാക്കി സര്‍ക്കാരിന് നല്‍കിയിരുന്നു. സി.കെ ആശ എം.എല്‍.എയും ഈ ആവശ്യം സര്‍ക്കാരില്‍ ഉന്നയിച്ചിരുന്നു. ഇന്നലെ കോളേജ് വിദ്യാഭാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ ഉദ്യോഗസ്ഥരായ പി.സി കുര്യന്‍, വി.അബു, രാജീവ്കുമാര്‍, രാജേന്ദ്രകുമാര്‍, വി.വി അനീഷ്‌കുമാര്‍ എന്നിവരാണ് സാധ്യതാപഠനം നടത്താനായെത്തിയത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ് ഇന്ദിരാദേവി, വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മല ഗോപി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.സുഗതന്‍, അഡ്വ. കെ.കെ രഞ്ജിത്ത്, കൗണ്‍സിലര്‍മാരായ എന്‍.അനില്‍ബിശ്വാസ്, ഡി.രഞ്ജിത്കുമാര്‍, പി.ശശിധരന്‍, ബിജു കണ്ണേഴത്ത്, എ.സി മണിയമ്മ, സൗദാമിനി, സല്‍ബി ശിവദാസ്, അഡ്വ. അംബരീഷ് ജി.വാസു എന്നിവരും ഉദ്യോഗസ്ഥരോടൊപ്പം ഉണ്ടായിരുന്നു. കോളേജ് ആരംഭിക്കുന്നതിന് മുന്നോടിയായി അടുത്ത ദിവസം തന്നെ സ്‌പോണ്‍സറിംഗ് കമ്മറ്റി രൂപീകരിക്കുമെന്ന് അധിക്യതര്‍ അറിയിച്ചു.