Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദൃശ്യചാരുത പകര്‍ന്ന അനുഭൂതി നല്‍കി വൈക്കം-തലയോലപ്പറമ്പ് റോഡ്
30/01/2018
വൈക്കം-തലയോലപ്പറമ്പ് റോഡില്‍ പ്രവര്‍ത്തിക്കുന്ന അലങ്കാര നഴ്‌സറികളിലൊന്ന്.

വൈക്കം: വര്‍ഷങ്ങള്‍ക്ക് മുന്‍പ് തകര്‍ന്നു തരിപ്പണമായി കിടന്ന വൈക്കം-തലയോലപ്പറമ്പ് റോഡ് ഇന്ന് കടന്നുപോകുന്ന സഞ്ചാരികള്‍ക്കെല്ലാം ദൃശ്യചാരുത പകര്‍ന്ന അനുഭൂതിയാണ് നല്‍കുന്നത്. കാരണം ഒരുകാലത്ത് റോഡ് കുണ്ടും കുഴിയുമായി തകര്‍ന്നു കിടന്നപ്പോള്‍ നാടിനു നല്‍കിയ വേദന അത്രയ്ക്ക് വലുതായിരുന്നു. എന്നാല്‍ ഇന്ന് നാടിനുമാത്രമല്ല, ഇതുവഴി കടന്നുപോകുന്ന വിദേശികള്‍ ഉള്‍പ്പെടെയുള്ള സഞ്ചാരികള്‍ക്ക് മനംനിറക്കുന്ന കാഴ്ചകളാണ് നല്‍കുന്നത്. വൈക്കത്തുനിന്ന് റോഡ് ആരംഭിക്കുന്ന വല്ലകം മുതല്‍ പൊട്ടന്‍ചിറ വരെയുള്ള ഭാഗങ്ങളിലാണ് കരകൗശല വസ്തുക്കളുടെയും പൂക്കളുടെയും മണ്‍ചട്ടികളുടെയും പച്ചക്കറികളുടെയുമെല്ലാം നഴ്‌സറികളും വിപണനകേന്ദ്രങ്ങളുമെല്ലാം നിറഞ്ഞിരിക്കുന്നത്. അതുപോലെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മുന്‍കയ്യെടുത്ത് ആരംഭിച്ച വഴിയോര വിശ്രമകേന്ദ്രവും ആയുര്‍വേദ ആശുപത്രിയുമെല്ലാം റോഡിന്റെ സവിശേഷതകളാണ്. വിപണനത്തിലെ താളപ്പിഴവുകള്‍ മൂലം പ്രതിസന്ധിയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന വൈക്കത്തെ മണ്‍പാത്ര നിര്‍മാണമേഖലയ്ക്ക് റോഡ് നല്‍കുന്ന കച്ചവടം വളരെ വലുതാണ്. ആധുനിക രീതിയില്‍ അലുമിനിയം, സ്റ്റീല്‍ എന്നിവയില്‍ കമ്പനികള്‍ എത്തിക്കുന്ന പുട്ടുകുറ്റികള്‍ മുതല്‍ ഒരുപിടി പാത്രങ്ങളാണ് മണ്‍പാത്ര മേഖലയിലും ഒരുക്കിയിരിക്കുന്നത്. കാലത്തിന്റെതായ മാറ്റം മണ്‍പാത്ര മേഖലയിലും വന്നത് പരമ്പരാഗത മേഖലയ്ക്ക് വലിയ ഉണര്‍വാണ് ഉണ്ടാക്കിയിരിക്കുന്നത്. ജില്ലയില്‍ മണ്‍പാത്ര മേഖലയില്‍ ഏറ്റവുമധികം ആളുകള്‍ ഇന്നും സജീവമായി നില്‍ക്കുന്നത് വൈക്കത്താണ്. വൈക്കപ്രയാറും തോട്ടകവുമെല്ലാമാണ് ഇവരുടെ ശക്തികേന്ദ്രങ്ങള്‍. അതുപോലെ തന്നെയാണ് പച്ചക്കറികളുടെയും പൂച്ചെടികളുടെയുമെല്ലാം നഴ്‌സറികള്‍ക്ക് റോഡ് നല്‍കിയിരിക്കുന്ന ഉണര്‍വ്. ആരംഭത്തില്‍ രണ്ട് നഴ്‌സറികളാണ് ഉണ്ടായിരുന്നത്. എന്നാല്‍ വഴിയോരങ്ങളിലെ നഴ്‌സറികളില്‍ എത്തുന്നവരുടെ തിരക്ക് ഏറിയതോടെ ഇന്ന് ഇതിന്റെ എണ്ണം വര്‍ദ്ധിച്ചു. ഇപ്പോള്‍ ഏകദേശം ആറിലധികം നഴ്‌സറികളാണ് റോഡിന് മനോഹരമായ കാഴ്ചകള്‍ നല്‍കി വില്‍പനയില്‍ ചാകര കൊയ്തുകൊണ്ടിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ മൂവാറ്റുപുഴയാറിന്റെ തീരത്തോടു ചേര്‍ന്ന് തുടങ്ങിയ പുഴയോരം വിശ്രമകേന്ദ്രം ടൂറിസം കൗണ്‍സിലിനെപോലും അതിശയിപ്പിച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് തുടങ്ങുന്ന സഞ്ചാരികളുടെ തിരക്ക് സന്ധ്യ മയങ്ങുമ്പോള്‍ ഇരട്ടിയാകുന്നു. വരും നാളുകളില്‍ പുഴയുടെ സൗന്ദര്യത്തെ അടിസ്ഥാനമാക്കി നിരവധി വിശ്രമകേന്ദ്രങ്ങള്‍ ഉണര്‍ന്നേക്കാം. തുറുവേലിക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലും ഇപ്പോള്‍ തിരക്ക് ഏറിക്കൊണ്ടിരിക്കുകയാണ്. റോഡിലൂടെ കടന്നുപോകുന്ന വിദേശികളായ വിനോദ സഞ്ചാരികള്‍പോലും ആശുപത്രിയിലേക്ക് കയറാറുണ്ട്. ഇതെല്ലാം വൈക്കത്തിന് ശുഭസൂചനകളാണ് നല്‍കുന്നത്. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഉണര്‍വ് ജനകീയ പങ്കാളിത്ത ടൂറിസം പദ്ധതിയായ പെപ്പര്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ മറ്റ് പരമ്പരാഗത മേഖലകളിലേക്കും കൂടി എത്തിക്കാന്‍ അധികാരികള്‍ക്ക് കഴിഞ്ഞാല്‍ പഴമയുടെ പെരുമയില്‍ ഇന്നും നിലകൊള്ളുന്ന തഴപ്പായ, കയര്‍ എന്നിവക്കെല്ലാം നല്ല പ്രതീക്ഷകള്‍ ഉണ്ടാക്കുവാന്‍ സാധിക്കും.